പശ്ചിമേഷ്യയില്‍ യുദ്ധ ഭീതിയും നയതന്ത്ര നീക്കങ്ങളും: എണ്ണ വില കുതിക്കുന്നു, തകര്‍ന്ന് ഓഹരി വിപണികള്‍; ഇന്ത്യയ്ക്കും പ്രഹരം

പശ്ചിമേഷ്യയില്‍ യുദ്ധ ഭീതിയും നയതന്ത്ര നീക്കങ്ങളും: എണ്ണ വില കുതിക്കുന്നു, തകര്‍ന്ന് ഓഹരി വിപണികള്‍; ഇന്ത്യയ്ക്കും പ്രഹരം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ മേഖലയെ ആശങ്കയുടെ നിഴലിലാക്കി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയെങ്കിലും മേഖലയില്‍ ഇപ്പോഴും അനിശ്ചിതത്വം പുകയുകയാണ്. യു.എസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയതായും ഏത് രീതിയിലായാലും യു.എസ് തന്നെ യുദ്ധത്തില്‍ വിജയം വരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിന്റെ നേതൃത്വത്തില്‍ ഊര്‍ജിത സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ നിര്‍ദേശങ്ങള്‍ യു.എസ് തള്ളിയതും സാമ്പത്തിക ഉപരോധം ശക്തമാക്കിയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഉപരോധം അവസാനിപ്പിക്കാനും മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടാനും ഇറാന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ യു.എസ് നിരസിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആക്രമണമാണ് യു.എസ് ലക്ഷ്യമിടുന്നതെങ്കില്‍ സമ്പൂര്‍ണ യുദ്ധത്തിന് സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഹോര്‍മുസിന് സമീപം രണ്ട് കപ്പലുകള്‍ പിടിച്ചെടുത്ത ഇറാന്‍ സൈന്യം 50 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള യു.എസ് നീക്കം ശക്തമായതോടെ റിയാല്‍ നിലംപരിശായി. ഒപ്പം പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു.

കൂടാതെ പശ്ചിമേഷ്യന്‍ അശാന്തിയെ തുടര്‍ന്ന് ആഗോള ഊര്‍ജ മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 106.8 ഡോളറായും ഡബ്ല്യുടിഐ ക്രൂഡ് വില 93.55 ഡോളറായും ഉയര്‍ന്നു. എണ്ണ വില വര്‍ധനയെ തുടര്‍ന്ന് യു.എസില്‍ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുകയും അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന ഭീതി പടരുകയും ചെയ്തു. ഇത് ആഗോള ഓഹരി വിപണികള്‍ക്കും സ്വര്‍ണത്തിനും വലിയ തിരിച്ചടിയായി. യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ് 2007 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 5.23 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നതോടെ പ്രമുഖ യു.എസ്, ഏഷ്യന്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

യു.എസ് ബോണ്ട് യീല്‍ഡിലെ കുതിപ്പും ക്രൂഡോയില്‍ വില വര്‍ധനയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തും വന്‍ ആഘാതമാണ് സൃഷ്ടിച്ചത്. വിദേശ നിക്ഷേപകര്‍ ഒറ്റ ദിവസം കൊണ്ട് 5000 കോടിയിലധികം രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇതോടെ സെന്‍സെക്‌സ് 1,124 പോയിന്റും നിഫ്റ്റി 360 പോയിന്റും തകര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 96 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്ക കൂട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.