വിലക്കുകള്‍ വേണ്ട; കുഞ്ഞിനൊപ്പം അവളിലെ അമ്മയ്ക്കും ജീവന്‍ പകരാം !

വിലക്കുകള്‍ വേണ്ട; കുഞ്ഞിനൊപ്പം അവളിലെ അമ്മയ്ക്കും ജീവന്‍ പകരാം !

മാതൃത്വം ഏറെ മഹത്തരമാണ്, അത്ര തന്നെ സങ്കീര്‍ണവുമാണ്. ഗര്‍ഭകാലവും പ്രസവ ശേഷമുള്ള ജീവിതവുമെല്ലാം ഏറെ ആഘോഷിയ്ക്കപ്പെടുമ്പോഴും കുഞ്ഞു പിറന്ന ശേഷം സ്ത്രീകള്‍ അനുഭവിയ്ക്കുന്ന നിശബ്ദമായ വിഭ്രാന്തികളെയും, മാനസീക സംഘര്‍ഷങ്ങളേയും ആരും ശ്രദ്ധിക്കാറുപോലും ഇല്ല. പൂമ്പാറ്റയെപ്പോലെ പറന്നു നടന്നവള്‍ പെട്ടെന്നൊരുന്നാള്‍ കുറെ അരുതുകള്‍ക്ക് നടുവില്‍ അകപ്പെടുന്നു. എല്ലാത്തിനും വിലക്ക്. ഭക്ഷണത്തിന്, ഇരുപ്പിന്, നടപ്പിന് സംസാരത്തിന് എന്തിനേറെ അവളുടെ ഇഷ്ടങ്ങള്‍ക്കു പോലും. പഴയതലമുറയ്ക്ക് ഈ അരുതുകള്‍ ഒരുപക്ഷെ ഗുണം ചെയ്തിരിക്കാം. പത്തും പന്ത്രണ്ടും അംഗങ്ങളുള്ള കുടുംബത്തില്‍ വിശ്രമത്തിന് പറ്റിയ അവസരം. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഒന്നും രണ്ടും ഒക്കെയായി ഓമനിച്ച് വളര്‍ത്തിയിട്ട് അങ്ങോട്ട് തിരിയരുത് ഇങ്ങോട്ട് തിരിയരുത് എന്ന് വിലക്കി മൂലയ്ക്ക് മാറ്റി ഇരുത്തുമ്പോള്‍ പൊരുത്തപ്പെടാനാവാതെ അവള്‍ വയറ്റില്‍ പിറവിയെടുക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിനെപ്പോലും ശപിക്കുന്ന നിമിഷങ്ങള്‍.



പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ (പി.പി.ഡി). പ്രസവശേഷം മിക്ക അമ്മമാര്‍ക്കും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന 'ബേബി ബ്ലൂസ്' അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചില അമ്മമാര്‍ കൂടുതല്‍ കഠിനവും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായ വിഷാദം അനുഭവിക്കുന്നു. അത്ഭുതപ്പെടുത്തുന്നത് ഇത്രകാലമായിട്ടും ഈ അവസ്ഥയെക്കുറിച്ച് സമൂഹത്തില്‍ വേണ്ടത്ര ധാരണയില്ല എന്നതാണ്. വിദ്യാസമ്പന്നരായവര്‍ക്ക് പോലും ഇത്തരം വിഷയങ്ങളില്‍ പ്രാഥമികമായ അറിവുകള്‍ പോലും ഇല്ല. അതുകൊണ്ട് തന്നെ അമ്മമാരായ ചില സ്ത്രീകളില്‍ ഈ അവസ്ഥ പരിധി വിടുകയും അപകടകരമായ പല സംഭവങ്ങള്‍ക്കും വഴി വെയ്ക്കുകയും ചെയ്യും.



മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്നു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കൈക്കുഞ്ഞിങ്ങളെ അമ്മമാര്‍ ഉപദ്രവിക്കുന്നതും മരണത്തിലേയ്ക്ക് തള്ളി വിടുന്നതുമെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗര്‍ഭിണികളിലും അമ്മമാരിലും കണ്ടുവരുന്ന അസ്വാഭാവിക മാനസികാവസ്ഥയെ മറികടക്കാന്‍ കൂടെയുള്ളവര്‍ മാനസിക പിന്‍ബലം നല്‍കി ഒപ്പം നില്‍ക്കണം.



മാതൃത്വം ഒരു സ്ത്രീയുടെ ജീവിതത്തിലെ പുതിയൊരു ഘട്ടമാണ്. പ്രസവ ശേഷമുള്ള മൂന്നോ നാലോ ദിവസത്തിനിടെ പലരിലും ഈ പ്രശ്‌നം ആരംഭിയ്ക്കും. ചിലരില്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കുകയും മറ്റ് ചിലരില്‍ ആഴ്ചകളോളം ഈ അവസ്ഥ തുടരുകയും ചെയ്യും. ബേബി ബ്ലൂ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഒറ്റപ്പെട്ടതുപോലെ തോന്നും, ഉറക്കം നഷ്ടപ്പെടുകയും സന്തോഷവും സങ്കടവും ഇടകലര്‍ന്നു വരുന്ന തരത്തില്‍ മാനസികാവസ്ഥ മാറുകയും ചെയ്യും. എല്ലാ അമ്മമാരിലും ഈ പ്രശ്‌നങ്ങള്‍ കാണുന്നില്ലെങ്കിലും 10 ശതമാനം പേരില്‍ ഈ അവസ്ഥ അതി രൂക്ഷമാകാറുണ്ട്. ഒരേ സമയം കുഞ്ഞിന് ജന്മം നല്‍കിയതില്‍ സന്തോഷം തോന്നുകയും എന്നാല്‍ അടുത്ത നിമിഷം അകാരണമായ സങ്കടം അനുഭവപ്പെടുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷണം. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ കാണുമ്പോള്‍ സന്തോഷവും വിഷമവുമൊക്കെ തോന്നുമെങ്കിലും, എന്നാല്‍ കുഞ്ഞ് ഉണര്‍ന്നു കഴിഞ്ഞാല്‍ അകാരണമായ ദേഷ്യവും ഉണ്ടാവാറുണ്ട്.



പ്രസവാനന്തര വിഷാദം സ്വഭാവത്തിലോ മാനസികാവസ്ഥയിലോ ഉള്ള വൈകല്യമല്ല. മിക്കപ്പോഴും ഇത് പ്രസവത്തിന്റെ ഒരു സങ്കീര്‍ണത മാത്രമാണ്. പ്രസവം സ്ത്രീയിലുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസികമായി അവരെ ബാധിക്കുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് ഗര്‍ഭാവസ്ഥയില്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുകയും പ്രസവത്തിനുശേഷം അവ പെട്ടെന്ന് കുറയുന്നതുമാണ് വിഷാദത്തിനു കാരണം. പി.പി.ഡി ഉള്ള അമ്മമാര്‍ക്ക് ക്ഷീണവും നിരാശയും കുറ്റബോധവും അമിതമായ ഉത്കണ്ഠയും ഉണ്ടാകാറുണ്ട്.



കൂടാതെ ഉറക്കക്കുറവും ഓര്‍മ്മക്കുറവും വിശപ്പില്ലായ്മയും കാരണമില്ലാതെ കരയുന്നതുമായ അവസ്ഥയുമുണ്ടാകാം. വിഷാദമുള്ളവര്‍ക്ക് കുഞ്ഞിനെ സ്‌നേഹിക്കാനോ ശ്രദ്ധിക്കാനോ കഴിയാതെവരാം. ഈ അവസ്ഥ അമ്മമാരിലുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുകയും, കൃത്യമായ ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും വിഷാദ രോഗത്തില്‍ നിന്നും മുക്തി നേടാവുന്നതുമാണ്.









വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.