ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്ളൈ ദുബായ് വിമാനം അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കി.
വിമാനത്തില്‍ നിന്ന് അപകട സൂചന ലഭിച്ചതിനു പിന്നാലെ ഫ്ളൈറ്റ് ട്രാക്കിങ് സൈറ്റുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ വിമാനം ഹൈജാക്ക് ചെയ്തതായുള്ള ആശങ്ക വ്യോമയാന മേഖലയില്‍ പരിഭ്രാന്തി പരത്തി.
34,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളില്‍ 16,600 അടിയിലേക്ക് പതിക്കുകയും ചെയ്തതോടെ ആശങ്ക ഇരട്ടിയായി. അതിനിടെ വിമാനത്തിലെ ട്രാന്‍സ്‌പോണ്ടര്‍ ഹൈജാക്കിങിനെ സൂചിപ്പിക്കുന്ന '7500' എന്ന ജനറല്‍ എമര്‍ജന്‍സി കോഡ് പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
വിമാനം ആദ്യം അന്താരാഷ്ട്ര അടിയന്തര കോഡായ '7700' സിഗ്‌നല്‍ നല്‍കിയിരുന്നു. പിന്നാലെയാണ് '7500' എന്ന കോഡ് നല്‍കിയത്. അനധികൃത ഇടപെടലോ ഹൈജാക്കിങോ അടക്കമുളള സാഹചര്യം സൂചിപ്പിക്കുന്ന കോഡാണിത്.
ഇതോടെ ഇസ്രയേല്‍ വ്യോമ സേനയുടെ യുദ്ധ വിമാനങ്ങള്‍ വിമാനത്തിന് നേരെ പുറപ്പെടുകയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും അടിയന്തര കൂടിയാലോചനകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അടിയന്തര സന്ദേശം നല്‍കപ്പെട്ടതെന്നും അല്ലാതെ ഹൈജാക്കിങ് അല്ലെന്നും പിന്നീട് കണ്ടെത്തി. പിന്നാലെ വിമാനം സൗദി അറേബ്യയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ എയല്‍ സാമിര്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യോമസേനാ മേധാവി മേജര്‍ ജനറല്‍ ഒമര്‍ ടിഷ്ലര്‍, ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ ഇറ്റ്‌സിക് കോഹന്‍, ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ ഷ്‌ലോമി ബിന്‍ഡര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.