ഫ്‌ളൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതിയെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ്; ഒഴിവായത് വന്‍ ദുരന്തം

ഫ്‌ളൈ ദുബായില്‍ നടന്നത് 9/11 മോഡല്‍ ആക്രമണ പദ്ധതിയെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ്; ഒഴിവായത് വന്‍ ദുരന്തം

ടെല്‍ അവീവിലെത്തിയ ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാര്‍, വസ്ത്രത്തില്‍ രക്തം പുരണ്ടയാളാണ് യാനിവ് ഹയുന്‍.

ടെല്‍ അവീവ്: ദുബായ്-ടെല്‍ അവീവ് ഫ്ളൈ ദുബായ് വിമാനത്തില്‍ അരങ്ങേറിയത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയായിരുന്നുവെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍. മറ്റൊരു 9/11 ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.

ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനം നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ കോ പൈലറ്റായ ഒമാന്‍ സ്വദേശി ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിച്ചാണ് വിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയത്.

കുത്തേറ്റ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറും വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഇസ്രയേല്‍ പൗരന്മാരുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ആറ് മണിക്കൂര്‍ സൗദി അറേബ്യയിലെ തബൂക്കില്‍ തങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ ടെല്‍ അവീവിലെത്തിയ യാത്രക്കാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

166 ഇസ്രയേല്‍ പൗരന്മാരും മറ്റു രാജ്യക്കാരായ എട്ട് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ബെന്‍ ഗുര്യോണ്‍ വിമാനത്താവളത്തില്‍ വൈദ്യസഹായം നല്‍കിയതായും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെല്‍ അവീവിലേക്ക് ഇവരെ എത്തിക്കുന്നതിനായി ഫ്ളൈ ദുബായ് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ പല യാത്രക്കാരും ഈ വിമാനത്തില്‍ കയറാന്‍ തുടക്കത്തില്‍ സമ്മതിച്ചില്ല. ഇതോടെ ഇസ്രയേല്‍ തങ്ങളുടെ വിമാനം അയക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൗദി ഇതിന് അനുമതി നല്‍കിയില്ലെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ അപ്രൂവല്‍ ലഭിച്ച ശേഷമാണ് ഫ്ളൈ ദുബായ് വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ തയ്യാറായത്.

തലയിലും കൈകളിലും കുത്തേറ്റ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റതായി യാത്രക്കാര്‍ പറഞ്ഞു. കോക്ക്പിറ്റിന് പുറത്ത് ചോരയില്‍ കുളിച്ച് കിടക്കുന്ന മച്ചാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

സഹ പൈലറ്റിന്റെ ആക്രമണത്തിനിടയിലാണ് വിമാനം പറക്കുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് ഏകദേശം 17,000 അടി വരെ താഴേക്ക് പതിച്ചത്. ഇസ്രായേലി യാത്രക്കാരുടെ ഒരു സംഘം കോക്ക്പിറ്റിലേക്ക് അതിക്രമിച്ചു കയറുകയും ആക്രമണം നടത്തിയ പൈലറ്റിനെ കീഴ്‌പ്പെടുത്തി വിമാനം നിയന്ത്രണത്തിലാക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കുത്തേറ്റ് രക്തത്തില്‍ കുളിച്ച് ക്യാപ്റ്റന്‍ സ്മിത്ത് പ്രാണ വേദനയില്‍ കോക്ക്പിറ്റ് വാതില്‍ തുറന്നതോടെയാണ് യാത്രക്കാര്‍ സംഭവം അറിഞ്ഞതെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ഡോറോണ്‍ സ്പീല്‍മാന്‍ പറഞ്ഞു.

ആ നിമിഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയ ചില യാത്രക്കാര്‍ മുന്നിലേക്ക് കുതിക്കുകയും പൈലറ്റിന്റെ ക്യാബിനില്‍ പ്രവേശിക്കുകയും ചെയ്തു. പരിക്കേറ്റ പൈലറ്റ് നിലത്ത് കിടക്കുന്നത് അവര്‍ കണ്ടു, ആക്രമണകാരിയായ സഹ പൈലറ്റ് കണ്‍ട്രോള്‍ പാനലിന് മുകളില്‍ നില്‍ക്കുകയും കണ്‍ട്രോള്‍ പാനല്‍ അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്മിത്ത് മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ദന്തഡോക്ടറായ ഡോ. ഷോത മുസായേവ് പ്രാഥമിക ചികിത്സ നല്‍കി. 'നിലവിളി കേട്ട ഉടന്‍ തന്നെ, പത്തു സെക്കന്റിനുള്ളില്‍ ഞാന്‍ അങ്ങോട്ടേക്ക് ഓടി'-ടെല്‍ അവീവിലെത്തിയ ശേഷം മുസായേവ് 'ദ ടൈംസ് ഓഫ് ഇസ്രായേലി'നോട് പറഞ്ഞു.

പൈലറ്റിന്റെ നില അതീവ ഗുരുതരമായിരുന്നു. തലയില്‍ നിന്നടക്കം ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടര്‍ താനായിരുന്നു, ഒടുവില്‍ രക്തസ്രാവം നിയന്ത്രിക്കാനും അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം സ്ഥിരപ്പെടുത്താനും തനിക്ക് സാധിച്ചുവെന്നും ഷോത മുസായേവ് പറഞ്ഞു.

വളരെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളായിരുന്നു. എങ്കിലും വിമാനത്തിലുണ്ടായിരുന്ന ധീരരായ ചില ആളുകള്‍ക്കൊപ്പം, ഒരു ദുരന്തത്തിലേക്ക് വഴുതി വീഴുമായിരുന്ന സാഹചര്യത്തെ ഞങ്ങള്‍ വിജയകരമായി ഒഴിവാക്കിയതായും അദ്ദേഹം ഓര്‍ത്തെടുത്തു. 'എനിക്ക് വീട്ടില്‍ പോയി എന്റെ മക്കളെ ഒന്ന് കെട്ടിപ്പിടിക്കണം'- ഷോത മുസായേവ് കൂട്ടിച്ചേര്‍ത്തു.

ദുരന്തം ഒഴിവാക്കിയ ഇടപെടല്‍ നടത്തിയ യാത്രക്കാരില്‍ ഒരാളാണ് ഇസ്രയേലി സ്വദേശിയായ യാനിവ് ഹയുന്‍. കോക്ക്പിറ്റില്‍ കയറി കോ പൈലറ്റിനെ കീഴ്പ്പെടുത്തുകയും വിമാനം നിയന്ത്രണത്തിലാക്കുകയും ചെയ്യുകയായിരുന്നു യാനിവ് അടക്കമുള്ള മൂന്ന് ഇസ്രയേലി യാത്രക്കാര്‍. ടെല്‍ അവീവില്‍ തിരിച്ചെത്തിയ യാനിവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

'ഞാന്‍ അകത്തേക്ക് ചെന്നപ്പോള്‍ രണ്ട് സീറ്റുകള്‍ക്കിടയിലുള്ള നിയന്ത്രണ ഉപകരണങ്ങളുടെ അരികില്‍ ഭീകരവാദിയെ ഞാന്‍ കണ്ടു. സീറ്റുകളില്‍ പൈലറ്റുമാര്‍ ഉണ്ടായിരുന്നില്ല, ഞാന്‍ ഭീകരവാദിയായ സഹ പൈലറ്റിനെ പിടിച്ച് കീഴ്‌പ്പെടുത്തി അവനെ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു'- യാനിവ് നെതന്യാഹുവിനോട് പറഞ്ഞു.

അക്രമി എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് നെതന്യാഹു ചോദിച്ചപ്പോള്‍, 'വിമാനം പ്രവര്‍ത്തനരഹിതമാക്കാന്‍ വേണ്ടി അയാള്‍ ഉപകരണങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു' വെന്ന് യാനിവ് മറുപടി നല്‍കി.

വിമാനം പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞു, കോ പൈലറ്റിനെ പിടിച്ചു കെട്ടാന്‍ വിമാനത്തിലുണ്ടായിരുന്ന മറ്റ് ഇസ്രയേലികളുടെ സഹായം തേടിയതായും പിന്നീട് താന്‍ വീണ്ടും കോക്ക്പിറ്റിലേക്ക് മടങ്ങിയതായും ഹയുന്‍ പറഞ്ഞു.

വിമാനാപകടങ്ങളെക്കുറിച്ചുള്ള കനേഡിയന്‍ ഡോക്യുമെന്ററി പരമ്പരയായ 'മേഡേ' (Mayday) കാണാറുള്ളതുകൊണ്ട് എന്തുചെയ്യണമെന്ന് തനിക്ക് ഒരു ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ നിയന്ത്രണ സംവിധാനങ്ങള്‍ പിടിച്ചെടുത്ത് അവ പിന്നിലേക്ക് വലിക്കാന്‍ തുടങ്ങി, ഇതോടെ വിമാനം കുറച്ചുകൂടി നേരെയായിത്തുടങ്ങി, അപ്പോള്‍ പൈലറ്റ് എന്നോട് പറഞ്ഞു, ബാക്കി കാര്യങ്ങള്‍ അദ്ദേഹം ഏറ്റെടുത്തുകൊള്ളാമെന്ന്'- യാനിവ് ഹയുന്‍ പറഞ്ഞു.

'അതൊരു സിനിമയിലെ രംഗം പോലെയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല' - എന്ന് കോ-പൈലറ്റിനെ കീഴ്പ്പെടുത്താന്‍ സഹായിച്ച മറ്റൊരു ഇസ്രായേലിയായ അസാഫ് രാജ്വാന്‍ ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അക്രമകാരിയായ കോ പൈലറ്റിനെ കീഴ്‌പ്പെടുത്താന്‍ 25 മിനിറ്റ് എടുത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വയറുകള്‍ ഉപയോഗിച്ചാണ് ഇയാളെ യാത്രക്കാര്‍ ചേര്‍ന്ന് ബന്ധിച്ചതെന്നും അവര്‍ പറഞ്ഞുു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.