ന്യൂഡല്‍ഹി: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീക്കങ്ങള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീം കോടതി ജഡ്ജിമാരെ സന്ദര്‍ശിക്കാന്‍ നടത്തിയ നീക്കം പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. ജുഡീഷ്യറിയുടെയും നിയമനിര്‍മാണ സഭയുടെയും അധികാര അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സമിതിക്ക് പദ്ധതി മാറ്റിവെക്കേണ്ടി വന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി ഒക്ടോബര്‍ ആറിന് കൂടിക്കാഴ്ച നടത്താനായിരുന്നു സമിതി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ ശക്തമായ വിമര്‍ശനവുമായി മുന്നോട്ടുവന്നു. ഭാവിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ പരിശോധനയ്ക്ക് വിധേയമാകാന്‍ സാധ്യതയുള്ള ഒരു കരട് ബില്ലില്‍ നിയമനിര്‍മാതാക്കള്‍ ജഡ്ജിമാരുമായി ചര്‍ച്ച നടത്തുന്നത് താല്‍പര്യ വൈരുദ്ധ്യത്തിന് ഇടയാക്കുമെന്നും, ഇത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് സമിതിയംഗങ്ങളായ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം അറിയിച്ച് കത്ത് നല്‍കിയതോടെയാണ് നീക്കം ഉപേക്ഷിക്കാന്‍ അധ്യക്ഷന്‍ പി.പി ചൗധരി നിര്‍ബന്ധിതനായത്. ജെ.പി.സി അംഗങ്ങളുടെ സമയ സൗകര്യ കുറവുമൂലമാണ് പരിപാടി ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് സര്‍ക്കാരും സമിതിയും ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.