ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ ഡെന്മാര്‍ക്കിനെതിരായ നിര്‍ണായക പോരാട്ടത്തിന് തൊട്ടുമുമ്പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചു. പരിശീലകന്‍ ജോര്‍ജെ ജീസസിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ക്യാമ്പ് വിടുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനം നാല്‍പ്പത്തിയൊന്നുകാരനായ താരം നടത്തിയത്.
ദേശീയ ടീമില്‍ നിന്ന് താന്‍ പുറത്തു പോകാനുണ്ടായ യഥാര്‍ത്ഥ കാരണം ഉചിതമായ സമയത്ത് പോര്‍ച്ചുഗലിലെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും റൊണാള്‍ഡോ തുറന്നടിച്ചു. ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ടതായും ശേഷിക്കുന്ന 24 കളിക്കാരുമായി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ തുടരുമെന്നും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്പിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച നോര്‍വേയ്ക്കെതിരായ മത്സരത്തില്‍ 2-1 ന് പോര്‍ച്ചുഗല്‍ വിജയിച്ചെങ്കിലും റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി മുഴുവന്‍ സമയവും കളിപ്പിക്കാതിരുന്നതാണ് ഭിന്നതകളുടെ തുടക്കം. റൊണാള്‍ഡോയ്ക്ക് പകരം കളത്തിലിറങ്ങിയ ഗോണ്‍സാലോ റാമോസ് അന്ന് ഗോള്‍ നേടുകയും ചെയ്തിരുന്നു.
ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ 234 മത്സരങ്ങളില്‍ കളത്തിലിറങ്ങി റെക്കോര്‍ഡിട്ട ക്രിസ്റ്റ്യാനോയെ ചരിത്രത്തില്‍ മൂന്നാം തവണയാണ് പോര്‍ച്ചുഗല്‍ ഒരു മത്സരത്തില്‍ ഉപയോഗിക്കാതെ മാറ്റി നിര്‍ത്തുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ ടീം പരിശീലനങ്ങളില്‍ നിന്ന് താരം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താരവും കോച്ചും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സയും ചേര്‍ന്ന് ബുധനാഴ്ച അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ച്ചയായി മത്സരങ്ങള്‍ വരുമ്പോള്‍ റൊണാള്‍ഡോയുടെ കായിക ക്ഷമത പരിഗണിച്ച് വിശ്രമം നല്‍കാന്‍ ധാരണയുണ്ടായിരുന്നുവെന്നാണ് കോച്ച് ജോര്‍ജെ ജീസസിന്റെ വാദം. ദീര്‍ഘനേരം വാമപ്പ് ചെയ്യിപ്പിച്ച ശേഷം കളത്തിലിറക്കാതിരുന്നത് പിഴവാണെന്ന് സമ്മതിച്ചെങ്കിലും ടീമിലെ അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം തനിക്കാണെന്ന് ജീസസ് വ്യക്തമാക്കി.
ആര് കളിക്കണമെന്ന് തീരുമാനിക്കുന്നത് പരിശീലകനാണെന്നും കളിക്കാര്‍ തനിക്ക് മേല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പിച്ചു പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ക്യാമ്പ് വിടാനുള്ള തീരുമാനം റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്യമാക്കിയത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയെത്തന്നെ അനിശ്ചിതത്വത്തിലാക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങള്‍. പോര്‍ച്ചുഗലിന് യൂറോ കപ്പും രണ്ട് തവണ നേഷന്‍സ് ലീഗ് കിരീടങ്ങളും സമ്മാനിച്ച ഇതിഹാസ നായകന്റെ അപ്രതീക്ഷിത ഇറങ്ങിപ്പോക്ക് കായിക ലോകത്ത് വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സഹതാരങ്ങള്‍ക്കും ടീമിനും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റൊണാള്‍ഡോ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.