വാഷിങ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിവരുന്ന വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നിയമങ്ങൾക്കെതിരെ കത്തോലിക്ക സഭാനേതൃത്വവും സന്യാസിനീ സമൂഹങ്ങളും നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് ഫലം കാണുന്നു. രോഗികളുടെ ജീവനൊടുക്കാൻ കൂട്ടുനിൽക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച കത്തോലിക്ക ആരോഗ്യ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നൽകിയ ഹർജികളിൽ ന്യൂയോർക്ക്, ഇല്ലിനോയി സംസ്ഥാനങ്ങളിൽ സഭയ്ക്ക് ഫെഡറൽ കോടതികളിൽ നിന്നും നിർണായകമായ ഇടക്കാല ആശ്വാസം ലഭിച്ചു.
ന്യൂയോർക്കിൽ റോക്ക്വിൽ സെന്റർ ബിഷപ്പ് ജോൺ ബാരസും നാല് സന്യാസിനീ സമൂഹങ്ങളും നൽകിയ ഹർജിയിൽ, അന്തിമ വിധി വരുന്നത് വരെ പുതിയ നിയമം നടപ്പിലാക്കുന്നത് ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആൻ നാർഡാച്ചി തടഞ്ഞു. സമാനമായ രീതിയിൽ ഇല്ലിനോയിയിൽ സ്പ്രിംഗ്ഫീൽഡ് ബിഷപ്പ് തോമസ് പാപ്റോക്കി, ക്രിസ്ത്യൻ ഡോക്ടർമാർ, ലൂഥറൻ കെയർ ഹോം എന്നിവർ നൽകിയ ഹർജിയിലും അനുകൂല വിധിയുണ്ടായി.
തുടർന്ന് ചിക്കാഗോ അതിരൂപതയും 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ' ഉൾപ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളും നൽകിയ കേസിലും നിയമത്തിന് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. ഈ നിയമങ്ങൾ ശാശ്വതമായി റദ്ദാക്കണമെന്ന് ചിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് കുപിച്ച് ശക്തമായി ആവശ്യപ്പെട്ടു.
"സഭയുടെ വിശ്വാസപരമായ പ്രബോധനങ്ങൾ അക്രൈസ്തവരുടെ മേൽ അടിച്ചേൽപ്പിക്കാനല്ല മറിച്ച് സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകരെ ഭരണകൂടം നിർബന്ധിക്കുന്നത് തടയാനാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്," അദേഹം വ്യക്തമാക്കി.
ജീവൻ നൽകുക എന്ന ക്രിസ്തുവിന്റെ സൗഖ്യദായക ദൗത്യമാണ് കത്തോലിക്കാ ആരോഗ്യശുശ്രൂഷയുടെ അന്തസ്സത്തയെന്നും, രോഗികൾക്ക് മരണം വിധിക്കാൻ തങ്ങളെ നിർബന്ധിക്കുന്നത് ഈ സുവിശേഷ ദൗത്യത്തിന് തികഞ്ഞ വിരുദ്ധമാണെന്നും ബിഷപ്പ് തോമസ് പാപ്റോക്കി ചൂണ്ടിക്കാട്ടി.
ഗുരുതര രോഗങ്ങളുള്ള പ്രായപൂർത്തിയായവർക്കായി കൊണ്ടുവരുന്ന ഇത്തരം നിയമങ്ങൾ, പിൽക്കാലത്ത് വിഷാദരോഗം ബാധിച്ച ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും വരെ വ്യാപിപ്പിക്കുന്ന വിദേശ രാജ്യങ്ങളിലെ അപകടകരമായ പ്രവണതകളെ സഭാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. സഹായത്തോടെയുള്ള ആത്മഹത്യ എന്നത് "വ്യാജമായ കാരുണ്യം" മാത്രമാണെന്നും നിയമപരമാകുന്നതെല്ലാം ധാർമ്മികമായി ശരിയാകണമെന്നില്ലെന്നും മാർപാപ്പ അടുത്തിടെ ഓർമ്മിപ്പിച്ചിരുന്നു.
നിലവിൽ ഫെഡറൽ കോടതികളുടെ പരിഗണനയിലുള്ള ഈ കേസുകൾ വരുംനാളുകളിൽ യു.എസ് സുപ്രീം കോടതിയുടെ മുമ്പാകെ എത്തിയേക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.