ദൈവവചനത്തിന് വിലക്കുകൾ; ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ ബൈബിളിനായി കാത്തിരിക്കുന്നു

ദൈവവചനത്തിന് വിലക്കുകൾ; ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ ബൈബിളിനായി കാത്തിരിക്കുന്നു

ലണ്ടൻ: ലോകമെമ്പാടുമുള്ള 50 കോടിയിലധികം ക്രൈസ്തവർക്ക് വിശുദ്ധ ബൈബിൾ സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വരുന്നതായി ആഗോള പഠന റിപ്പോർട്ട്. 'ബൈബിൾ ആക്‌സസ് ഇനിഷ്യേറ്റീവ്' തയ്യാറാക്കിയ രണ്ടാമത് വാർഷിക ലിസ്റ്റിലാണ് വിശ്വാസസമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

സർക്കാർ നിയന്ത്രണങ്ങൾ, കടുത്ത മതപീഡനങ്ങൾ, ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഡിജിറ്റൽ വിലക്കുകൾ എന്നിവയെല്ലാം ദൈവവചനം സാധാരണക്കാരിലേക്ക് എത്തുന്നതിന് വലിയ തടസ്സമാകുന്നുണ്ടെന്ന് 106 രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബൈബിൾ കൈവശം വെയ്ക്കുന്നതിൽ മാത്രമല്ല, അതിന്റെ നിർമ്മാണത്തിലും വിതരണത്തിലുമെല്ലാം കടുത്ത വെല്ലുവിളികളാണ് നിലനിൽക്കുന്നതെന്ന് ബൈബിൾ ആക്‌സസ് ലിസ്റ്റ് സഹസ്ഥാപകൻ വൈബോ നിക്കോളായ് വ്യക്തമാക്കി. ബൈബിൾ അച്ചടി, ഇറക്കുമതി, സംഭരണം, വിതരണം തുടങ്ങിയ ഓരോ ഘട്ടത്തിലും വിവിധ രാജ്യങ്ങളിൽ നിയമപരവും സാമൂഹികവുമായ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പലയിടങ്ങളിലും ദൈവവചനം കൈവശം വെക്കുന്നത് കനത്ത പിഴയ്ക്കും പിടിച്ചെടുക്കലിനും പുറമെ ജീവനു തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, ഉത്തര കൊറിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ ദൈവവചനത്തിന്മേൽ കടുത്ത നിയമപരമായ വിലക്കുകളും പീഡനങ്ങളുമാണ് നിലനിൽക്കുന്നത്. ഇതിനു പുറമെ ജനങ്ങൾ വലിയ തോതിൽ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബൈബിൾ ലഭ്യമാകാത്ത 'ബൈബിൾ ക്ഷാമ പട്ടികയിൽ' കോംഗോ, എത്യോപ്യ, നൈജീരിയ, ഇന്ത്യ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് 'ബൈബിൾ ആക്‌സസ് ഇനിഷ്യേറ്റീവ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള 33 രാജ്യങ്ങളിലായി ഏകദേശം 8.2 കോടി ക്രൈസ്തവ വിശ്വാസികളാണ് വിശുദ്ധ ബൈബിൾ സ്വന്തമാക്കാനാകാതെ കാത്തിരിപ്പിൽ തുടരുന്നത്.

ഇന്റർനെറ്റിലൂടെ ബൈബിൾ ലഭ്യമാക്കാൻ പദ്ധതികൾ ഉണ്ടെങ്കിലും പലയിടങ്ങളിലും അത് പ്രായോഗികമല്ല. 42 രാജ്യങ്ങളിലായി 40 കോടിയിലധികം ക്രൈസ്തവർക്ക് ഇന്റർനെറ്റ് ലഭ്യമല്ല എന്നതാണ് യാഥാർത്ഥ്യം. കൂടാതെ, 48 രാജ്യങ്ങളിലായി 27.7 കോടി ജനങ്ങൾക്ക് ഓൺലൈൻ വഴി ക്രൈസ്തവ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യമാണുള്ളത്.

ബൈബിൾ ലീഗ് ഇന്റർനാഷണൽ, ഡിജിറ്റൽ ബൈബിൾ സൊസൈറ്റി, ഫ്രണ്ട്‌ലൈൻസ് ഇന്റർനാഷണൽ, ദി വോയ്സ് ഓഫ് ദി മാർട്ടിേഴ്‌സ്, യു-വേർഷൻ തുടങ്ങിയ പ്രമുഖ സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് ബൈബിൾ ആക്‌സസ് ഇനിഷ്യേറ്റീവിന് നേതൃത്വം നൽകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ദൈവവചനം വായിക്കാനും പ്രചരിപ്പിക്കാനും പ്രയാസപ്പെടുന്ന സഹോദരങ്ങൾക്കായി പ്രത്യേക പ്രാർത്ഥനയോടെയാണ് സഭാ ലോകം ഈ വാർത്ത ഏറ്റെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.