ഫുട്‌ബോള്‍ സ്‌പോണ്‍സര്‍ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ഫുട്‌ബോള്‍ സ്‌പോണ്‍സര്‍ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തലസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടുനിന്നു. മുന്‍മന്ത്രിയുടെ സ്‌പെയിന്‍ യാത്ര, സ്‌പോണ്‍സറെ നിശ്ചയിച്ചതിലെ മാനദണ്ഡങ്ങള്‍, അതില്‍ മന്ത്രിയുടെ ഓഫീസ് നടത്തിയ വഴിവിട്ട ഇടപെടലുകള്‍ എന്നിവയെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും വിവരങ്ങള്‍ തേടിയത്.

കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്റെ വസതിയിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ എസ്.ഐ.ടി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായും സ്‌പോണ്‍സര്‍മാരുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ നിര്‍ണായക കത്തിടപാടുകള്‍, ഇമെയിലുകള്‍, ഔദ്യോഗിക കരാര്‍ രേഖകള്‍ എന്നിവ പൊലീസിന് ലഭിച്ചു. ഈ തെളിവുകളുടെയും നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍ മന്ത്രിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.

കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആന്റോ അഗസ്റ്റിന് അനുവദിച്ച് നല്‍കിയതില്‍ മുന്‍ മന്ത്രി നിയമവിരുദ്ധമായി ഇടപെടുകയും പ്രതിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് നല്‍കുകയും ചെയ്തതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ സന്ദര്‍ശനം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിച്ച് പ്രതിക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ മന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണവും കേസിന്റെ അന്വേഷണ പരിധിയിലുണ്ട്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.