ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷാവസ്ഥ.
പാര്‍ലമെന്റില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്തേക്ക് നീങ്ങിയ ഇന്ത്യാ സഖ്യ എംപിമാരുടെ മാര്‍ച്ച് ആകാശവാണി ഭവന് സമീപത്തുവെച്ച് പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധം തുടര്‍ന്നു.
അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ എംപിമാരായ ജോണ്‍ ബ്രിട്ടാസ് കെ.സി. വേണുഗോപാല്‍, എ.എ. റഹീം ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം മുന്നോട്ടു പോവാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.
മാര്‍ച്ച് പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്തെത്താന്‍ മറ്റൊരുവഴി തിരഞ്ഞെടുത്തത് ഡല്‍ഹി പോലീസിനെ സംബന്ധിച്ച് അപ്രതീക്ഷിത നീക്കമായി. രാഹുല്‍, പ്രിയങ്ക, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ആകാശവാണി ഭവന് വഴി തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ പോലീസ് പെട്ടെന്ന് ഇടപെട്ട് ആകാശവാണി ഭവന് നാലാം ഗേറ്റില്‍ ഇവരെ തടഞ്ഞു. അതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ അവിടെയുണ്ടായിരുന്ന ആല്മരച്ചുവട്ടില് ഇരുന്ന് പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്ന് ആകാശവാണി ഭവനകത്തു കയറി.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി പലതവണ അനുനയശ്രമങ്ങള്‍ നടത്തിയെങ്കിലും ആവശ്യം നിറവേറുംവരെ പിറകോട്ടില്ലെന്നാണ് രാഹുലിന്റെ നിലപാട്. കൂടുതല്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ സ്ഥലത്തെത്തിച്ച് രാഹുലിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലേക്ക് പോലീസ് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.