കേരളത്തില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തിലായിരുന്നു കണ്‍വെന്‍ഷന്‍.
പള്ളിക്ക് പുറത്തുള്ള ഗ്രോട്ടോയുടെ ഗ്ലാസ് പാനലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.
അക്രമികളെ പിടികൂടാത്ത പൊലീസ് പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ ചോദ്യം ചെയ്തു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ബൈബിള്‍ കണ്‍വന്‍ഷന് നേരെയുണ്ടായ അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നദിയ ജില്ലയിലെ ജലാല്‍ ഖള്ളിയിലുള്ള 'ഡിവൈന്‍ ലവ് റിട്രീറ്റ് സെന്ററില്‍' വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ സന്താളി കത്തോലിക്കാ സമൂഹത്തിനായി സംഘടിപ്പിച്ച കണ്‍വന്‍ഷനിടയിലായിരുന്നു അക്രമ സംഭവങ്ങള്‍ നടന്നത്.
സംഘമായെത്തിയ അക്രമികള്‍ പള്ളിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയുമായിരുന്നു. ഔദ്യോഗിക അനുമതികളോടെ നടന്നു വന്ന സമാധാനപരമായ ബൈബിള്‍ കണ്‍വെന്‍ഷനാണ് അക്രമി സംഘം അലങ്കോലപ്പെടുത്തിയത്.
കേരളത്തില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ 2006 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ റിട്രീറ്റ് സെന്റര്‍. വാര്‍ഷിക കണ്‍വന്‍ഷനുകള്‍ കൃത്യമായി നടത്തി വരുന്നുണ്ട്. യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ന്നു വന്ന ബൈബിള്‍ കണ്‍വന്‍ഷനാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്.
സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മതംമാറ്റം നടക്കുന്നുണ്ടെന്ന പ്രചാരണം ധ്യാന കേന്ദ്രത്തിന്റെ ഡയറക്ട്ര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് അറക്കല്‍ വിസി ശക്തമായി നിഷേധിച്ചു. പൂര്‍ണമായും പ്രാര്‍ഥനയ്ക്കും ആത്മീയ നവീകരണത്തിനുമായി മാത്രം മാറ്റി വച്ച ഈ സമ്മേളനത്തില്‍ ക്രൈസ്തവര്‍ മാത്രമാണ് പങ്കെടുത്തിരുന്നതെന്നും അല്ലാത്ത ആരും അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്‍വന്‍ഷനിലെ പ്രസംഗങ്ങളും മറ്റ് ശുശ്രൂഷകളും ഓണ്‍ലൈനില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ ഏകദേശം ആറ് ലക്ഷം ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. പിന്നെന്തിനാണ് അക്രമികള്‍ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒക്ടോബര്‍ ഒമ്പതിന് ഉച്ചകഴിഞ്ഞ് പുറത്തു നിന്നെത്തിയ ചില വ്യക്തികള്‍ സ്ഥാപനത്തിലെത്തി പരിപാടികളെക്കുറിച്ച് അന്വേഷിക്കുകയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് ഏകദേശം ഒരു മണിക്കൂറിനു ശേഷം മൈക്രോ ഫോണുകളുമായി പള്ളി കവാടത്തിന് പുറത്ത് തടിച്ചുകൂടിയ സംഘം ക്രൈസ്തവ വിശ്വാസത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും മതംമാറ്റം ആരോപിച്ച് പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു.
വൈകുന്നേരം ആറ് മണിയോടെ സംഘം പള്ളിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന കുരിശില്‍ പതാകകള്‍ കെട്ടാന്‍ ശ്രമിച്ചു. വിശ്വാസികള്‍ ഇത് എതിര്‍ത്തപ്പോള്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് അക്രമികള്‍ പള്ളിക്ക് നേരെ തിരിയുകയും കണ്‍വന്‍ഷന്റെ ബാനറുകള്‍ വലിച്ചു കീറുകയും പള്ളിക്ക് പുറത്തുള്ള ഗ്രോട്ടോയുടെ ഗ്ലാസ് പാനലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഈ സംഘര്‍ഷത്തിനിടയിലാണ് ആറ് വിശ്വാസികള്‍ക്ക് പരിക്കേറ്റത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികള്‍ രംഗത്തുണ്ടായിരുന്നു. തുടര്‍ന്ന് റിട്രീറ്റ് സെന്ററിനുള്ളില്‍ പ്രവേശിച്ച പൊലീസ് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ചോദ്യം ചെയ്യുകയാണുണ്ടായത്.
മാത്രമല്ല ഒക്ടോബര്‍ പത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ തുടരണമെങ്കില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അനുമതി വേണമെന്ന് അറിയിച്ച് പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
കൃത്യമായ അനുമതിയോടെ നടന്ന സമാധാനപരമായ ഒരു ആരാധനാ ചടങ്ങ് ആക്രമിക്കപ്പെട്ടതിന് ശേഷം അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രാര്‍ഥനാ യോഗം നിര്‍ത്തി വെപ്പിച്ച പൊലീസ് നടപടി വിശ്വാസികളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കുറ്റക്കാരായ വ്യക്തികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ക്രൈസ്തവ സമൂഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സഭാ പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനോടും നിയമപാലകരോടും ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നടപടിയെടുക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.