ദസറയില്‍ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; ഡല്‍ഹിയില്‍ ബിജെപിയുടെ ശുചിത്വ സന്ദേശം

ദസറയില്‍ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; ഡല്‍ഹിയില്‍ ബിജെപിയുടെ ശുചിത്വ സന്ദേശം

ന്യൂഡല്‍ഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി പീതാംപുരയില്‍ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാന്‍ ഒരുങ്ങി ശ്രീ കേശവ് റാം ലീല കമ്മിറ്റി. സമൂഹത്തിലെ അഴുക്കിനെയും മാലിന്യത്തെയുമാണ് പാറ്റയുടെ കോലം പ്രതിനിധീകരിക്കുന്നതെന്ന് പരിപാടി സംഘടിപ്പിക്കുന്ന ബിജെപി എംഎല്‍എയും കമ്മിറ്റി പ്രസിഡന്റുമായ അശോക് ഗോയല്‍ വ്യക്തമാക്കി. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡല്‍ഹി പ്രചാരണങ്ങളുടെ ഭാഗമായി ശുചിത്വം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പിന്നില്‍ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം എന്ന സന്ദേശത്തോടൊപ്പം ശുചിത്വ ബോധവത്കരണവും രാംലീല നാടകത്തില്‍ രാവണന്റെ സൈന്യത്തിലെ അസുരനായി പാറ്റയെ ഉള്‍പ്പെടുത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങളുമായി സി.ജെ.പി നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. തൊഴില്‍ രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശത്തില്‍ നിന്നാണ് ഈ സംഘടന ഉടലെടുത്തത്. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ ഇവര്‍ നടത്തിയ മാസങ്ങള്‍ നീണ്ട സമരം ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ജന്തര്‍മന്ദറിലേക്കുള്ള സമരത്തെ വന്‍ പൊലീസ് സന്നാഹത്തോടെ ഭരണകൂടം നേരിട്ടതിനെത്തുടര്‍ന്ന്, കൊണാട്ട് പ്ലേസില്‍ തിരംഗ സമരത്തിന് സി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടക്കുന്ന ഈ സംഭവങ്ങള്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.