ന്യൂഡല്ഹി: ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സ് (എഐ) ഏജന്റുമാര് ഇന്ത്യന് സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്കും നുഴഞ്ഞ് കയറിയതായി കേന്ദ്ര സൈബര് സുരക്ഷാ ഏജന്സിയായ CERT-In ന്റെ വെളിപ്പെടുത്തല്. പിന്നാലെ കൂടുതല് ജാഗ്രതാ നിര്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യക്തിഗത ഡാറ്റയും രഹസ്യ സ്വഭാവമുള്ള വിവരങ്ങളും അടങ്ങിയ ബിസിനസ് റെക്കോര്ഡുകള് വായിക്കാന് എഐ ഏജന്റുമാര്ക്ക് സാധിച്ചതായി സൈബര് സുരക്ഷാ ഏജന്സി വ്യക്തമാക്കുന്നു. ഇതിനുപുറമെ ഹാക്കര്മാരും എഐ ടൂളുകള് ഉപയോഗിച്ച് വിവരങ്ങള് ചോര്ത്താന് ശ്രമിച്ചിട്ടുണ്ടെന്ന നിര്ണായക വിവരങ്ങളും പുറത്തു വരുന്നുണ്ട്.
രണ്ട് തരത്തിലുള്ള സുരക്ഷാ ലംഘനങ്ങള് ഉണ്ടായതായി CERT-In വെളിപ്പെടുത്തുന്നു. എഐ കമ്പനികളുടെ ഏജന്റുമാര് ഗവേഷണത്തിനും വിലയിരുത്തലുകള്ക്കുമിടെ ഇന്ത്യന് സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടിയ സംഭവങ്ങളാണ് ഒന്നാമത്തേത്. ഓപ്പണ് സോഴ്സ് ഏജന്റിക് എഐ ടൂളുകള് ബോധപൂര്വ്വം ഉപയോഗിച്ച് സൈബര് ആക്രമണങ്ങള്ക്ക് സമാനമായ നീക്കങ്ങള് നടത്തിയതാണ് രണ്ടാമത്തേതെന്നും സുരക്ഷാ ഏജന്സി പറയുന്നു.
ഈ സംഭവങ്ങളെക്കുറിച്ച് കമ്പനികളില് നിന്ന് സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകള് ലഭിച്ചതായി CERT-In അറിയിച്ചു. എന്നാല് ഇന്ത്യന് സ്ഥാപനങ്ങള്ക്ക് അനധികൃത പ്രവേശനം സ്വന്തമായി കണ്ടെത്താന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.
ഏതൊക്കെ സ്ഥാപനങ്ങളെയാണ് സുരക്ഷാ വീഴ്ച ബാധിച്ചതെന്നോ, ഏതൊക്കെ എഐ കമ്പനികളാണ് വിവരങ്ങള് വെളിപ്പെടുത്തിയതെന്നോ ഏജന്സി വ്യക്തമാക്കിയിട്ടില്ല. സുരക്ഷ ശക്തമാക്കാന് രാജ്യത്തെ എഐ ഡെവലപ്പര്മാരോടും ഗവേഷണ സ്ഥാപനങ്ങളോടും CERT-In കര്ശന നിര്ദേശം നല്കി.
വെബ്സൈറ്റുകളില് എഐ ഏജന്റുമാര് നുഴഞ്ഞു കയറുന്ന സംഭവങ്ങള് വ്യാപകമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്. 700 അനധികൃത ഓപ്പണ് എഐ ഏജന്റുമാര് ഹഗ്ഗിംഗ് ഫെയ്സ് ഹാക്ക് ചെയ്യാന് ശ്രമിച്ച ജൂലൈയിലെ സംഭവത്തിന് ശേഷം സമാനമായ നിരവധി കേസുകള് പുറത്തു വന്നിരുന്നു.
അമേരിക്കന്, ഓസ്ട്രേലിയന് സര്ക്കാരുകളുടെയും ഐക്യരാഷ്ട്ര സഭയുടെയും വെബ്സൈറ്റുകള് ആക്സസ് ചെയ്യാന് ഓപ്പണ് എഐ ഏജന്റുകള് ശ്രമിച്ച സംഭവമടക്കം നടന്നു. മെറ്റ, ആന്ത്രോപിക്, ഗൂഗിള് എന്നിവയും സമാനമായ വെളിപ്പെടുത്തലുകള് നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.