വാഷിങടണ്‍: തൊഴില്‍, വിദ്യാഭ്യാസം, പൊതുജനക്ഷേമ ചെലവുകള്‍ എന്നിവയെച്ചൊല്ലി ഫ്രാന്‍സില്‍ രൂക്ഷമാകുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ കുടിയേറ്റമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫ്രാന്‍സ് ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും ഹൃദയത്തില്‍ വെറുപ്പുമായി എത്തിയ ആളുകളുടെ കുടിയേറ്റമാണ് ഒരിക്കല്‍ പ്രതാപത്തിലായിരുന്ന ആ രാജ്യത്തെ തകര്‍ത്തത്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുന്‍പ് അതിര്‍ത്തികള്‍ അടയ്ക്കാനും നിയന്ത്രണം ഏറ്റെടുക്കാനും സമയമായിരിക്കുന്നു എന്നും ട്രംപ് കുറിച്ചു. നേരത്തെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫ്രാന്‍സിലെ ആക്രമണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ കുടിയേറ്റമാണെന്ന് ആരോപിച്ചിരുന്നു.
രാജ്യത്തെ പുതിയ സാമ്പത്തിക-സാമൂഹിക നയങ്ങള്‍ക്കെതിരെ ഫ്രാന്‍സിലുടനീളം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അഞ്ചര ലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്. തലസ്ഥാനമായ പാരീസില്‍ മാത്രം 1.1 ലക്ഷം പേര്‍ അണിനിരന്നു. പല നഗരങ്ങളിലും പ്രതിഷേധം വന്‍ അക്രമ സംഭവങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. പാരീസില്‍ കടകളും റെസ്റ്റോറന്റുകളും അക്രമികള്‍ തകര്‍ത്തു. ബോര്‍ഡെക്‌സില്‍ ലൂയി വിറ്റണ്‍, ആപ്പിള്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ തകര്‍ക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും ചെയ്തു. കൂടാതെ നഗരങ്ങളിലെ വിവിധ കെട്ടിടങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സാഹചര്യം വഷളായതോടെ രാജ്യത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.