ആലപ്പുഴ: ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ കടുത്ത പോഷകാഹാരക്കുറവും പരിചരണമില്ലായ്മയും കാരണം രണ്ട് വയസ്സുകാരന്‍ മരിച്ചു. വലിയകുളങ്ങര തൈമൂട്ടില്‍ രാജേഷിന്റെയും താരയുടെയും മകന്‍ രാഹുലാണ് മരിച്ചത്. പന്ത്രണ്ട് കിലോഗ്രാം തൂക്കം ഉണ്ടാകേണ്ടിയിരുന്ന കുട്ടിക്ക് വെറും ഏഴ് കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. ഇന്നലെ രാവിലെ രാഹുലിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പിതാവ് ഓട്ടോറിക്ഷയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കുട്ടിയുടെ അമ്മ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിക്ക് ആവശ്യമായ ഭക്ഷണമോ പരിചാരണമോ ലഭിച്ചിരുന്നില്ലെന്നും കടുത്ത വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്നും വ്യക്തമായി. മഴയില്‍ വീട് തകര്‍ന്ന് പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തെ മുന്‍പ് ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ചേര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയെങ്കിലും ഇവര്‍ അവിടെ തുടരാന്‍ തയ്യാറാകാതെ കുടുംബ വീട്ടിലേക്ക് തിരികെ വരികയായിരുന്നു.
മുന്‍പും ഇവരുടെ മറ്റൊരു ആണ്‍കുഞ്ഞ് മരണപ്പെട്ടിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിന് പിതാവ് രാജേഷിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. ഈ ദമ്പതികളുടെ മറ്റ് നാല് പെണ്‍കുട്ടികളെയും ശിശുക്ഷേമസമിതി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.