വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ ഏറ്റവും ചുരുങ്ങിയ കാലാവധി പൂര്‍ത്തിയാക്കി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയ പുറത്തായി. ചുമതലയേറ്റ് അഞ്ചാം നാളിലാണ് നിയമപരമായ യോഗ്യതകളെ ചൊല്ലിയുള്ള വിവാദങ്ങളെ തുടര്‍ന്ന് കാറ്റിയെ സ്ഥാനത്ത് നിന്ന് നീക്കിയത്. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ദിവസം പ്രസ് സെക്രട്ടറിയായിരുന്ന വ്യക്തിയെന്ന അപൂര്‍വ റെക്കോര്‍ഡോടെയാണ് കാറ്റിയുടെ പടിയിറക്കം.
ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളുടെ ശക്തയായ പ്രചാരകയായി മാധ്യമ രംഗത്ത് ശോഭിച്ച കാറ്റിയെ വലിയ പ്രതീക്ഷകളോടെയാണ് കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ യോഗ്യതകളെക്കുറിച്ച് അവര്‍ ഉന്നയിച്ച അവകാശ വാദങ്ങള്‍ കൃത്യതയില്ലാത്തതാണെന്ന് തെളിഞ്ഞതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. മുന്‍പ് അഭിഭാഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ബാര്‍ പരീക്ഷ വിജയിച്ചിട്ടുണ്ടെന്നുമായിരുന്നു കാറ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തും അവര്‍ അഭിഭാഷകയായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബാര്‍ പരീക്ഷ പാസായിട്ടില്ലെന്നും വൈകാതെ പുറത്തുവന്നു.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ബാര്‍ പരീക്ഷ വിജയിച്ചിട്ടില്ലെന്ന് കാറ്റിക്ക് പരസ്യമായി സമ്മതിക്കേണ്ടതായും വന്നു. വിവാദം കൊഴുക്കുകയും മാധ്യമങ്ങളില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും കനത്ത വിമര്‍ശനവും അവിശ്വാസവും ഉയരുകയും ചെയ്തതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ട് ഇടപെട്ട് കാറ്റിയോട് പദവിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. പെട്ടെന്നൊരു പിന്‍ഗാമിയെ നിയമിക്കാന്‍ ഉദേശിക്കുന്നില്ലെന്നും പുതിയ പ്രസ് സെക്രട്ടറിയെ കണ്ടെത്തുന്നതില്‍ തിടുക്കമില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.