വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ ചർച്ചയാവുകയാണ് വൈറ്റ് ഹൗസിന്റെ പുതിയ പ്രസ് സെക്രട്ടറിയായി നിയമിതയായ കാറ്റി സക്കറിയയുടെ ജീവിതയാത്ര. ഗർഭച്ഛിദ്രത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ന് അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും നിർണായകമായ പദവികളിൽ ഒന്നിലേക്ക് എത്തിനിൽക്കുന്ന അവരുടെ കഥ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഒക്ടോബർ ഒമ്പതിനാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കാറ്റി സക്കറിയ ചുമതലയേറ്റത്. തന്റെ ജനനത്തിനു പിന്നിലെ അത്ഭുതകരമായ സംഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചുകൊണ്ടാണ് അവർ ശ്രദ്ധേയയാകുന്നത്. ഗർഭച്ഛിദ്രം നടത്തുന്നതിന് വെറും മുപ്പത് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് കാറ്റിയുടെ മാതാവായ റൂത്തിന് ഒരു ക്രിസ്ത്യൻ കൗൺസിലറുടെ അപ്രതീക്ഷിത സഹായം ലഭിക്കുന്നത്.
കുഞ്ഞിനെ അബോർഷൻ ചെയ്യാതെ ദത്തെടുക്കാൻ നൽകണമെന്നും ആ ജീവന് ജീവിക്കാൻ ഒരു അവസരം നൽകണമെന്നും കൗൺസിലർ റൂത്തിനോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയായിരുന്നു.
കുടുംബത്തിന്റെ കടുത്ത എതിർപ്പുകൾ പോലും വകവെയ്ക്കാതെ കൗൺസിലറുടെ ആ വാക്കുകൾ സ്വീകരിച്ച റൂത്ത് ഗർഭച്ഛിദ്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് നവജാത ശിശുവായിരിക്കെ ദത്തെടുക്കപ്പെട്ട കാറ്റി തന്റെ പതിനെട്ടാമത്തെ വയസിലാണ് യഥാർത്ഥ മാതാവിനെ കണ്ടുമുട്ടുന്നതും തന്റെ ജനനത്തിനു പിന്നിലെ സത്യങ്ങൾ മനസിലാക്കുന്നതും.
നാലു കുട്ടികളുടെ അമ്മയും അഭിഭാഷകയുമായ കാറ്റി സക്കറിയ ഇന്ന് പ്രോ-ലൈഫ് സംഘടനകളിലും അബോർഷൻ വിരുദ്ധ പ്രസ്ഥാനങ്ങളിലും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ഗർഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി ശക്തമായി പോരാടാൻ തന്റെ സ്വന്തം ജീവിതാനുഭവമാണ് തനിക്ക് പ്രചോദനമെന്ന് അവർ സധൈര്യം ലോകത്തോട് വിളിച്ചുപറയുന്നു.
തന്റെ ജീവിതം ദൈവത്തിന്റെ ഒരു അത്ഭുതദാനമായി കാണുന്ന കാറ്റി ഭരണതലത്തിലും പൊതുസമൂഹത്തിലും ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശക്തമായ നിലപാടുകളാണ് ഉയർത്തിപ്പിടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.