റഷ്യയ്ക്കുമേലുള്ള ഉപരോധത്തില്‍ നിന്ന് പിന്‍വാങ്ങി ട്രംപ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം

റഷ്യയ്ക്കുമേലുള്ള ഉപരോധത്തില്‍ നിന്ന് പിന്‍വാങ്ങി ട്രംപ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസം

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച് നടപ്പിലാക്കാനിരുന്ന നിര്‍ണായക റഷ്യന്‍ ഉപരോധങ്ങളും തീരുവകളും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന്റെ ഈ നിര്‍ണായക നീക്കം. റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, ഇറ്റലി, തുര്‍ക്കി, നെതര്‍ലന്‍ഡ്‌സ് എന്നി രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇരട്ടിത്തീരുവയും ഇതോടെ റദ്ദായി.

ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക സ്രോതസുകള്‍ തടയാനായി യു.എസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ വിഭാഗം മാസങ്ങളെടുത്ത് തയാറാക്കിയതായിരുന്നു ഈ ബില്‍. ആദ്യം എതിര്‍ത്ത് നിന്നെങ്കിലും ഇറാനെതിരായ ഉപരോധങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് മുന്‍പ് ട്രംപ് ഇതില്‍ ഒപ്പിട്ടത്. എന്നാല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രംപ് മലക്കം മറിയുകയായിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇരട്ടിത്തീരുവ ചുമത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യ മുന്‍പ് ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഇറാന്‍ സംഘര്‍ഷത്തിന് ശേഷം റഷ്യന്‍ അസംസ്‌കൃത എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഈ വര്‍ഷം പ്രതിദിനം ശരാശരി 18.2 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. തൊട്ടുപിന്നിലുള്ള ചൈന 14.9 ലക്ഷം ബാരലും വാങ്ങി. ഇരട്ടിത്തീരുവ പിന്‍വലിച്ച ട്രംപിന്റെ തീരുമാനം ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് വലിയ നേട്ടവും ആശ്വാസവുമാകും.

അടുത്ത മാസം യു.എസില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ ഇന്ധന വിലക്കയറ്റം പ്രധാന ചര്‍ച്ചാവിഷയമാണ്. ഇതിനിടെ റഷ്യയുമായി യു.എസ് ഡീസല്‍ ഇറക്കുമതി കരാറില്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധത്തില്‍ നിന്നുള്ള പിന്മാറ്റം. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ വിമര്‍ശിച്ച ട്രംപ്, ഉക്രെയ്‌നില്‍ പുതിയ പ്രസിഡന്റ് വരണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. അതേസമയം

ഉക്രെയ്‌നിനെ വഞ്ചിച്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് മുന്നില്‍ വീണ്ടും കീഴടങ്ങിയെന്ന് ആരോപിച്ച് ഡെമോക്രാറ്റുകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.