മനുഷ്യനില്‍ ഷാമോണ്ട വൈറസ് കണ്ടെത്തി; ലോകത്ത് ആദ്യം: രോഗബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി

മനുഷ്യനില്‍ ഷാമോണ്ട വൈറസ് കണ്ടെത്തി; ലോകത്ത് ആദ്യം: രോഗബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി

ലിയോണ്‍(ഫ്രാന്‍സ്): ലോകത്ത് ആദ്യമായി മനുഷ്യനില്‍ ഷാമോണ്ട വൈറസ് കണ്ടെത്തി. മൃഗങ്ങളില്‍ മാത്രം കണ്ടു വരുന്ന വൈറസാണിത്. രോഗബാധിതന്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഫ്രാന്‍സിലെ ലിയോണിലാണ് സംഭവം.

വൈറസ് ബാധയുള്ള മൃഗങ്ങള്‍ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞ നിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലിയോണിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവാണ് മരിച്ചത്. ഫ്രാന്‍സിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുടെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനും പൊതുജനാരോഗ്യത്തിമേലുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും അന്വേഷണം നടന്നു വരികയാണ്.

കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍ തുടങ്ങിയ മൃഗങ്ങിലാണ് സാധാരണയായി ഷാമോണ്ട വൈറസ് കണ്ടു വരുന്നത്. കുലിക്കോയിഡ്സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതുന്നത്.

രോഗബാധിതരായ മൃഗങ്ങളില്‍ വയറിളക്കം, വിശപ്പില്ലായ്മ, പാലുല്‍പാദനത്തില്‍ കുറവ് എന്നിവയ്ക്കു കാരണമാകും. സ്വിറ്റ്സര്‍ലന്‍ഡിലും ജര്‍മനിയിലും, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മൂലം ചത്ത കുതിരകളുടെ മസ്തിഷ്‌കത്തിലും ഷാമോണ്ട വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് മനുഷ്യരില്‍ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്നതു സംബന്ധിച്ച് വ്യക്തതയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.