സാവോ പൗലോ: തീപാറുന്ന പോരാട്ടത്തിനൊടുവില്‍ അട്ടിമറി വിജയത്തോടെ ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ വീണ്ടും ബ്രസീലിന്റെ അമരത്തേക്ക്. രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ മകനുമായ ഫ്‌ളാവിയോ ബോള്‍സൊനാരോയെ പരാജയപ്പെടുത്തിയാണ് എണ്‍പതുകാരനായ ലുല നാലാം തവണയും രാജ്യത്തിന്റെ പരമോന്നത പദവി സ്വന്തമാക്കിയത്.
സുപ്രീം ഇലക്ടറല്‍ കോടതി പുറത്തുവിട്ട അന്തിമ കണക്കുകള്‍ പ്രകാരം ലുല 51.76 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി ഫ്‌ളാവിയോ ബോള്‍സൊനാരോയ്ക്ക് 48.24 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ മുന്നേറാന്‍ ഫ്‌ളാവിയോ ബോള്‍സൊനാരോയ്ക്ക് സാധിച്ചിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തില്‍ ലുല ജനപിന്തുണ ശക്തമായി തിരിച്ചുപിടിക്കുകയായിരുന്നു. ബ്രസീലില്‍ 1988 ല്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷം, ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന സ്ഥാനാര്‍ഥി രണ്ടാം ഘട്ടത്തില്‍ അത്ഭുതകരമായ തിരിച്ചുവരവ് നടത്തി വിജയിക്കുന്നത് ഇതാദ്യമായാണ്.
ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്വാധീനം ശക്തമാക്കി വന്ന വലതുപക്ഷ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം പ്രഹരിച്ചിരിക്കുന്നത്. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഫ്‌ളാവിയോ ബോള്‍സൊനാരോയ്ക്ക് വേണ്ടി രംഗത്തിറങ്ങിയിരുന്നു. അതിനാല്‍ തന്നെ ലുലയുടെ ഈ വിജയം ട്രംപ് അനുകൂല വലതുപക്ഷ ചേരിക്ക് വലിയ നിരാശയായി.
അതേസമയം വോട്ടെണ്ണല്‍ പ്രക്രിയ പുരോഗമിക്കവേ തന്നെ ഫലത്തെക്കുറിച്ചുള്ള സംശയങ്ങളും പരാതികളും ബോള്‍സൊനാരോയുടെ പ്രചാരണ സംഘം ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ബോള്‍സൊനാരോ പക്ഷം, ജനാധിപത്യ പ്രക്രിയയിലെ സുതാര്യതയെ ചോദ്യം ചെയ്തു.
രാഷ്ട്രീയ തിരിച്ചടികളും അഴിമതി ആരോപണങ്ങളും നിറഞ്ഞതായിരുന്നു ലുലയുടെ മുന്‍കാല ജീവിതം. 2003 മുതല്‍ 2010 വരെ ബ്രസീല്‍ പ്രസിഡന്റായിരുന്ന അദ്ദേദഹം, 2017 ല്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിരുന്നു. പിന്നീട് 2021 ല്‍ സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ലുല വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.
2022 ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജെയര്‍ ബോള്‍സൊനാരോയെ പരാജയപ്പെടുത്തിയ ലുല, ഇപ്പോള്‍ അദേഹത്തിന്റെ മകനായ ഫ്‌ളാവിയോയെയും വീഴ്ത്തി ബ്രസീലിലെ തന്റെ ജനകീയ അടിത്തറ ഉറപ്പിച്ചു. ഈ ചരിത്ര വിജയത്തോടെ 2027 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ലുല ഡി സില്‍വ ബ്രസീലിന്റെ ഭരണസാരഥ്യം വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.