ടെല്‍ അവീവ്: ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ ആണവ സ്ഫോടനം നടന്ന രീതിയില്‍ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ എഐ നിര്‍മിത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചൊവ്വാഴ്ച ഇസ്രയേല്‍ പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കവേയാണ് നെതന്യാഹുവിന്റെ നടപടി.
ജനസാന്ദ്രതയേറിയ നഗരത്തില്‍ ആണവ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് അഗ്‌നി ഗോളങ്ങളും പുക പടലങ്ങളും രൂപം കൊണ്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.ഇസ്രയേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാല്‍ ബ്ലൂംബെര്‍ഗിന്റെ ദീര്‍ഘമായ ഒരു പ്രസ്താവനയും എഐ നിര്‍മിത ചിത്രത്തിനൊപ്പം നെതന്യാഹു ചേര്‍ത്തിട്ടുണ്ട്.
'യഥാര്‍ഥത്തിലുള്ളതും വാസ്തവുമായ അസ്തിത്വ ഭീഷണി നേരിടുകയാണ് ഇസ്രയേല്‍. ഇറാനികള്‍ ആണവായുധങ്ങള്‍ സ്വന്തമാക്കിയാല്‍ പിന്നീട് ഒന്നും പഴയതു പോലെയാകില്ല. ഇറാനും ഷിയാ അച്ചുതണ്ടും ഉയര്‍ത്തുന്ന ഭീഷണിയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളും നിസാരമാണ്.
ഇടയ്ക്കിടെ ഉയര്‍ന്നു വരുന്ന ആസൂത്രിതവും കെട്ടിച്ചമച്ചതുമായ വിവാദങ്ങള്‍, ഇറാനിലെ ദൗത്യം പൂര്‍ത്തീകരിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഇവിടെ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും നിലനില്‍പ്പിനെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്' എന്ന് കുറിപ്പില്‍ പറയുന്നു.
'ഇറാനിലെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ട്രംപിന്റെ രണ്ട് വര്‍ഷം കൂടി നമ്മുടെ മുന്നിലുണ്ട്. അതിനുശേഷം കമല ഹാരിസോ മറ്റേതെങ്കിലും ശരാശരി നിലവാരത്തിലുള്ള വ്യക്തിയോ അധികാരത്തിലെത്തുമോ എന്നൊന്നും പറയാനാകില്ല.
വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി അവശേഷിക്കുന്ന സമയ പരിധിയാണിത്. ഈ ദൗത്യത്തിനായി ഭരണകൂടത്തിന്റെ ആവശ്യമായ എല്ലാ വിഭവങ്ങളും വിനിയോഗിക്കണം' - നെതന്യാഹു കുറിപ്പില്‍ വ്യക്തമാക്കി.
'നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും നിര്‍ണായകമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാനുള്ള ചരിത്രപരമായ അവസരം നാം നഷ്ടപ്പെടുത്തിയാല്‍, ഭാവിതലമുറ നമ്മോട് ഒരിക്കലും ക്ഷമിക്കില്ല. മുസ്ലിം ബ്രദര്‍ഹുഡിന്റെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെയും സമ്മര്‍ദത്തിന് വഴങ്ങുന്ന ഒരു പ്രധാനമന്ത്രിയെക്കൊണ്ട് ഇത് സാധ്യമാകില്ല. ട്രംപിനെ ഫോണില്‍ വിളിച്ച് അദ്ദേഹവുമായി തുടര്‍ച്ചയായി ആശയ വിനിമയം നടത്താന്‍ കഴിയാത്ത ഒരു പ്രധാനമന്ത്രിയെക്കൊണ്ടും ഇത് സാധ്യമാകില്ല.
ഒരു ടെലിവിഷന്‍ അഭിമുഖത്തിലെ സമ്മര്‍ദം പോലും അതിജീവിക്കാന്‍ കഴിയാത്ത ഒരു പ്രധാനമന്ത്രിയെക്കൊണ്ടും ഇത് സാധ്യമാകില്ല. നെതന്യാഹുവിനോടുള്ള വെറുപ്പ് ഒരു വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയിരിക്കുകയാണെങ്കിലും ഇറാന്റെ ആണവ ഭീഷണിയെ നേരിടാന്‍ ആ വെറുപ്പ് സഹായിക്കില്ല' എന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, വോട്ടര്‍മാരെ ഭീതിപ്പെടുത്താനാണ് നെതന്യാഹു ഇത്തരമൊരു എഐ നിര്‍മിത ചിത്രം പങ്കുവെച്ചതെന്ന ആരോപണവുമായി ഇസ്രയേലിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുത്തതോടെ നെതന്യാഹുവിന് നിയന്ത്രണം നഷ്ടമായെന്നാണ് ഡെമോക്രാറ്റ്സ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ യെയിര്‍ ഗോലന്റെ വിമര്‍ശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.