അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ സായുധ സംഘം നടത്തിയ വെടിവയ്പില്‍ 62 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകള്‍ വീടുവിട്ട് പലായനം ചെയ്തതായും അധികൃതര്‍ അറിയിച്ചു. 'ബാന്‍ഡിറ്റുകള്‍' എന്നറിയപ്പെടുന്ന സായുധ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്.
തരാബ സംസ്ഥാനത്തെ കരീം-ലാമിഡോ പ്രാദേശിക ഭരണ പ്രദേശത്തുള്ള ബിന്നാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. നൈജീരിയന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലരും ബെന്യു നദിയിലേക്ക് ചാടിയതായും നദിയില്‍ നിന്ന് 15 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നൈജീരിയന്‍ വിഭാഗം ഡയറക്ടര്‍ ഇസ സാന്‍സുയി പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ അക്രമികള്‍ നദിയുടെ ഭാഗത്തേക്ക് ഓടിച്ചു വിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നൈജീരിയയില്‍ സായുധ സംഘങ്ങളുടെ ആക്രമണം പതിവായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ട് പോകുന്നതും അനധികൃത ഖനി കേന്ദ്രങ്ങളില്‍ ജോലിയെടുപ്പിക്കുന്നതും ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ രീതിയാണ്. ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ തീവ്രവാദ സംഘടനകളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.