വിദേശ പഠനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്: വിദ്യാര്‍ഥികളെ റഷ്യയിലെത്തിച്ച് ലഹരിക്കടത്തിന് നിര്‍ബന്ധിച്ച ഏജന്‍സിക്കെതിരെ കേസ്

വിദേശ പഠനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്: വിദ്യാര്‍ഥികളെ റഷ്യയിലെത്തിച്ച് ലഹരിക്കടത്തിന് നിര്‍ബന്ധിച്ച ഏജന്‍സിക്കെതിരെ കേസ്

കൊല്ലം: വിദേശത്ത് മികച്ച വിദ്യഭ്യാസവും ഉയര്‍ന്ന വരുമാനമുള്ള ജോലിയും വാഗ്ദാനം ചെയ്ത് മലയാളി വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും, റഷ്യയിലെത്തിച്ച് ലഹരി ശൃംഖലയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ വിദേശപഠന ഏജന്‍സിക്കെതിരെ പൊലീസ് കേസെടുത്തു. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെഫ് എജ്യുക്കേഷനെതിരെയാണ് ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സ്വദേശി ആനന്ദ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ആനന്ദിന് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ വിദ്യാര്‍ഥികളും തട്ടിപ്പിനിരയായിട്ടുണ്ട്.

ജര്‍മനിയില്‍ ഉപരിപഠനം ലക്ഷ്യമിട്ട് അഡ്മിഷന്‍ നടപടികള്‍ക്കായി സ്ഥാപനത്തെ സമീപിച്ച വിദ്യാര്‍ഥികളെയാണ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി റഷ്യയിലേക്ക് കയറ്റി അയച്ചത്. ജര്‍മന്‍ ഭാഷയില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് തുടക്കത്തില്‍ അരലക്ഷം രൂപ വാങ്ങിയ ശേഷം, ചില സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യന്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ആറ് ലക്ഷം രൂപ വീതം ഏജന്‍സി ഈടാക്കി.

ആഴ്ചയില്‍ രണ്ട് ദിവസം മാത്രം പഠനവും ബാക്കി അഞ്ച് ദിവസം പ്രതിദിനം അയ്യായിരം റൂബിള്‍ ശമ്പളത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളെ റഷ്യയിലെത്തിച്ചത്. എന്നാല്‍ റഷ്യയില്‍ എത്തിയപ്പോഴാണ് പതിനെട്ട് മാസം നീളുന്ന റഷ്യന്‍ ഭാഷാ പഠനത്തിനാണ് പ്രവേശനം ലഭിച്ചതെന്നും ആഴ്ചയില്‍ ആറ് ദിവസവും ക്ലാസില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും മനസ്സിലായത്. പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ നിയമപരമായി അനുമതിയില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കിയതോടെ വിദ്യാര്‍ഥികള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.

ജോലിയില്ലാതെ റഷ്യയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ മുതലാക്കി ഏജന്‍സിയുടെ പ്രാദേശിക കോ ഓര്‍ഡിനേറ്റര്‍ ലഹരിക്കടത്ത് ശൃംഖലയില്‍ പങ്കാളികളാകാന്‍ ഇവരെ പ്രേരിപ്പിച്ചു. ലഹരി വിതരണം ചെയ്താല്‍ പ്രതിദിനം ആറായിരം റൂബിള്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ഉപരിപഠനവും ആകര്‍ഷകമായ തൊഴിലും വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വടകരയിലെ പെഫ് എജ്യുക്കേഷനെതിരെ അന്വേഷണം ഊര്‍ജിതമാക്കി. ജര്‍മനിയിലെ പഠനത്തിനായി ഏജന്‍സിയെ സമീപിച്ച വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് റഷ്യയിലെത്തിച്ച് വഞ്ചിച്ചതായാണ് കൊല്ലം ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നത്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും തുക നല്‍കിയ നാല് യുവാക്കളാണ് റഷ്യയില്‍ നാല് മാസത്തെ ദുരിത ജീവിതത്തിന് ശേഷം ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലൂടെ നാട്ടില്‍ തിരിച്ചെത്തിയത്.

തുടക്കത്തില്‍ ജര്‍മന്‍ ഭാഷാ കോഴ്‌സിനായി ഫീസ് ഈടാക്കിയ ഏജന്‍സി, പിന്നീട് സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യയിലേക്ക് റൂട്ട് മാറ്റുകയായിരുന്നു. ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ആറ് ലക്ഷം രൂപ വീതം വാങ്ങിയ സ്ഥാപനം, ആഴ്ചയില്‍ രണ്ട് ദിവസം പഠനവും ബാക്കി ദിവസങ്ങളില്‍ ഉയര്‍ന്ന വേതനത്തില്‍ ജോലിയും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ റഷ്യന്‍ സര്‍വകലാശാലയിലെത്തിയപ്പോഴാണ് തങ്ങള്‍ക്ക് ലഭിച്ചത് ജോലി ചെയ്യാന്‍ അനുമതിയില്ലാത്ത പതിനെട്ട് മാസത്തെ ലാംഗ്വേജ് കോഴ്‌സാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. ഇതോടെ റഷ്യയില്‍ സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാര്‍ഥികളെ ഏജന്‍സിയുടെ പ്രാദേശിക പ്രതിനിധി ലഹരിക്കടത്തുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നു.

പ്രതിദിനം ആറായിരം റൂബിള്‍ വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത് ശൃംഖലയുടെ ഭാഗമാക്കാന്‍ ശ്രമം നടന്നതോടെ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് ഇവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്. നഷ്ടപ്പെട്ട പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. നിലവില്‍ നോര്‍ക്കയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റഷ്യയില്‍ ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കാത്തതിന് നല്‍കിയ മുന്നറിയിപ്പാണ് വ്യാജ പരാതിക്ക് കാരണമെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.