താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ആദ്യ ക്രൈസ്തവ ടെലിവിഷന്‍ ചാനല്‍; ചരിത്രം കുറിച്ച് മൊസ്ദ ടിവി

താലിബാന്‍ ഭരിക്കുന്ന  അഫ്ഗാനിസ്ഥാനില്‍ നിന്ന് ആദ്യ ക്രൈസ്തവ ടെലിവിഷന്‍ ചാനല്‍; ചരിത്രം കുറിച്ച് മൊസ്ദ ടിവി

കാബൂള്‍: ക്രിസ്തീയ വിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ആദ്യമായി ഒരു ക്രൈസ്തവ ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാന്‍ ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24 നാണ് സാറ്റലൈറ്റ്, ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന 'മൊസ്ദ ടിവി' പ്രവര്‍ത്തനം ആരംഭിച്ചത്.

2021 ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്ത് കര്‍ശന ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതോടെ ബൈബിള്‍ കൈവശം വയ്ക്കുന്നതിനും യേശു ക്രിസ്തുവിനെ പരസ്യമായി ആരാധിക്കുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നിലവില്‍ രാജ്യത്തെ ഔദ്യോഗിക ഭാഷകളായ ദാരി, പഷ്‌തോ ഭാഷകളിലാണ് ചാനല്‍ സംപ്രേഷണം നടത്തുന്നത്. തുര്‍ക്ക്‌മെന്‍, ബലൂചി, ഉസ്‌ബെക്, ഹസാരഗി തുടങ്ങിയ ഭാഷകളിലേക്കും പരിപാടികള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. അഫ്ഗാനിസ്ഥാനിലെ 3.5 കോടി ജനങ്ങളില്‍ മൂന്നില്‍ രണ്ടുപേരും ദാരി അല്ലെങ്കില്‍ പഷ്‌തോ ഭാഷ സംസാരിക്കുന്നവരാണ്.

എന്നാല്‍ രാജ്യത്ത് നാല്‍പ്പതിലധികം ഭാഷകളും നൂറുകണക്കിന് പ്രാദേശിക ഭാഷാ ഭേദങ്ങളും നിലവിലുണ്ട്. ഓരോ ഭാഷയിലും കുറഞ്ഞത് ഏതെങ്കിലും ഒരു പരിപാടിയെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മൊസ്ദ ടിവി അധികൃതര്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ മിക്ക വീടുകളിലും സാറ്റലൈറ്റ് ഡിഷുകള്‍ ലഭ്യമായതിനാല്‍ താലിബാന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അടുത്ത ഘട്ടത്തില്‍ സംപ്രേഷണം എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊസ്ദ ടിവി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മസൂദ് ഘോര്‍ബാനി പറഞ്ഞു.

താലിബാന്‍ ഭരണകൂടം സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പഠനം നിരോധിക്കുകയും പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളും ചാനല്‍ നല്‍കുന്നുണ്ട്.

അഫ്ഗാനികള്‍ അഫ്ഗാനികള്‍ക്കുവേണ്ടി തന്നെ രൂപീകരിച്ച ക്രൈസ്തവ മാധ്യമ ശുശ്രൂഷയാണ് മൊസ്ദ ടിവിയെന്നും യേശുക്രിസ്തുവെന്ന സത്യവും സന്തോഷവും സമാധാനവും രാജ്യത്തെ വിവിധ ഭാഷകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ചാനലിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇ - മെയില്‍ വഴിയും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും ചാനലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷമാണ് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ അപകടകരമായി മാറിയത്. ജനങ്ങളെ അടിച്ചമര്‍ത്തി ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും നടപ്പിലാക്കുന്ന താലിബാന്‍ നിലപാടില്‍ ക്രൈസ്തവര്‍ കടുത്ത വേദനകളാണ് അഫ്ഗാനിസ്ഥാനില്‍ നേരിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.