പതിനേഴുകാരന്റെ കൊലപാതകത്തില്‍ ഞെട്ടി തിരുവനന്തപുരം: മൊഴി മാറ്റി പ്രതി, നഗരത്തില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും

പതിനേഴുകാരന്റെ കൊലപാതകത്തില്‍ ഞെട്ടി തിരുവനന്തപുരം: മൊഴി മാറ്റി പ്രതി, നഗരത്തില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും

തിരുവനന്തപുരം: പ്രണയപ്പകയെത്തുടര്‍ന്ന് പതിനേഴുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാം ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ തലസ്ഥാന നഗരം നടുക്കത്തില്‍. ശ്രീകാര്യം പാങ്ങപ്പാറ പേരൂര്‍ അങ്കണവാടിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തിങ്കളാഴ്ചയാണ് അഭിരാമിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ പ്രധാന പ്രതിയെയും പ്രദേശവാസിയായ ഉമര്‍ എന്നയാളെയും ഒരു പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇന്‍സ്റ്റാഗ്രാം വഴി വന്ന ഒരു സന്ദേശമാണ് ദാരുണ സംഭവങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് അത്യാവശ്യമായി കാണണമെന്ന് ആവശ്യപ്പെട്ട് വന്ന സന്ദേശം വിശ്വസിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍നിന്നിറങ്ങിയ അഭിരാം ചെന്നെത്തിയത് മരണക്കണിയിലായിരുന്നു. പാങ്ങപ്പാറ ബസ് സ്റ്റോപ്പില്‍ നിന്നും ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് അഭിരാമിനെ കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് നടന്ന വാഗ്‌വാദത്തിനൊടുവില്‍ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ചാക്കിലാക്കി കാടുമൂടിയ പറമ്പിലെ താഴ്ചയിലേക്ക് തള്ളി കരിയിലകള്‍ വാരിയിടുകയാണ് ചെയ്തത്.

സംഭവത്തില്‍ ശ്രീകാര്യം പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഞായറാഴ്ച രാത്രി തന്നെ പരാതി നല്‍കിയിട്ടും കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ പൊലീസ് വിട്ടയച്ചതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രിയോടെ തെളിവെടുപ്പിനായി പ്രതിയെ സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കുന്നതിനിടെ നാട്ടുകാര്‍ പൊലീസ് വാഹനം തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൂടുതല്‍ സേനയെത്തി ബലപ്രയോഗത്തിലൂടെയാണ് തെളിവെടുപ്പിനുള്ള വാഹനം കടത്തിവിട്ടത്.

അതേസമയം പിടിയിലായ പ്രതി കസ്റ്റഡിയില്‍ നല്‍കുന്ന മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. ആദ്യം പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പറഞ്ഞ പ്രതി, പിന്നീട് മറ്റൊരു സുഹൃത്തിനെ ലക്ഷ്യമിട്ടാണ് അഭിരാമിനെ അവിടെയെത്തിച്ചതെന്നും തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും മൊഴി മാറ്റിയിട്ടുണ്ട്. നിലവില്‍ പത്തോളം പേരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന് പിന്നിലെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.