ഇങ്ങനെ പോയാല്‍ പച്ച തൊടില്ലെന്ന് ഹൈക്കമാന്‍ഡ്; പ്രചാരണം ശക്തമാക്കാന്‍ കര്‍ശന നിര്‍ദേശം

ഇങ്ങനെ പോയാല്‍ പച്ച തൊടില്ലെന്ന് ഹൈക്കമാന്‍ഡ്;  പ്രചാരണം ശക്തമാക്കാന്‍ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: തമ്മിലടിയും വിഴുപ്പലക്കലും അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം.

രണ്ടരയാഴ്ച മാത്രമാണ് തിരഞ്ഞെടുപ്പിനായി ഇനിയുളളത്. എന്നിട്ടും മുന്നണിയുടെ പ്രചാരണത്തിന് അടുക്കും ചിട്ടയും വന്നിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡിന് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്. ജോസ് കെ മാണി മുന്നണി വിട്ടുപോയത് കാര്യമാക്കിയെടുത്തില്ലെങ്കിലും പി.ജെ ജോസഫും കൂട്ടരും ചിഹ്നം പോലുമില്ലാതെ നേരിടുന്ന പ്രതിസന്ധി കോണ്‍ഗ്രസിന് ആശങ്കയാണ്. മധ്യതിരുവിതാംകൂറിലടക്കം പ്രചാരണം ശക്തമാക്കണമെന്നാണ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശം.

സോഷ്യല്‍ മീഡിയ ക്യാമ്പയിനിലടക്കം യുഡിഎഫ് പിന്നിലാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ പരസ്യ ക്യാമ്പയിനുകളിലും ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. വികസനം മാത്രം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്ന ഇടതുമുന്നണി പ്രചാരണത്തെ ഫലപ്രദമായി തടയാന്‍ യുഡിഎഫിനാകുന്നില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

തൊണ്ണൂറോളം സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും ചുരുങ്ങിയത് അമ്പത് സീറ്റെങ്കിലും നേടാതെ രക്ഷയില്ലെന്നാണ് ദേശീയ നേൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നത്. യുവാക്കള്‍ക്കള്‍ക്കും സമൂഹത്തിന്റെ വിവിധ തുറകളിലുളളവര്‍ക്കും പ്രാധാന്യം നല്‍കി വിപ്ലവകരമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇറങ്ങിയതെങ്കിലും പ്രചാരണം ശക്തമാകാതെ കാര്യമില്ലെന്ന് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.

2001ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. അന്ന് കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയത് 63 സീറ്റുകള്‍ ആയിരുന്നു. മത്സരിച്ച 88 സീറ്റുകളില്‍ 63ലും വിജയം വരിച്ച് റെക്കോര്‍ഡ് നേട്ടമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. എന്നാല്‍ അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്നും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനായില്ല.

നാല്‍പ്പത് സീറ്റിന് മുകളില്‍ നേടാന്‍ പോലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇത്തരം സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇത്തവണ എങ്ങനെ അമ്പത് സീറ്റ് നേടുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആശങ്കയിലാക്കുന്നത്. 2001ല്‍ 63 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് 2006ല്‍ 24 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2011ല്‍ അധികാരത്തിലെത്തിയിട്ടും കോണ്‍ഗ്രസിന് ആകെ ജയിക്കാനായത് 39 സീറ്റുകളിലാണ്. 82 സീറ്റുകളിലായിരുന്നു അന്ന് മത്സരിച്ചത്. 2016ല്‍ ഇത് 22 ആയി ചുരുങ്ങി.

ഗ്രൂപ്പിന് അതീതമായി ഇത്തവണ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരും മുമ്പേ ഗ്രൂപ്പ് വഴക്ക് രൂക്ഷമായി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തെത്തിയിട്ടും വഴക്കിന് ശമനമായിട്ടില്ല. സാധാരണഗതിയില്‍ ഭരിക്കുന്ന പാര്‍ട്ടിയ്ക്കെതിരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ കേരളത്തില്‍ അത്തരമൊരു വികാരം ഇല്ലെന്നാണ് പ്രീ പോള്‍ സര്‍വേകളുടെ പ്രവചനം. പുറത്തു വന്ന പത്തിലധികം സര്‍വേകളും എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നുമുണ്ട്.

92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍ 27 സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗവും. ശേഷിക്കുന്ന 11 സീറ്റുകളാണ് മറ്റ് ഘടകക്ഷികള്‍ക്കുളളത്. അമ്പത് സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്വന്തമാക്കിയാല്‍ ഘടകക്ഷികളെല്ലാം ചേര്‍ന്ന് ഇരുപതിലേറെ സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ ഇതെല്ലാം നടക്കാത്ത സ്വപ്‌നമായി മാറുമോ എന്നാണ് ഹൈക്കമാന്‍ഡിന്റെ ആശങ്ക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.