ജസ്റ്റിസ് എന്‍.വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; എസ്.എ ബോബ്‌ഡെ ഏപ്രില്‍ 23 ന് വിരമിക്കും

ജസ്റ്റിസ് എന്‍.വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്;   എസ്.എ ബോബ്‌ഡെ ഏപ്രില്‍ 23 ന് വിരമിക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍.വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ ജസ്റ്റിസ് എന്‍.വിരമണയുടെ പേര് ശുപാര്‍ശ ചെയ്തു. പിന്‍ഗാമിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ ഏപ്രില്‍ 23-ന് വിരമിക്കും.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി.രമണ. 1957 ആഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വ്വീസുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രമണയ്‌ക്കെതിരെ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായി ടിഡിപിക്ക് വേണ്ടി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പരാതി. ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഇക്കാര്യങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചിരുന്നു.

ജമ്മു കശ്മീരില്‍ ഇന്‍ര്‍നെറ്റ് നിരോധിച്ചത് പുനപരിശോധിക്കണം എന്ന് നിര്‍ദേശിച്ച സുപ്രീം കോടതി ബെഞ്ചിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്‍ടിഐ നിയമത്തിന് കീഴില്‍ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു. ആര്‍.എഫ് നരിമാനാണ് രമണയ്ക്ക് ശേഷം സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജ്. അദ്ദേഹം ഈ ഓഗസ്റ്റ് 12-ന് വിരമിക്കും. ജസ്റ്റിസ് യു. ലളിതാണ് അടുത്ത സീനിയര്‍. അദ്ദേഹത്തിന് 2022 നവംബര്‍ എട്ട് വരെ സര്‍വ്വീസുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.