ആരോപണങ്ങള്‍ സത്യവിരുദ്ധം; ഇ.ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

ആരോപണങ്ങള്‍ സത്യവിരുദ്ധം; ഇ.ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആരോപണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇ.ഡിക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും ഇ.ഡിയുടെ കസ്റ്റഡിയില്‍ ഇരുന്നപ്പോഴാണ് ശബ്ദം റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്.

പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇ.ഡിക്കെതിരേ കേസെടുത്തത്. ഇ.ഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന ശബ്ദരേഖ റെക്കോഡ് ചെയ്തതെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്തിലും സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡിയുടെ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഇ.ഡിയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

ഇ.ഡി അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടറായ പി. രാധാകൃഷ്ണനെതിരേയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. ഇദ്ദേഹം പ്രതികളുടെ മൊഴികള്‍ ദുരുപയോഗം ചെയ്തെന്നും ഉന്നതര്‍ക്കെതിരേ ഊഹാപോങ്ങള്‍ പുറത്തുവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹര്‍ജിക്കൊപ്പം മറ്റു രേഖകളും ഹാജരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരിന്‍ പി.ലാവലാണ് ചൊവ്വാഴ്ച സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.