കോവിഡ് മഹാമാരിയെ തുടര്‍ന്ന് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയിലൂടെയാണ് രാജ്യങ്ങള്‍ കടന്നുപോകുന്നത്. ലോകത്തിലെ 90 ശതമാനത്തില്‍ അധികം രാജ്യങ്ങളേയും ഇത് പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയില്‍ 2020-21 സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് സര്‍വ്വേ. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ് 7.7 ശതമാനം ചുരുങ്ങും. അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 11 ശതമാനമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുമ്പോട്ട് കുതിക്കാന്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. പക്ഷെ നിര്‍മാണം, ഉല്‍പ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകള്‍ക്ക് കോവിഡ് വ്യാപനം വന്‍ തിരിച്ചടി ഉണ്ടാക്കിയതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഏറെ മുന്‍പ് തന്നെ, മൊത്ത ചരക്കുനീക്കത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ നേട്ടം ഇന്ത്യന്‍ റെയില്‍വേ സ്വന്തമാക്കിയിരുന്നു. കോവിഡ് 19ന്റെ വെല്ലുവിളികള്‍ക്കിടയിലും ട്രെയ്ന്‍ വഴിയുള്ള ചരക്കുനീക്കം വളര്‍ച്ച സ്വന്തമാക്കുകയായിരുന്നു. ഈ വര്‍ഷത്തെ മൊത്ത ചരക്ക് നീക്കം 2021 മാര്‍ച്ച് 11ലെ കണക്ക് പ്രകാരം 1145.68 മില്യണ്‍ ടണ്‍ പിന്നിട്ടു. അതേസമയം ,കഴിഞ്ഞവര്‍ഷം മൊത്തത്തില്‍ തീവണ്ടി മാര്‍ഗത്തില്‍ വിതരണംചെയ്തത് 1145.61 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആയിരുന്നു. മാര്‍ച്ച് 11 വരെയുള്ള കണക്ക് പ്രകാരം പ്രതിമാസം ശരാശരി 43.43 മില്യണ്‍ ടണ്‍ ചരക്കുകള്‍ ആണ് റെയില്‍വേ നടപ്പു സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍( 39.33 മില്യണ്‍ ടണ്‍ ) 10 ശതമാനം കൂടുതലാണ്.
എന്തായാലും ശ്രദ്ധിക്കേണ്ട കാര്യം ആദായ നികുതി സംബന്ധമായ പല നടപടികളുടെയും അവസാന തീയതി ഇന്നാണ് എന്നതാണ്. അതുകൊണ്ടു ഇന്ന് പൂര്‍ത്തികരിക്കേണ്ട സമ്പത്തിക ഇടപാടുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
2020- 21 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി ഇളവു ലഭിക്കാന്‍ അര്‍ഹമായ നിക്ഷേപങ്ങളും ചെലവുകളും നടത്തേണ്ട അവസാന തീയതി ഇന്നാണ്. നികുതിയിളവു ബാധകമായ ലീവ് ട്രാവല്‍ കണ്‍സഷന്‍ കാഷ് വൗച്ചര്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവസാന തീയതിയും ഇന്ന് അവസാനിക്കും. 2019-20 വര്‍ഷത്തെ ആദായ നികുതി റിട്ടേണും (അസസ്‌മെന്റ് വര്‍ഷം 2020-21) തിരുത്തിയ റിട്ടേണും പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. കൂടാതെ ആധാറും ആദായനികുതി വകുപ്പ് നല്‍കിയിട്ടുള്ള പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പാന്‍) ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ഇന്ന് ഇത് ചെയ്തില്ലെങ്കില്‍ പാന്‍ നാളെ മുതല്‍ അസാധുവാകും എന്ന് പ്രത്യേകം ഓര്‍ക്കുക.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതി ഇനത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) നിക്ഷേപം ഒരു വര്‍ഷം 2.5 ലക്ഷത്തില്‍ കൂടുതലായാല്‍ അതിന്റെ പലിശയ്ക്ക് ആദായ നികുതി നല്‍കണമെന്ന വ്യവസ്ഥ നാളെ മുതല്‍ പ്രാബല്യത്തിലാകും. 2 വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതു മുടക്കിയവരില്‍നിന്ന്,ടിഡിഎസ്, ടിസിഎസ് നിരക്ക് ഇരട്ടിയാകും. കൂടാതെ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍, ഐടി റിട്ടേണ്‍ ഫോമുകളില്‍ കൂടുതല്‍ വിവരങ്ങള്‍ നികുതി വകുപ്പു തന്നെ രേഖപ്പെടുത്തും. നിലവില്‍, ശമ്പളം, മുന്‍കൂര്‍ നികുതി തുടങ്ങിയ വിവരങ്ങളാണുള്ളത്. ഇനി മുതല്‍ മറ്റു വരുമാന സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനവും ഉള്‍പ്പെടുത്താനാണ് തീരുമാനം.
കൂടാതെ പല ബാങ്കുകളുടെയും പാസ് ബുക്കുകളും ചെക്ക് ബുക്കുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ ഉണ്ടാകില്ല. ദേനാ ബാങ്ക്, വിജയാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ 8 ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്കു നല്‍കിയിട്ടുള്ള പാസ്ബുക്കിനും ചെക്ക് ബുക്കിനും നാളെ മുതല്‍ പ്രാബല്യമില്ല. ഈ ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡ (ദേനാ, വിജയ), പഞ്ചാബ് നാഷനല്‍ ബാങ്ക് (ഓറിയന്റല്‍, യുണൈറ്റഡ്), കാനറ ബാങ്ക് (സിന്‍ഡിക്കറ്റ്), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (ആന്ധ്ര, കോര്‍പറേഷന്‍), ഇന്ത്യന്‍ ബാങ്ക് (അലഹാബാദ്) എന്നീ ബാങ്കുകളില്‍ ലയിപ്പിച്ചതുകൊണ്ടാണ് ഈ മാറ്റം. ഈ അക്കൗണ്ട് ഉടമകള്‍, ഏതു ബാങ്ക് ശാഖയിലേക്കാണോ ലയിപ്പിക്കപ്പെട്ടത്, അവിടെനിന്ന് പുതിയ ചെക്ബുക്കും പാസ് ബുക്കും വാങ്ങണം. പുതിയ ഐഎഫ്എസ് കോഡ്, എംഐസിആര്‍ കോഡ് എന്നിവ മനസ്സിലാക്കുകയും വേണം.
പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞ പുതിയ തൊഴില്‍ നിയമങ്ങളുടെ വിജ്ഞാപനം വന്നിട്ടില്ലെങ്കിലും ശമ്പളത്തിന്റെ രൂപം മാറിയേക്കും. പുതിയ സാമ്പത്തിക വര്‍ഷം തുടക്കം മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലാകുമെന്നാണു സൂചന. ഇതു നടപ്പായാല്‍ ശമ്പള ഘടനയില്‍ വലിയ മാറ്റമുണ്ടാകും. അടിസ്ഥാന ശമ്പളവും (ബേസിക്‌പേ) വിവിധ അലവന്‍സുകളും ചേര്‍ന്ന മൊത്തം ശമ്പളം എന്ന രീതിയിലാണു മാറ്റം. മൊത്ത ശമ്പളത്തിന്റെ 50% എങ്കിലും അടിസ്ഥാന ശമ്പളമായിരിക്കണം എന്നാണു പുതിയ ചട്ടം. അങ്ങനെയാകുമ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ആയി കണക്കാക്കുന്ന പിഎഫ് നിക്ഷേപം മുതലായവയിലേക്കുള്ള പ്രതിമാസ വിഹിതം കൂടും. അങ്ങനെ വരുമ്പോള്‍ കയ്യില്‍ കിട്ടുന്ന ശമ്പളം കുറയും. എന്നാല്‍ പിഎഫ് നിക്ഷേപവും ഗ്രാറ്റുവിറ്റിയും കൂടുകയും വിരമിക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന തുക ഉയരുകയും ചെയ്യും.
50 കോടിക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് നാളെ മുതല്‍ ഇഇന്‍വോയ്‌സിങ് നിര്‍ബന്ധം. ഇന്‍വോയ്സിങ് ബാധകമായ വ്യാപാരികള്‍ നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും പുറമെ വ്യാപാരി നല്‍കുന്ന ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകള്‍ക്കും ഇന്‍വോയ്സിങ് നടത്തണം. ചരക്കുനീക്കം നടത്തുന്നതിന് മുന്‍പുതന്നെ ഇന്‍വോയ്സ് തയാറാക്കണം. ഇതിനായി ജിഎസ്ടി കോമണ്‍ പോര്‍ട്ടല്‍ വഴിയോ ഇന്‍വോയ്‌സ് റജിസ്‌ട്രേഷന്‍ വഴിയോ ഇന്‍വോയ്‌സ് റജിസ്‌ട്രേഷനെടുക്കണം. ഇന്‍വോയ്സിങ് നടത്തിയില്ലെങ്കില്‍ ചരക്കു സ്വീകരിക്കുന്നയാള്‍ക്ക് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹത ലഭിക്കില്ല. സെസ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്‍സികള്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട് സര്‍വീസ്, മള്‍ട്ടിപ്ലെക്‌സ് സിനിമ എന്നീ മേഖലകളെ ഇ- ഇന്‍വോയ്‌സിങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റൊന്നുള്ളത് ഫോണ്‍ ബില്‍, റീചാര്‍ജ്, ഡിടിഎച്ച് റീചാര്‍ജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളില്‍ വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ പേയ്‌മെന്റ് വോലറ്റുകളില്‍നിന്നോ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നോ 'ഓട്ടമാറ്റിക്' ആയി പണമെടുക്കാവുന്ന രീതി ഇന്ന് മുതല്‍ അവസാനിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരം, ഇത്തരം അവസരങ്ങളില്‍ പണം ഈടാക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസമെങ്കിലും ഇടപാടുകാര്‍ക്ക് സന്ദേശമയച്ച് അനുവാദം വാങ്ങിയ ശേഷമേ ഇടപാടു പൂര്‍ത്തിയാക്കാവൂ. 5000 രൂപ വരെയുള്ള ബില്ലുകള്‍ക്കാണിത്. അതിലും ഉയര്‍ന്ന ഇടപാടുകള്‍ക്ക് വണ്‍ടൈം പാസ്വേഡ് (ഒടിപി) തന്നെ ഏര്‍പ്പെടുത്തും. ഈ വ്യവസ്ഥ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ധനസ്ഥാപനങ്ങളുടെ ആവശ്യം റിസര്‍വ് ബാങ്ക് ഇതുവരെ അനുവദിചച്ചിട്ടില്ല. ഇന്നെങ്കിലും തീരുമാനം ആയില്ലെങ്കില്‍ നാളെ മുതല്‍ ഇത്തരം പണമടവുകളില്‍ തടസ്സം നേരിട്ടേക്കാമെന്ന് ധനസ്ഥാപനങ്ങള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.