ഇന്ത്യ സന്ദര്‍ശിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യ സന്ദര്‍ശിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും

ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ-ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്ന സൂചനകളാണ് ലഭിക്കുന്നത്.

ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാനിരിക്കെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നത് ഉറ്റു നോക്കുകയാണ് ലോകം. പുടിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും.

കഴിഞ്ഞ ആഴ്ച റഷ്യ സന്ദര്‍ശിച്ച അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി സെര്‍ഗെയി ഷൊയിഗുവുമായും ഡോവല്‍ ചര്‍ച്ച നടത്തിയിരുന്നു. വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി.

ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ-ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ 2024-2025 സാമ്പത്തിക വര്‍ഷം 57 ലക്ഷം ടണ്‍ യൂറിയയാണ് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24 ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷം ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

ചൈനീസ് പൗരന്മാര്‍ക്ക് വിനോദ സഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ വ്യോമയാന കമ്പനികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിര്‍ത്തി വെച്ചത്. പിന്നാലെ 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകര്‍ച്ചയും ഇക്കാര്യത്തില്‍ പുനപരിശോധന ഉണ്ടായില്ല.

ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം 2024 ഒക്ടോബറില്‍ മുമ്പ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളില്‍ ഇനിയും ഇത് പൂര്‍ത്തിയാകാനുണ്ട്.

ഈ സാഹചര്യത്തില്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019 ന് ശേഷം ആദ്യമായാണ് മോഡി ചൈനയിലേക്ക് പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്ന സൂചനകള്‍ അടുത്തിടെ വന്നിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.