'ഇത് അതുല്യമായ അനുഭവം': 'മരിച്ചവര്‍ക്കൊപ്പം' ചായ കുടിക്കാന്‍ അവസരമൊരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

'ഇത് അതുല്യമായ അനുഭവം': 'മരിച്ചവര്‍ക്കൊപ്പം' ചായ കുടിക്കാന്‍ അവസരമൊരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുനപരിശോധനയെ (എസ്.ഐ.ആര്‍) തുടര്‍ന്ന് 'മരിച്ചു പോയവര്‍' എന്ന് വ്യക്തമാക്കി കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ബിഹാറില്‍ നിന്നെത്തിയ ഏഴംഗ സംഘവുമായി ഡല്‍ഹിയില്‍ ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യ സഖ്യം പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി അവര്‍ക്ക് ഉറപ്പു നല്‍കി.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്.ഐ.ആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.


മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്.

'ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ 'മരിച്ചവരോടൊപ്പം' ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,' എന്നാണ് ഇവരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ച് രാഹുല്‍ എക്‌സില്‍ കുറിച്ചത്.

എസ്.ഐ.ആറിന് ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ചിരുന്നുവെന്നും എന്നിട്ടും ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നും സഞ്ജയ് യാദവ് എംപി പറഞ്ഞു.

പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിന് കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നില്ലെന്നും യാദവ് രാഹുലിനോട് പറഞ്ഞു. ഇതിന് രാഹുല്‍ നല്‍കുന്ന മറുപടിയും വീഡിയോയില്‍ കേള്‍ക്കാം. 'വിവരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വിവരം നല്‍കിക്കഴിഞ്ഞാല്‍ കളി തീര്‍ന്നു' എന്നും രാഹുല്‍ പറയുന്നുണ്ട്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.