പ്രഘോഷിക്കാതെ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്റെ വക്താവ്: ഫാ ജോർജ് കാവുകാട്ട് (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 1)

പ്രഘോഷിക്കാതെ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്റെ വക്താവ്: ഫാ ജോർജ് കാവുകാട്ട് (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 1)

വാട്‍സ് ആപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസ്സേജ് ആണ് ഇത് എഴുതാൻ പ്രേരണയായത്. കിണറിൽ ഇറങ്ങി നിന്ന് കിണറ്റിലെ വെള്ളം വൃത്തിയാക്കുന്ന എഴുപതുകാരനായ ഒരു വൈദികന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിശദമായ ആ പോസ്റ്റും വായിച്ചപ്പോൾ ആ വൈദികനെപ്പറ്റി കൂടുതൽ അറിയണം എന്ന് തോന്നി. ആ പോസ്റ്റിന്റെ അവസാനം ഇങ്ങനെ ഒരു കുറിപ്പുണ്ടായിരുന്നു ' കഥകളുടെ രാജകുമാരനും, സംസാരപ്രിയനുമായ ജോർജ്ജ് അച്ചനെ വിളിച്ചു ഒന്ന് അഭിനന്ദിക്കുന്നത് നല്ലതാണ്’ എന്ന്. ഒപ്പം അച്ചന്റെ ഫോൺ നമ്പരും(ആ പ്രയോഗം സത്യമാണ് എന്ന് അച്ചനോട് സംസാരിച്ചപ്പോൾ എനിക്കും മനസ്സിലായി. അച്ചൻ കഥകളുടെ രാജകുമാരനും സംസാര പ്രിയനുമാണ്). ആ ഫോൺ നമ്പറിൽ ഉടനെതന്നെ അച്ചനുമായി ബന്ധപ്പെട്ടു. അല്പം ആശങ്കയോടുകൂടിയാണ് അച്ചന് മെസ്സേജ് ചെയ്തത്. എങ്ങിനെ ആയിരിക്കും പ്രതികരിക്കുക, മറുപടി തരുമോ തുടങ്ങിയ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സംശയങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ആദ്യത്തെ മെസ്സേജിൽ തന്നെ, വിളിച്ചുകൊള്ളാൻ അനുവാദം തന്നു. സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ മനസ്സിലായി തീരെ സാധുവും അങ്ങേയറ്റം വിനയാന്വിതനും സരസനും സംസാരപ്രിയനുമായ ആളാണ് ഈ വൈദികൻ എന്ന്. എനിക്ക് അധികം ഒന്നും ചോദിക്കേണ്ടി വന്നില്ല, അച്ചൻ തന്നെ ഓരോന്നായി ഇങ്ങോട്ട് പറഞ്ഞ് തന്നു. ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ അധികവും സംസാരിച്ചത് അച്ചൻ തന്നെയായിരുന്നു. 41 വർഷത്തെ തന്റെ സംഭവബഹുലമായ ആത്മീയ ജീവിതവും സേവനങ്ങളും വളരെ ഉത്സാഹത്തോട് കൂടിത്തന്നെ അച്ചൻ വിവരിച്ചു. അച്ചൻ പറയുന്നതനുസരിച്ച് ഞാൻ കുറിച്ചെടുത്ത് കൊണ്ടിരുന്നു. ചുറുചുറുക്കോട് കൂടിയുള്ള അച്ചന്റെ സംസാരത്തോടൊപ്പം ഓടിയെത്താൻ എന്റെ കൈ വല്ലാതെ ബുദ്ധിമുട്ടി. സംഭാഷണത്തിന്റെ ഒടുവിൽ ഒരു കടലാസിന്റെ രണ്ട് പുറം നിറയെ ഞാൻ കുത്തികുറിച്ചിരുന്നു.


അങ്ങേയറ്റം അതിശയത്തോടുകൂടിയല്ലാതെ അച്ചൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് കേട്ടിരിക്കാനായില്ല . ദാരിദ്ര്യം അതിന്റെ പരമകോടിയിൽ ജീവിതത്തിൽ സ്വാംശീകരിച്ച ഈ പുണ്യ വൈദികൻ ആരാണെന്നല്ലേ? കാലം ചെയ്ത അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് പിതാവിന്റെ സഹോദരന്റെ കൊച്ചുമകനായ ബഹു.ഫാ ജോർജ് കാവുകാട്ട് എം എസ്‌ റ്റി. മിഷനറീസ് ഓഫ് സെന്റ് തോമസ് സഭാംഗമാണ് ഈ വൈദികൻ. എഴുപത്തി ഒന്നാം വയസ്സിലും, തന്റെ ഇരുപത്തെട്ടാം വയസ്സിൽ വൈദികവൃത്തി തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന അതേ ഊർജസ്വലതയും ഉത്സാഹവും ഇന്നും കൂടെ കൊണ്ട് നടക്കുന്നു.
1978 ൽ നവ വൈദികനായി മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയുടെ കീഴിൽ രാജ്‌ഘട്ട് ജില്ലയിലെ മാന ഗ്രാമത്തിൽ, ഫൂലൻ ദേവിയുടെ വിളയാട്ട സ്ഥലമായ പ്രദേശത്തു പ്രേഷിത വേല ആരംഭിക്കുമ്പോൾ സ്വന്തമായി ഉണ്ടായിരുന്നത് ഒരു സൈക്കിളും ഒരു ചാക്കുമായിരുന്നു. ആദ്യം അവിശ്വസനീയമായി തോന്നിയ ഈ കാര്യം ഉറപ്പിക്കാൻ ഞാൻ വീണ്ടും വീണ്ടും ചോദിച്ചു. അതെ, ഞാൻ കേട്ടത് ശെരി തന്നെയായിരുന്നു ,കിടക്കാനും പുതക്കാനും വി കുർബാനയ്ക്ക് വിരിക്കാനും എല്ലാം ഉണ്ടായിരുന്നത് ചാക്ക് മാത്രം! യേശുവിനെ പ്പറ്റി കേട്ടിട്ടില്ലാത്ത കിരാതരായ ആ മനുഷ്യരുടെയിടയിൽ യേശുവിനെ പകർന്ന് കൊടുത്തു ഈ വൈദികൻ. കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ചു. ആൽച്ചുവട്ടിൽ ഉറക്കം. പതിവായി ആൽച്ചുവട്ടിൽ കിടന്നുറങ്ങുന്ന ഈ ചെറുപ്പക്കാരനോട് സഹതാപം തോന്നിയിട്ട് അവിടെ ഉള്ള പൂജാരി തന്റെ കൂടെ കൂട്ടി. അങ്ങനെ കിടപ്പ് പൂജാരിയുടെ കുടിലിലായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗ്രാമത്തലവൻ കിടക്കാൻ ഒരിടം കൊടുത്തു. പിന്നീട് പഞ്ചായത്ത് കൂടി അല്പം ഭൂമി സംഭാവനയായി നൽകി. ചികിത്സ എന്താണെന്ന് പോലും അറിയില്ലാതിരുന്ന ആ നാട്ടിൽ, ചെറിയ ചികിത്സകൾ ചെയ്ത് തുടങ്ങി. പുഴുത്ത്, പുഴുക്കൾ അരിച്ചിറങ്ങിയ ശരീരം വൃത്തിയാക്കിയത് അച്ചൻ പറഞ്ഞത് അങ്ങേയറ്റം സന്തോഷത്തോടു കൂടിയാണ്. പതിയെ ഓരോ മരുന്നുകൾ കൊടുത്ത് തുടങ്ങി. നാട്ടിൽനിന്നും തപാൽ വഴി മരുന്നുകൾ വരുത്തി അവിടെ ഉള്ളവർക്ക് കൊടുത്തു. വിദ്യാഭ്യാസം എന്തെന്ന് അറിയില്ലാതിരുന്ന ആ നാട്ടിൽ സ്ക്കൂൾ ആരംഭിച്ചു. അന്ന് ആ സ്ക്കൂളിൽ പഠിച്ച കുട്ടികളിൽ ചിലർ ഇന്ന് ഡോക്ടറായി ജോലി നോക്കുന്നു എന്ന സന്തോഷ വാർത്ത പങ്കു വച്ചപ്പോൾ ആ ശബ്‌ദത്തിൽ വല്ലാത്ത അഭിമാനം തുളുമ്പിയിരുന്നു.

വെള്ളം ഇല്ലാതിരുന്ന ആ നാട്ടിൽ സ്വയം കിണർ കുത്തി വെള്ളം ലഭ്യമാക്കിയത് മറ്റാരുമല്ല, ചെറുപ്പക്കാരനായ ഈ വൈദികനാണ്.
അവിടുത്തെ ആറ് വർഷത്തെ സേവനത്തിന് ശേഷം സീറോ മലബാർ ബിഷപ്‌സ് കോൺഫറൻസ് ആവശ്യപ്പെട്ടതനുസരിച്ച് 1984 ൽ തന്റെ സേവനഭൂമി മഹാരാഷ്ട്രയിലെ പൂനെയിലേക്ക് മാറ്റി.
1984 മുതൽ 1990 വരെയായിരുന്നു കാവുകാട്ടച്ചൻറെ പൂനെയിലെ സേവന കാലം.
ആദ്യമായി ഒരു ഇടവക വികാരിയായി ചുമതലയേൽക്കുന്നത് ഈ കാലഘട്ടത്തിലാണ്. പൂനാ ലത്തീൻ രൂപതയുടെ അതിർത്തിയിൽ ഉണ്ടായിരുന്ന സിറോ മലബാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾക്ക് വേണ്ടി അന്നത്തെ പൂനാ ലത്തീൻ രൂപതയുടെ അധ്യക്ഷനായിരുന്ന ബിഷപ് വാലേറിയൻ ഡിസൂസയാണ് അച്ചനെ നിയോഗിച്ചത്. അന്നത്തെ 'ലീഡർ ഓഫ് ദി പാസ്റ്ററൽ ടീം' ആയിരുന്നു അച്ചൻ. പന്ത്രണ്ടോളം ഇടവകകളുടെ രൂപീകരണവും അച്ചന്റെ ഉത്തരവാദിത്വം ആയിരുന്നു. ആ കാലയളവിൽ ആണ് അൽഫോൻസാ സ്കൂൾ ആരംഭിച്ചത്.

ഒന്നുമില്ലായ്കയിൽനിന്നും ആരംഭിക്കേണ്ടിയിരുന്ന സ്കൂൾ നിർമ്മാണം സാധ്യമായത് അവിടുത്തെ ഗ്രാമത്തിലുള്ള ഒരു മഹാരാഷ്ട്രൻ വയോധികന്റെ സന്മനസ്സ് കൊണ്ടാണ്. മധ്യപ്രദേശിലെ ഉൾഗ്രാമത്തിൽ നിന്നും വന്ന കാവുകട്ടച്ചന് ആ ഗ്രാമത്തിലുള്ളവരുമായി ചങ്ങാത്തം കൂടുന്നത് അനായാസമായിരുന്നു. വളരെ പെട്ടെന്ന് തന്നെ അവിടുത്തെ ആളുകളുടെ ഇഷ്ടം സമ്പാദിച്ചു . എൺപത് വയസോളമുള്ള ആ ഗ്രാമീണൻ ആവശ്യമുള്ള സ്ഥലം അച്ഛന് കൊടുക്കാൻ മനസായി. അച്ചന് ആവശ്യമുള്ള സ്ഥലം കൊടുക്കണമെന്നും പണം ഇപ്പോൾ വാങ്ങരുത്, അച്ചൻ തരുമ്പോൾ വാങ്ങിയാൽ മതിയെന്നും മക്കളെ പറഞ്ഞേൽപ്പിച്ചു. പൂനെയിലെ പിംപ്രിയിലുള്ള സെന്റ് അൽഫോൻസാ സ്കൂളിന്റെയും പള്ളിയുടെയും തുടക്കം അതാണ്. നത്തു നാരായൺ നടയ് എന്ന വിശാല മനസ്കനായ ആ മറാഠ വയോധികന്റെ കൊച്ചുമക്കളും വിദ്യാഭ്യാസം നേടിയത് അതെ സ്കൂളിലാണ്. ഇന്ന് നാലായിരത്തോളം കുട്ടികളുള്ള പേരുകേട്ട ഒരു സ്കൂളാണ് പ്രസ്തുത സ്കൂൾ. പിന്നീട് 1990 ൽ ഇതിന്റെയെല്ലാം ചുമതല പുതുതായി രൂപം കൊണ്ട കല്യാൺ രൂപതയ്ക്ക് കൈമാറിയിട്ട് സാംഗ്ലി മിഷന്റെ തുടക്കത്തിനായി അച്ചൻ അവിടം വിട്ടു.

സാംഗ്ലി മിഷൻ തുടങ്ങാൻ പുറപ്പെട്ടപ്പോൾ അച്ചന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് മഹാരാഷ്ട്രയുടെ മാപ്പും അപ്പോയ്ന്റ്മെന്റ് ഓർഡറും പിന്നെ ദൈവാശ്രയവും മാത്രമായിരുന്നു എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. സാംഗ്ലി മിഷന്റെ രൂപീകരത്തിൽ അച്ചന് കൂട്ടിനെ സഹകാരികളായി രണ്ട് വൈദികരും ഉണ്ടായിരുന്നു. സാംഗ്ലി മിഷന്റെ പ്രഥമ റീജിയണൽ ഡയറക്ടർ ആയിട്ടായിരുന്നു അച്ചന്റെ നിയമനം.
തഴയപ്പെട്ട, ആരുമില്ലാത്ത പാവപ്പെട്ട കുഞ്ഞുങ്ങളെ ചേർത്ത് വച്ചു ഈ വൈദികൻ. അങ്ങിനെ കൂട്ടിച്ചേർത്ത് 1990 ൽ ആരംഭിച്ചതാണ് 'സാംഗ്ലി മിഷൻ'. "അധ്വാനിച്ച് ഒരു ജനതയ്ക്ക് രൂപം കൊടുത്ത" കഥയാണ് സാംഗ്ലി മിഷനെപ്പറ്റി പറയുമ്പോൾ അച്ചന് പറയാനുള്ളത്. പൂജ്യത്തിൽ നിന്നും ആരംഭിച്ചതാണ് ഈ മിഷൻ. ഉണ്ടായിരുന്നത് ഒരു കോഴി വളർത്തൽ ഷെഡ്ഡ് ആയിരുന്നു. ചുരുങ്ങിയ ചെലവിൽ അതിനെ ആകർഷണീയമായ രീതിയിൽ ഒരുക്കിയെടുത്തു. പൂന്തോട്ടവും മുയലുകളും പക്ഷികളുമൊക്കെയായി കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ആക്കി. ഒരു സ്കൂൾ തുടങ്ങി. " അനുകമ്പയുള്ള യേശുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക" എന്നതായിരുന്നു ഈ മിഷന്റെ ദൗത്യം . അക്കാലത്ത് ഈ സ്കൂളിന്റെ ഡയറക്ടറും പ്രിൻസിപ്പളും ഡ്രൈവറും തൂപ്പുകാരനും എല്ലാം അച്ചൻ തന്നെയായിരുന്നു.

ഇന്ന് ഈ മിഷന്റെ കീഴിൽ പത്ത് ഫോർമൽ സ്കൂളുകളും പത്ത് 'ലെസ്സ് പ്രിവിലേജ്‌ഡ്നു'ള്ള സ്കൂളുകളും ഉണ്ട്. ഇവയിൽ ആറ് സ്കൂളുകൾ അൽഫോൻസാമ്മയുടെ പേരിലാണ്. എച് ഐ വി ബാധിച്ചവരും, മാനസിക വൈകല്യമുള്ളവരും അംഗ വൈകല്യമുള്ളവരുമൊക്കെയായി അയിരത്തോളം പേർ ഇവിടെ പരിചരിക്കപ്പെടുന്നു. ഫോർമൽ സ്കൂളിൽ നിന്നുമുള്ള വരുമാനം കൊണ്ട് പാവങ്ങൾക്കുള്ള സ്കൂൾ നടത്തിപ്പോരുന്നു. ഈ മിഷന് തുടക്കം കുറിച്ചത് ഇപ്പോഴത്തെ ഏറ്റവും സീനിയർ ആയ ജോർജ് അച്ചനാണെകിലും അദ്ദേഹം ഇപ്പോൾ മിഷന്റെ കാര്യങ്ങളിൽ അധികം ഇടപെടാറില്ല. നാല്പതോളം മിടുക്കരായ അച്ചന്മാരുടെ ചുമതലയിൽ ഈ മിഷൻ ഇപ്പോൾ ഭംഗിയായി നടക്കുന്നു എന്ന് അച്ചൻ പറഞ്ഞു. ഇപ്പോൾ അച്ചൻ ആയിരിക്കുന്ന സിന്ധു ദുർഗിലെ ഓറസ് എന്ന സ്ഥലത്തെ തെരേസ വെൽഫെയർ സെന്റർ എന്നറിയപ്പെടുന്ന ചെറിയ മിഷൻ സ്റ്റേഷന്റെ ചുമതല മാത്രമാണുള്ളത് എല്ലാ മിഷൻ സെന്ററുകളോടും ചേർന്ന് കുറച്ച് കൃഷി ഭൂമിയും ഉണ്ട്. ആവശ്യമുള്ള ഭക്ഷണ സാധനങ്ങളിൽ മുപ്പത് ശതമാനവും സ്വയമായി വിളയിച്ചെടുക്കുന്നു. അവിടെ പിന്നീടുള്ള രണ്ട് മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ സാംഗ്ലിമിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു.

പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്റർ ദിനത്തിൽ നൂറ് കണക്കിന് മനുഷ്യർക്ക് പ്രത്യാശ പകർന്ന് കൊടുത്ത കാവുകാട്ടച്ചന്റെ ജീവിതം വായനക്കാരുമായി   പങ്കുവയ്ക്കുന്നത് നല്ല ഒരു ഈസ്റ്റർ സന്ദേശം ആയിരിക്കും എന്ന് സിന്യൂസ് കരുതുന്നു.


ഫാ ബാബയുടെ പാതിരി ബാഗ് ( അടുത്തതിൽ )

സിസിലി ജോൺ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26