സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ അനധികൃത നിയമനം: ധന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കി

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ അനധികൃത നിയമനം: ധന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കി

കൊച്ചി: സ്പേസ് പാര്‍ക്ക് ഉള്‍പ്പെടെ തന്ത്രപ്രധാന സ്ഥാപനങ്ങളില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷടക്കം യോഗ്യതയില്ലാത്ത നിരവധിപ്പേര്‍ക്ക് അനധികൃത നിയമനം നല്‍കിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. രണ്ടരമാസം മുമ്പ് മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി ഐ.ടി സെക്രട്ടറിക്കു കൈമാറിയെങ്കിലും ആരോപണവിധേയരോട് വിശദീകരണം തേടുക മാത്രമാണു ചെയ്തത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറടക്കം ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ട അനധികൃത നിയമനങ്ങളെപ്പറ്റി ധനകാര്യ പരിശോധനാ വിഭാഗമാണ് അന്വേഷിച്ചത്. കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ (കെ.എസ്.ഐ.ടി.ഐ.എല്‍) 14 ജീവനക്കാരെപ്പറ്റി യാതൊരു വിവരവും സ്ഥാപനത്തിലില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യോഗ്യത മറികടന്നാണ് ഇവരെയും നിയമിച്ചതെന്നു സൂചന.

അനധികൃതനിയമനങ്ങള്‍ക്കു പിന്നില്‍ കെ.എസ്.ഐ.ടി.ഐ.എല്‍. മുന്‍ ചെയര്‍മാന്‍ എം. ശിവശങ്കര്‍, മാനേജിങ് ഡയറക്ടര്‍ സി. ജയശങ്കര്‍, സ്പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്വപ്നയെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് മുഖേന സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ ആസൂത്രിതനീക്കം നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്പേസ് പാര്‍ക്കില്‍നിന്നു സ്വപ്ന ശമ്പളമായി വാങ്ങിയ 15,15,000 രൂപ തിരിച്ചുപിടിക്കണം. അല്ലെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണം. യോഗ്യത പരിഗണിക്കാതെ നടത്തിയ എല്ലാ നിയമനവും റദ്ദാക്കണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. കണ്‍സള്‍ട്ടന്‍സികള്‍ മുഖേനയുള്ള നിയമനങ്ങള്‍ പിന്‍വലിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന, സെലക്ഷന്‍ കമ്മിറ്റി അഭിമുഖം നടത്തി യോഗ്യരായവരെ നിയമിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.