കാന്‍ബറ: അപൂര്‍വയിനം സസ്യങ്ങളില്‍നിന്ന് ലോഹങ്ങള്‍ വേര്‍തിരിച്ചെടുത്ത് കര്‍ഷകര്‍ക്ക് പുതിയ വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന അഗ്രോമൈനിംഗ് എന്ന പദ്ധതിയുമായി ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ലോഹങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ വളര്‍ത്തുന്നതിലൂടെ പരിസ്ഥിതി നശിപ്പിക്കുന്ന ഖനനത്തിന് ഒരു ബദല്‍ കണ്ടെത്താനാവുമോ എന്ന ശ്രമത്തിലാണ് പ്രൊഫ. അലന്‍ ബേക്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം. ഇതിനായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ മലേഷ്യയില്‍ ഒരു പരീക്ഷണ മെറ്റല്‍ ഫാമും സ്ഥാപിച്ചുകഴിഞ്ഞു.
ഹൈപ്പര്‍ക്യുമുലേറ്ററുകള്‍ എന്നറിയപ്പെടുന്ന അപൂര്‍വ സസ്യങ്ങളുടെ നീരില്‍നിന്നും ഇലകളില്‍നിന്നും വലിയ അളവില്‍ കോബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണ് അഗ്രോമൈനിംഗ്. പദ്ധതി പൂര്‍ണമായി വിജയിച്ചാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് പുതിയ വരുമാന കണ്ടെത്താനും പരിസ്ഥിതിക്കു ദോഷമില്ലാതെ ഖനന മേഖലകളെ പുനരധിവസിപ്പിക്കാനും കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.
ലോഹ മൂലകങ്ങളെ ആഗിരണം ചെയ്യുന്ന ഹൈപ്പര്‍ക്യുമുലേറ്റര്‍ വിഭാഗത്തില്‍പെട്ട വൃക്ഷങ്ങളിലൊന്നാണ് ഫൈലാന്റസ് ബാല്‍ഗൂയി. അടുത്തിടെയാണ് ഈ ഇനം കണ്ടെത്തിയത്. ഫിലിപ്പീന്‍സിലെ പലവാനിലും മലേഷ്യയിലെ സബയിലുമാണ് ഫൈലാന്റസ് ബാല്‍ഗൂയി കാണപ്പെടുന്നത്. സാധാരണ ചെടികളെ അപേക്ഷിച്ച് മണ്ണില്‍നിന്ന് ഉയര്‍ന്ന അളവിലുള്ള ലോഹ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ ശേഷിയുള്ളവയാണ് ഈ ചെടികള്‍.
പ്രൊഫ. അലന്‍ ബേക്കര്‍
ഫിലിപ്പീന്‍സിലെ ഒരു വനത്തില്‍ ഗവേഷണത്തിനിടെ ഒരു ചെടിയില്‍ മുറിവുണ്ടാക്കിയപ്പോള്‍, പുറത്തേക്ക് ഒഴുകിയ സ്രവത്തിന് ഫ്ളൂറസെന്റ് പച്ച നിറമായിരുന്നു. ഇത് ഒമ്പത് ശതമാനം നിക്കലാണെന്നു കണ്ടെത്തി. ഇത് ഒരു കൗതുകകരമായ കണ്ടെത്തലായിരുന്നുവെന്ന് പ്രൊഫസര്‍ ബേക്കര്‍ പറഞ്ഞു. ഹൈപ്പര്‍ക്യുമുലേറ്ററുകള്‍ എന്ന സസ്യങ്ങളില്‍നിന്ന് കോബാള്‍ട്ട്, സിങ്ക് മുതല്‍ സ്വര്‍ണ്ണം വരെ വളര്‍ത്തിയെടുക്കാമെന്ന് പ്രൊഫസര്‍ ബേക്കറിന്റെ നേതൃത്വത്തിലുള്ള ഗവേഷണം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
നിക്കല്‍ സമ്പുഷ്ടമായ മണ്ണില്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത സസ്യങ്ങള്‍ വളര്‍ത്തുകയാണ് അഗ്രോമൈനിംഗിന്റെ ആദ്യപടി. ചെടിയുടെ ഇലകള്‍ മണ്ണില്‍നിന്ന് നിക്കല്‍ സംഭരിക്കും. ഇപ്പോള്‍ പരിസ്ഥിതി നശിപ്പിക്കുന്ന ഖനനത്തിന് ഈ ചെടികള്‍ വളര്‍ത്തുന്നത് ഒരു ബദലാകുമോയെന്നറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
ഭൂമിയില്‍ കണ്ടെത്തിയിട്ടുള്ള 300,000 സസ്യജാലങ്ങളില്‍ ഏകദേശം 700 എണ്ണം സസ്യ ഇനത്തിനു മാത്രമേ ഹൈപ്പര്‍ക്യുമുലേറ്റിംഗ് ഗുണങ്ങള്‍ ഉള്ളുവെന്ന് ക്വീന്‍സ്ലാന്റ് യൂണിവേഴ്സിറ്റി പ്ലാന്റ് സ്പെഷ്യലിസ്റ്റ് ഡോ. ആന്റണി വാന്‍ ഡെര്‍ എന്റ്റ് പറയുന്നു. ബ്രിസ്ബെയ്നിലെ സബര്‍ബനിലെ കെമിക്കല്‍ അനാലിസിസ് ലബോറട്ടറിയില്‍ അദ്ദേഹം ഹൈപ്പര്‍ക്യുമുലേറ്റര്‍ ഇനത്തില്‍പെട്ട മക്കാഡാമിയ എന്ന ചെടിയില്‍ ഗവേഷണം നടത്തുകയാണ്. ഇതിന്റെ ഇലകളില്‍ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഭൂമിയുടെ മധ്യരേഖയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലാണ് സസ്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലും ന്യൂ കാലിഡോണിയയിലും ക്യൂബയിലും ബ്രസീലിലുമാണ് പ്രധാനമായും ഇത്തരം സസ്യങ്ങള്‍ കണ്ടെത്തിയത്.
ആധുനിക ലിഥിയം അയണ്‍ ബാറ്ററികളുടെയും സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെയും ഉല്‍പാദനത്തിലെ പ്രധാന ഘടകമാണ് നിക്കല്‍. മലേഷ്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഫാമില്‍നിന്ന് പ്രതിവര്‍ഷം ഹെക്ടറിന് 200 മുതല്‍ 300 കിലോഗ്രാം വരെ നിക്കല്‍ ലഭിക്കുന്നു. എന്നിരുന്നാലും വാണിജ്യപരമായി ഇത് ഉപയോഗപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോ. വാന്‍ ഡെര്‍ എന്റ്റ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.