തിരുവനന്തപുരം: അഞ്ചു പേരിലൂടെ ജീവിക്കുന്ന അക്‌സനോയുടെ (22) ഓര്‍മകളില്‍ വീട്ടുകാരും നാട്ടുകാരും. അച്ഛന്റെ മരണത്തോടെ അമ്മയും രണ്ടുസഹോദരിമാരേയും നോക്കിയിരുന്നത് അക്‌സനോയായിരുന്നു. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും ഒക്കെ ജോലി ചെയ്തു അക്‌സനോ.
കൊല്ലം ജോനകപ്പുറത്തെ വാടകവീട്ടില്‍ അമ്മ മേരിക്കും ഇളയ സഹോദരിമാരായ ജോസ്ഫിനും സിന്‍സിക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞുവരവെയാണ് വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി അക്‌സനോയെ തട്ടിയെടുത്തത്. ഏപ്രില്‍ ആറിന് വൈകിട്ടാണു അപകടം. ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ സഹോദരി ജോസ്ഫിനെ വിളിക്കാന്‍ ബൈക്കില്‍ പോയ അക്‌സനോയെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവമറിയാതെ ജോലി കഴിഞ്ഞു നടന്നുവരികയായിരുന്ന ജോസ്ഫിന്‍ അപകടസ്ഥലത്തെ ആള്‍ക്കൂട്ടം കണ്ട് പോയിനോക്കിയപ്പോഴാണ് സഹോദരനാണ് അപകടത്തില്‍പെട്ട് കിടക്കുന്നതെന്ന് മനസിലായത്. നാട്ടുകാരുടെ സഹായത്തോടെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദിനെ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. കോവിഡ് കാലമായതിനാല്‍ ഐസിയു ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോ. ഷര്‍മദ്, അക്‌സനോയ്ക്ക് പ്രത്യേകം ഐസിയു കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു.
അക്‌സനോയുടെ തലയ്ക്കായിരുന്നു പരുക്ക്. വെള്ളിയാഴ്ച വൈകിട്ടോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. വിവരം ബന്ധുക്കളെ അറിയിച്ചു. അക്‌സനോയുടെ അമ്മ മേരിയും സഹോദരി ജോസ്ഫിനും ഡോ. ഷര്‍മ്മദിനോട് അക്‌സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണം എന്ന് അഭ്യര്‍ഥിച്ചു. കുടുംബാംഗങ്ങളുടെ വിശാലമനസിനെ പ്രശംസിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു.
നോബിള്‍ ഗ്രേഷ്യസ്, മെഡിക്കല്‍ കോളജിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജയചന്ദ്രന്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ പി.വി.അനീഷ്, എസ്.എല്‍.വിനോദ് കുമാര്‍ എന്നിവരുടെ ഏകോപനത്തില്‍ ശനിയാഴ്ച അവയവദാന പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ടുവൃക്കകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടു രോഗികള്‍ക്കും രണ്ടു ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്കുമാണ് നല്‍കിയത്.
രണ്ടുരോഗികള്‍ക്ക് ഒരേസമയമാണ് വൃക്കമാറ്റിവയ്ക്കല്‍ നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടത്തിയത്. ശനിയാഴ്ച രാവിലെയാണ് ഒരേസമയം ശസ്ത്രക്രിയ നടത്തിയത്. കഴക്കൂട്ടം മേനംകുളം സ്വദേശി രോഹിത് മാത്യു (24), കിളിമാനൂര്‍ കൊടുവഴന്നൂര്‍ സ്വദേശി സുബീഷ് (32) എന്നിവര്‍ക്കാണ് വൃക്കമാറ്റിവച്ചത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിച്ച അകസനോ ഇനി അഞ്ച് പേരിലൂടെ ജീവിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.