ദുബായ്: ഹെലികോപ്റ്റർ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി യുഎഇയില്‍ തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം അബുദാബിയിലെത്തിയത്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും വിശ്രമത്തിലാണെന്നും ലുലു മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ ദുബായില്‍ പറഞ്ഞു.
പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനെ തുടർന്ന് യാത്ര മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചത് പ്രകാരമാണ് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കിയതെന്നും അനുഭവസമ്പത്തുളള പൈലറ്റിന്റെ മികവ് ഗുണമായെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍ യൂസഫലിയെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ സിലിക്കണ്‍ ഓയാസീസില്‍ ലുലുവിന്റെ 209 മത് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ്, യാത്രയ്ക്കിടെ എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കിയത്. രാവിലെ പ്രാദേശിക സമയം എട്ടരയോടെയായിരുന്നു സംഭവം. എം എ യൂസഫലിയും ഭാര്യയും ഉള്‍പ്പടെ ആറുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടു. തുടർന്ന് രാത്രിയോടെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് എം എ യൂസഫലിയും കുടുംബവും അബുദാബിയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.