തോൽക്കാനുള്ള പഠനം

തോൽക്കാനുള്ള പഠനം

അദ്ധ്യാപികയായൊരു സുഹൃത്ത് വർഷങ്ങൾക്ക് മുൻപ് അവരുടെ മകനെക്കുറിച്ച് പറഞ്ഞ സംഭവം ഓർമ്മയിലുണ്ട്. പൊതുവെ നന്നായി പഠിക്കുന്ന മകൻ ഒരിക്കൽ ഒരു പരീക്ഷയ്ക്ക് തോറ്റു. കുറ്റബോധത്തോടെയും ഭയത്തോടെയും ഉത്തരക്കടലാസുമായി അപ്പനെ സമീപിച്ച മകന്റെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി നോക്കി അപ്പനൊന്ന് പുഞ്ചിരിച്ചു. അതിന് ശേഷം മകനെ ചേർത്ത് പിടിച്ച് ഇങ്ങനെ പറഞ്ഞു. "ഇത് ഏതായാലും നന്നായി. നമ്മൾ എപ്പോഴും ജയിക്കാൻ മാത്രം പഠിച്ചാൽ പോര. ഇടയ്ക്കൊക്കെ തോൽക്കാനും പഠിക്കണം. രണ്ടും ജീവിതത്തിന്റെ ഭാഗമാണ് . തോൽക്കാനും കൂടെ പഠിച്ചാലേ നമുക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയൂ."

വർഷങ്ങൾക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥനായ മകന്റെ ഡയറിയിൽ അപ്പൻ ഇങ്ങനെ കണ്ടത്രെ. "അന്ന് പരീക്ഷയിൽ തോറ്റ്, ഉത്തരക്കടലാസുമായി ചെന്നപ്പോൾ എന്റെ അപ്പൻ പറഞ്ഞ നല്ല വാക്കുകളാണ് എനിക്കെന്നേക്കും പ്രചോദനമായി മാറിയത്. ഒരു പക്ഷേ അപ്പനെന്നോടന്ന് പരുഷമായ് പെരുമാറുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ ഞാൻ ജീവിതത്തിൽ ഇത്രയും വിജയി ആകുമായിരുന്നില്ല."

ഈ അപ്പൻ പകർന്ന് കൊടുത്ത ജീവിത പാഠമാണ് കുഞ്ഞുനാൾ മുതൽ ഓരോ കുഞ്ഞിനും ലഭിക്കേണ്ടത്. ഉത്തരക്കടലാസുകളിലെ മാർക്കുകളേക്കാൾ അതിന് വേണ്ടി അദ്ധ്വാനിക്കുവാനുള്ള മനോഭാവത്തിനാണ് പ്രാധാന്യം എന്നാണ് അവരെ പഠിപ്പിക്കേണ്ടത്. ജീവിതത്തിൽ വിജയത്തെയും പരാജയത്തെയും ഉൾക്കൊള്ളുവാനുള്ള മനോഭാവമാണ് രൂപപ്പെടുത്തേണ്ടത്. ഒപ്പം പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും അവയെ വിശകലനം ചെയ്യാനും അതിൽ നിന്ന് പഠിക്കാനും അവരെ പരിശീലിപ്പിക്കണം. അങ്ങനെ വരുമ്പോൾ കോപ്പിയടിച്ച് വിജയിക്കാനുള്ള പ്രവണത കുട്ടികളിലുണ്ടാവാതെ വലിയ പരിധി വരെ തടയാം. ഇത് മാതാപിതാക്കളും ചെറിയ ക്ലാസ്സുകളിൽ നിന്ന് മുതൽ അദ്ധ്യാപകരും പരിശീലിപ്പിക്കേണ്ടതാണ്. 

മറ്റൊന്നാണ് സ്വന്തം തെറ്റുകളെ അംഗീകരിക്കാനും തിരുത്തലുകളെ സ്വീകരിക്കുവാനുമുള്ള മനസ്സ്. ആർക്കും തെറ്റുകൾ പറ്റാമെന്നും അവയെ ന്യായീകരിക്കാതെ അംഗീകരിക്കുന്നതും തിരുത്തുന്നതുമാണ് പക്വവും ശ്രേഷ്ഠവുമായ വ്യക്തിത്വം എന്നതും അവരിൽ കുഞ്ഞുന്നാൾ മുതലേ നട്ടുവളർത്തണ്ട മൂല്യമാണ്. 

ആത്മഹത്യകളെക്കുറിച്ചും അവയുടെ വിവിധ കാരണങ്ങളെക്കുറിച്ചും എഴുതാൻ ഇപ്പോൾ മുതിരുന്നില്ല. കോപ്പിയടിക്കപ്പെട്ട കുട്ടിയെ സൂത്ത് ചെയ്യാത്തതിനേക്കുറിച്ചും കംഫർട്ട് ചെയ്യാതിരുന്നതിനെക്കുറിച്ചും വാചാലരാകുന്നവരെയാണ് മാധ്യമങ്ങളിൽ കൂടുതലും കണ്ടത്. കൂടുതൽ പ്രാധാന്യമർഹിക്കുന്ന മറുപുറം കൂടി പറഞ്ഞു എന്ന് മാത്രം. അതോടൊപ്പം ആത്മഹത്യകളെ വല്ലാതെ ന്യായീകരിക്കുകയും, നിയമപരമായ നടപടി എടുത്ത അധികൃതരെ കുറ്റവാളി പരിവേഷം ചാർത്തി അവതരിപ്പിക്കുകയും ചെയ്യുന്ന ചാനൽ ചർച്ചകളും വാർത്തകളും എങ്ങനെയാണ് ഇവ കാണുന്ന കുട്ടികളുടെ മനോഭാവത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യ ചെയ്യുന്ന കുട്ടിക്ക് ലഭിക്കുന്ന സഹതാപവും ശ്രദ്ധയും ഇത്തരം പ്രവണതകളുള്ളവർക്ക് ഒരു Reinforcement ആകാതിരിക്കട്ടെ. ഒപ്പം തങ്ങളുടെ കുഞ്ഞുങ്ങളെ ധാർമ്മികമായി തിരുത്തുവാനുള്ള ധൈര്യം നമ്മുടെ അദ്ധ്യാപകർക്ക് നഷ്ടപ്പെടാതെയുമിരിക്കട്ടെ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.