വി ഫ്രാൻസിസ് അസ്സിസ്സിയെയും വി കൊച്ചുത്രേസ്യയെയും ജീവിത മാതൃകയാക്കിയിരിക്കുന്ന കാവുകാട്ടച്ചൻ കൈക്കൊണ്ടിരിക്കുന്നതും ഫ്രാൻസിസ്കൻ ആത്മീയത തന്നെയാണ്. വി ഫ്രാൻസിസ് അസീസിയെപ്പോലെ തന്നെ പ്രകൃതിയെ സ്നേഹിക്കുന്ന കാവുകാട്ടച്ചന് എല്ലാ ജീവജാലങ്ങളോടും ചങ്ങാത്തമാണ്. ചെടികളോടും വൃക്ഷങ്ങളോടും പക്ഷികളോടും സംസാരിച്ചു കൊണ്ട് തന്റെ പാതിരിബാഗിലെ ദിവസം തുടങ്ങുന്ന അച്ചൻ അവയുമായുള്ള സംഭാഷണം ദിവസം മുഴുവൻ തുടരുന്നു. പാതിരിബാഗിലേ സന്ദർശകരായ പക്ഷികളെ സ്നേഹിക്കുന്ന അച്ചൻ പറയുന്നു "അവർക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം . വർഷത്തിലെ ഏതു സമയത്തും അവർക്ക് കഴിക്കാനുള്ളത് എന്തെങ്കിലുമൊക്കെ ഇവിടെ ഉണ്ടാവും" എന്ന് . പാതിരിബാഗിൽ എത്തുന്ന പക്ഷികളെ ആരും അപായപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ഇല്ല. ഭക്ഷണവും വെള്ളവും വിശ്രമവും ലഭിക്കാതെ ഒരു പക്ഷിയും പാതിരിബാഗിൽ നിന്നും പോകേണ്ടി യും വരില്ല. മാത്രമല്ല ഒന്ന് മിണ്ടിപ്പറയാൻ ഒരു ചങ്ങാതിയും അവിടെ ഉണ്ടാവും എപ്പൊഴും.
പശുക്കളും ഉണ്ട് അച്ചന് ചങ്ങാതിമാരായി. പശുക്കളും കിടാക്കളും ഒക്കെക്കൂടി അഞ്ച് പേരുണ്ട് എന്ന് അച്ചൻ . "എല്ലാവരും നല്ല സ്വഭാവമുള്ളവരാണെ"ന്നാണ് അച്ചൻ പറയുന്നത്. അച്ചന് സഹായത്തിന് ഒരാളുണ്ട്. അല്ലെങ്കിൽ കറക്കുന്നതും പരിപാലിക്കുന്നതുമെല്ലാം അച്ചൻ തന്നെ. അവയോടും മിണ്ടിയും പറഞ്ഞും സ്നേഹിച്ചും അവയുടെ കൂടെയും ചങ്ങാത്തം. പാല് തരുന്ന അവരെ പകരം അങ്ങോട്ടും സ്നേഹിക്കണ്ടേ. തൊഴുത്ത് വൃത്തിയാക്കിയിടാൻ എപ്പോഴും ശ്രദ്ധിക്കുന്നു. അവർക്ക് വേണ്ട പുല്ല് പ്രത്യേകം വളർത്തുന്നു. ആരെയും അവഗണിക്കാതെ എല്ലവർക്കും ഒരുപോലെ കരുതൽ കൊടുക്കുന്ന കാവുകാട്ടച്ചൻ!!
ഈ പശുവളർത്തൽ അച്ഛന് വേണ്ടിയാണെന്ന് ധരിച്ചെങ്കിൽ തെറ്റി. പാല് പ്രധാനമായും അച്ചന്റെ അയല്പക്കക്കാരായ രണ്ടു കുടുംബത്തിനുള്ളതാണ് . ഒരു കുടുംബത്തിലെ ഒരാൾ രോഗിയാണ്. വെജിറ്റേറിയൻ ആയ അവർക്ക് അല്പം പാല് എങ്കിലും കിട്ടട്ടെ എന്ന് അച്ചൻ!! പിന്നെ അച്ചന്റെ മിഷനിലെ സഹായിയായ ഗോപാലന്റെ കുടുംബത്തിലെ നാലു കുഞ്ഞുങ്ങൾക്കും വേണ്ടിക്കൂടിയാണ് പാല് . കറക്കുന്ന ആൾക്ക് ആദ്യം തന്നെ ഒരു മൊന്ത പാല് കൊടുക്കും. പിന്നെ കിടാവിന് യഥേഷ്ടം പാല് കുടിക്കുകയും ചെയാം. ഇതൊന്നും അവർ ചോദിച്ചിട്ടല്ല എന്ന് അച്ചൻ പറയുന്നു. രണ്ടര വർഷം മുൻപ് മധ്യപ്രദേശിൽ നിന്നും അവർ വന്നപ്പോൾ വിളർച്ച ബാധിച്ച ഒരു കുടുംബമായിരുന്നു. മക്കൾ പോഷകാഹാരമില്ലാതെ രോഗികളും ആയിരുന്നു. നല്ല ഭക്ഷണവും താമസ സൗകര്യവും കൊടുത്തു അവരെ പരിചരിച്ചത് മറ്റാരുമല്ല, കാവുകാട്ടച്ചനാണ്. ഇന്ന് എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു.
വർഷങ്ങൾക്ക് മുൻപാണ് അയല്പക്കത്തെ സ്ത്രീക് കാലിന് മുറിവ് വന്ന് പഴുത്ത് കാല് മുറിച്ചു കളയേണ്ടി വന്നത്. ആ സ്ത്രീയുടെ ഭർത്താവ് അച്ചനോട് "ഫാദറിന്റെ ജീസസിനോട് പ്രാർത്ഥിക്കാൻ" ആവശ്യപ്പെട്ടു. അച്ചൻ പ്രാർത്ഥിച്ചു എന്നും വേഗം മുറിവ് ഉണങ്ങി എന്നും അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. ഈ കുടുംബത്തിന്റെ സംരക്ഷണം അച്ചനാണ് ഏറ്റെടുത്തിരിക്കുന്നത് .
പ്രകൃതിയെപ്പറ്റി അച്ചന് പറയാനുള്ളത് ഇതാണ്. " പ്രകൃതി നമ്മുടെ തറവാടാണ്. നമ്മുടെ സഹജീവികൾ സഹോദരരാണ് എന്ന മനോഭാവത്തിൽ എല്ലാവരെയും സ്നേഹിച്ചും നന്മചയ്തും മനോഹരമാക്കിയും സുഖപ്പെടുത്തിയും ജീവിക്കണം". "ഓർഗാനിക് ഫുഡ് പ്രൊഡക്ഷൻ ഈസ് എ വെർച്യു" അച്ചൻ പറയുന്നു. "ഭൂമിയെ ചൂഷണം ചെയ്യാൻ പാടില്ല " എന്നും അച്ചൻ പറഞ്ഞു.
പക്ഷി മൃഗാദികൾ മാത്രമല്ല അച്ചനോട് ഇണങ്ങുന്നത്, ശത്രുക്കൾ പോലും അച്ചന്റെ മുൻപിൽ തലകുനിക്കുന്നു . മധ്യപ്രദേശിലെ മാനയിൽ മിഷൻ പ്രവർത്തനം തുടങ്ങിയ കാലം. ദാനം കിട്ടിയ ഒരു തുണ്ട് ഭൂമിയിൽ ഇലകൾ കൊണ്ട് കുടിൽ കെട്ടി താമസം. മഴയും മഞ്ഞും വെയിലും എല്ലാം നേരിടേണ്ടി വന്നു. അരമണിക്കൂർ മഴ പെയ്താൽ ഒന്നര മണിക്കൂർ നനഞ്ഞിരുന്നു. കാരണം മഴ കഴിഞ്ഞാലും ഇലകൾക്കിടയിലൂടെ വെള്ളം ഊർന്നിറങ്ങിയിരുന്നു. മഴ കഴിയുമ്പോൾ 'കുടിൽ ഒന്ന് കുലുക്കി'വെള്ളം കളഞ്ഞിട്ടാണത്രെ അച്ചൻ അതിനുള്ളിൽ ഇരുന്നിരുന്നത്. ആ കാലത്ത് അച്ചന്റെ സഹവാസികൾ തേളുകൾ ആയിരുന്നു. തേളുകളിൽ നിന്നും രക്ഷപ്പെടാൻ ഒരു കസേര വാങ്ങി. കസേരയിൽ ഇരിക്കുമ്പോൾ കാല് പൊക്കിവച്ച് ഇരിക്കുമായിരുന്നു തേളുകളുടെ കടിയിൽ നിന്നും രക്ഷ നേടാൻ. പുതയ്ക്കാൻ ഒരു ചാക്കും. ആറ് മാസത്തോളം ഇങ്ങനെ കസേരയിൽ ഇരുന്ന് ഉറങ്ങി. അങ്ങനെ ഒരു രാത്രിയിൽ അരണ്ട മണ്ണെണ്ണ വെളിച്ചത്തിൽ കസേരയിൽ ഇരിക്കുമ്പോൾ പുറത്തു ബൂട്ടിന്റെ ശബ്ദം കേട്ടു. ഫൂലൻ ദേവിയുടെ കിങ്കരന്മാർ കുടിലിന് മുൻപിൽ. കഥ കഴിഞ്ഞു എന്ന് കരുതി ഇരുന്ന അച്ചന്റെ മുന്നിലേക്ക് അവർ കയറി വന്ന് , 'നമസ്തേ' പറഞ്ഞു. അന്ന് ജനങ്ങളുടെ ഇടയിൽ ചികിത്സ ചെയ്തുകൊണ്ടിരുന്ന അച്ചനെ അന്വേഷിച്ച് വന്നതായിരുന്നു അവർ.
അച്ചൻ കുരിശ് വരച്ച് പ്രാർത്ഥിക്കുന്ന ആൾക്കാർ രോഗങ്ങളിൽ നിന്നും സുഖപ്പെട്ടിരുന്നു. കാലിലെ മുറിവ് പഴുത്ത് വൃണമായ ഒരു സ്ത്രീയെ ചികിത്സിക്കാനാണ് അവർ അന്ന് അച്ചനെ സമീപിച്ചത്. അടുത്ത ദിവസം ആ സ്ത്രീയെ കൊണ്ടുവരാൻ പറഞ്ഞ് അച്ചൻ അവരെ പറഞ്ഞ് വിട്ടു. പിറ്റേദിവസം അച്ചൻ പറഞ്ഞതനുസരിച്ച് ഗീതാഭായി എന്ന ആ സ്ത്രീയെ അവർ അച്ചന്റെ പക്കൽ കൊണ്ടുവന്നു. കുതിരപ്പുറത്തും കഴുതപ്പുറത്തും ഒക്കെ ആളുകളെ കൊണ്ടുവന്നിരുന്ന കാലമായിരുന്നു അത്. അവരുടെ മുട്ടിന് താഴോട്ട് പഴുത്തു വൃണമായിരുന്നു. അച്ചൻ പറയുന്നു "കോടിക്കണക്കിന് പുഴുക്കൾ നുരക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായിരുന്നു അവരുടെ കാലിലെ മുറിവ്" എന്ന് . ആദ്യതവണ മണിക്കൂറുകൾ എടുത്തു അത്രേ ആ മുറിവ് വൃത്തിയാക്കാൻ. അവരുടെ വൃണമുള്ള ഭാഗത്തെ എല്ലുപോലും ദൃശ്യമായി കാല് വൃത്തിയാക്കി കഴിഞ്ഞപ്പോൾ. മാത്രമല്ല എല്ല് അടർന്ന് തുടങ്ങിയിരുന്നു എന്നും അച്ചൻ ഓർക്കുന്നു. ആ കാലിൽ കുരിശ് വരച്ചിട്ട്, പുരട്ടേണ്ടിയിരുന്ന മരുന്ന് പെയ്ന്റടിക്കും പോലെ പുരട്ടിയത്രേ. ജീവൻ പോലും രക്ഷപ്പെടില്ല എന്ന് കരുതിയിരുന്ന അവർ, അധികം വൈകാതെ തന്നെ തനിയെ എഴുന്നേറ്റു നടന്നു എന്ന ഓർമ്മ അച്ചൻ പങ്കുവയ്ക്കുന്നു. ഇരുപത് വർഷമായ, ചികിത്സിച്ച് ഭേദമാകാത്ത വൃണമാണ് അച്ചൻ ചികിത്സിച്ചത് . മൂന്ന് വർഷം അച്ഛൻ തന്നെ അവരെ ശുശ്രൂഷിച്ചു . അതിന് ശേഷം സിസ്റ്റേഴ്സ് അവിടെ വരികയും പിന്നീട് അവരുടെ സംരക്ഷണയിൽ ആവുകയും ചെയ്തു. അപ്പോഴേയ്ക്കും കാലിന്റെ വെള്ളയിൽ ഒരു ചെറിയ ഭാഗം ഒഴിച്ച് ബാക്കി മുഴുവൻ കരിഞ്ഞിരുന്നു. ഗീതാഭായി മരിച്ചെങ്കിലും അവരുടെ ഭർത്താവ് തുളസി റാം ഇന്നും അച്ചന്റെ നല്ല സുഹൃത്താണ്.
ഇരുപത്തഞ്ച് പൈസ കൊടുത്ത് വാങ്ങിയ ഒരു കപ്പും സോസറും കാസയും പീലാസയുമാക്കി ബലിയർപ്പിച്ചിരുന്ന കാലമായിരുന്നു അത്. ഗോതമ്പിന്റെ ചാക്ക്, കുർബാനക്കുള്ള വിരിയും. അസംഭവ്യം എന്ന് തോന്നാവുന്ന കാര്യങ്ങളാണ് അച്ചന് പറയാനുള്ളത്.
സിന്ധു ദുർഗിൽ അച്ചൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ പേര് 'തെരേസ ഭവൻ' എന്നും ഇപ്പോഴത്തെ മിഷൻ സെന്ററിന്റെ പേര് ' തെരേസാ വെൽഫെയർ സെന്റർ' എന്നുമാണ്. എന്നാൽ വീട് മിഷൻ മധ്യസ്ഥയായ വി കൊച്ചുത്രേസ്യയുടെ പേരിലും മിഷൻ സെന്റർ വി മദർ തെരേസയുടെ പേരിലുമാണ്.
എല്ലാവരെയും ചേർത്തുപിടിക്കുന്ന സാഹോദര്യത്തിന്റെ ആത്മീയത ആണ് കാവുകാട്ടച്ചന്റേത്; ആരെയും പുറന്തള്ളാത്ത അനുകമ്പയുള്ള ഈശോയുടെ സ്നേഹമാണ് അച്ചൻ പങ്കുവയ്ക്കുന്നത്. നിരീശ്വര വാദികളെയും, സഭയെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നവരെയും, സഭയോടൊപ്പം നിൽക്കുന്നവരെയും നാനാജാതി മതസ്തരെയും സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ഈ വൈദികൻ പറയുന്നത് " പാപ്പയോടൊപ്പം നമുക്കും എല്ലാവരെയും ചേർത്ത് പിടിക്കാം" എന്നാണ്. ഫ്രാൻസിസ് പാപ്പയുടെ 'ഫ്രതെലി തുത്തി ' തന്നെയാണ് കാവുകാട്ടച്ചനും പറയാനുള്ളത്.
ഒൻപത് വർഷം മുൻപ് സാംഗ്ലി മിഷന്റെ കീഴിലുള്ള ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അച്ചൻ വരുമ്പോൾ ചുറ്റും മരുഭൂമിയായിരുന്നു. ഇപ്പോൾ വീടിന് ചുറ്റും ഫല വൃക്ഷാദികളാൽ നിറഞ്ഞിരിക്കുന്നു. ഏതു ഫലം കായ്ക്കുന്ന മരമാണ് ഉള്ളത് എന്ന് പറയുന്നതിലും എളുപ്പം ഏതു ഇല്ല എന്ന് പറയുന്നതായിരുക്കും. ' മോഡറേറ്റ് സൗകര്യമുള്ള' ഒരു വീടാണ് ഇത് എന്ന് അച്ചൻ പറയുന്നു. 41 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ മോഡറേറ്റ് സൈകര്യമുള്ള ഒരു വീട് ആദ്യമായാണ് എന്ന് കാവുകാട്ടച്ചൻ.
കിണറ്റിലിറങ്ങി നിൽക്കുന്ന എഴുപത്തി ഒന്നുകാരനായ വൈദികന്റെ ചിത്രം കണ്ടപ്പോൾ തോന്നിയ ഒരു കൗതുകമാണ് ഇത്രയും എഴുതാൻ ഇടയാക്കിയത്. അച്ചനെപ്പറ്റി ഒന്നെഴുതുക , എന്നെ കരുതിയുള്ളൂ. എന്നാൽ അല്പം സംസാരിച്ച് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി ആ പടം ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന്. അച്ചന്റെ ജീവിതം മുഴുവൻ പകർത്തിയെഴുതാൻ നാലല്ല നാനൂറ് ഭാഗം വേണ്ടി വരുമെന്ന്.
പറയാൻ ഒരുപാട് ഇനിയും ബാക്കി ഉണ്ട് കാവുകാട്ടച്ചന്. പലപ്പോഴായി ഞങ്ങൾ മണിക്കൂറുകൾ സംസാരിച്ചു. എങ്കിലും പറഞ്ഞതിലും എഴുതിയതിലും കൂടുതലാണ് പറയാത്തതും എഴുതാത്തതുമായ കാര്യങ്ങൾ. അച്ചന്റെ ജീവിതത്തിൽ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങളെ ഒട്ടും കുറച്ചുകാണിക്കാതെ കൃത്യമായി പങ്കു വയ്ക്കുന്നതിൽ അച്ചൻ വളരെ ശ്രദ്ധാലുവായിരുന്നു. ജോലി ഒരു തപസ്യ ആണെന്ന് അച്ചൻ. ജോലിയെ ആരാധനയയി കണ്ട് പ്രവർത്തിക്കുന്നു. തന്റെ ജീവിതം ആർക്കെങ്കിലും പ്രചോദനമാകുന്നെങ്കിൽ, ദൈവമഹത്ത്വത്തിന് കരണമാകുന്നെങ്കിൽ അത് നല്ലതല്ലേ എന്ന് അച്ചൻ.
ഇതുപോലെയുള്ള വിശുദ്ധ ജീവിതങ്ങൾ ചൊരിയുന്ന വെളിച്ചമുള്ളതുകൊണ്ടാണ് സഭ ഇന്നും ഇരുട്ടിൽ തപ്പിത്തടയാതെ മുൻപോട്ട് പോകുന്നത്. ഈ വൈദികനോട് സംസാരിക്കാനും വിശുദ്ധമായ ആ ജീവിതം വെളിച്ചത്ത് കൊണ്ട് വരാനും സാധിച്ചതിൽ സിന്യൂസ് അഭിമാനിക്കുന്നു. കാവുകാട്ടച്ചൻ തൊട്ടതും അച്ചനെ തൊട്ടതുമായ വസ്തുക്കൾ ഭാവിയിൽ 'തിരുശേഷിപ്പ്' എന്ന് വിളിക്കപ്പെടില്ല എന്ന് ആര് കണ്ടു!!!
പ്രഘോഷിക്കാതെ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്റെ വക്താവ്: ഫാ ജോർജ് കാവുകാട്ട് (മറഞ്ഞിരിക്കുന്ന നിധി -ഭാഗം1)
ഫാബാബയുടെപാതിരിബാഗ് (മറഞ്ഞിരിക്കുന്ന നിധി ഭാഗം -2)
ജോസഫൈൻ ആത്മീയത തീർത്ത വളർത്തച്ചൻ (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 3)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26