ജോസഫൈൻ ആത്മീയത തീർത്ത വളർത്തച്ചൻ (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 3)

ജോസഫൈൻ  ആത്മീയത തീർത്ത വളർത്തച്ചൻ (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 3)

ഈശോയുടെ വളർത്ത് പിതാവായിരുന്ന വി യൗസേപ്പിന്റെ ആധ്യാത്മികതയാണ് കാവുകാട്ടച്ചൻ പിഞ്ചെല്ലുന്നത്. അനേകം മക്കളുടെ വളർത്തച്ചനായ അദ്ദേഹം മക്കളെ വളർത്തുന്നതിലെ ആധ്യാത്മികതയ്ക്ക് സ്വയം ചെയ്ത നാമകരണമാണ് "ജോസഫൈൻ ആധ്യാത്മികത".മക്കളെ വളർത്തുന്ന ഏതൊരു വ്യക്തിയും തങ്ങൾ അറിയുന്നില്ലെങ്കിലും പുലർത്തുന്നത് ഈ 'ജോസഫൈൻ ആത്മീയത' തന്നെയാണെന്ന് കാവുകാട്ടച്ചൻ പറഞ്ഞു.

അസൻഗാവിലെ തുടക്കകാലത്ത് റെയിൽവേ സ്റ്റേഷനിൽ കിടന്നും പൈപ്പ് വെള്ളം കുടിച്ചും അച്ചൻ കഴിഞ്ഞിരുന്ന കാലം. ആ സമയത്ത് നിരാലംബരായ ഒരു കുടുംബത്തെ അച്ചൻ അവിടെ കണ്ടുമുട്ടി. ജീവിതം വഴിമുട്ടി നിന്ന മൂന്ന് മക്കളും മാതാപിതാക്കളും അടങ്ങുന്ന ആ അഞ്ചംഗ കുടുംബത്തിന് അച്ചൻ കൈത്താങ്ങായി. അഞ്ച് വർഷത്തോളം അവർക്ക് താങ്ങായി, വഴി തെളിച്ച് അച്ചൻ കൂടെ ഉണ്ടായിരുന്നു. ഇന്ന് അവർ സാമ്പത്തികമായും മറ്റെല്ലാത്തരത്തിലും മികച്ച നിലയിലാണ്. അകലെയാണെങ്കിലും അച്ചന് കൈത്താങ്ങായി ഇന്ന് അവരുണ്ട്‌. അച്ചന്റെ പ്രവർത്തനങ്ങളുടെ നട്ടെല്ലും അവർ തന്നെയാണ്. മാത്രമല്ല മറ്റെല്ലാവർക്കും മാതൃകയായി പലർക്കും ആശ്രയമായി ജീവിക്കുന്നു. മറ്റൊരു സംസ്ഥാനത്തിരുന്നുകൊണ്ട് അച്ചന് സഹായവും താങ്ങുമായി ഇന്ന് അവർ ഉണ്ടെന്ന് പറയുമ്പോൾ സന്തോഷവും അഭിമാനവും നിറയുന്നു ആ വാക്കുകളിൽ.


നാലഞ്ച് വയസുള്ള മറ്റൊരു മകനെ റെയിൽവേ സ്റ്റേഷനിൽ നിന്നും അച്ചൻ ഏറ്റെടുത്തു. ആ കുട്ടി ഇന്ന് വളർന്ന് നല്ല നിലയിലായിരിക്കുന്നു.അനേകം കുട്ടികളുടെ വളർത്തച്ചനായി മാറി കാവുകാട്ടച്ചൻ. മാതാപിതാക്കൾ മരിച്ചുപോയ രണ്ടു കുഞ്ഞുങ്ങളെ അച്ചൻ വളർത്തുന്നു. അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞും അച്ഛന്റെ സംരക്ഷണയിൽ ഇപ്പോൾ ഉണ്ട്.

അച്ഛന്റെ വാക്കുകളിൽ പറഞ്ഞാൽ, അച്ചന്റെ "രണ്ടാമത്തെ മകൾ" കേരളത്തിൽ കോളേജിൽ പഠിക്കുന്നു. ഇപ്പോൾ പന്ത്രണ്ടിൽ പഠിക്കുന്ന മകളെ അതീവ ഗുരുതരാവസ്ഥയിലാണ് അച്ചൻ കുട്ടിയുടെ നിസ്സഹായനായ പിതാവിൽനിന്നും സ്വീകരിച്ചത്. ഇപ്പോൾ നല്ല മിടുക്കിയായി ഇരിക്കുന്നു എന്ന് അച്ചൻ. കാലാകാലങ്ങളിൽ ദൈവദൂതരെപ്പോലെ ആളുകൾ ആ മകളെ പരിപാലിച്ചിരുന്നു. ഇപ്പോഴത്തെ 'മൂത്ത മകൻ ' വിവാഹിതനായി. " അവൻ ഭാര്യയുമൊത്ത് " തന്നെ കാണാൻ വന്നിരുന്നു എന്നും പറഞ്ഞു. ഈ മകന്റെ പേര് സ്റ്റീഫൻ എന്നാണ്. അച്ചന്റെ പേരാണത്രെ സ്റ്റീഫൻ സ്വീകരിച്ചിരിക്കുന്നത്. ' സ്റ്റീഫൻ ജോർജ് കാവുകാട്ട് '. ചെറുപ്പകാലത്ത് നാട്ടിൽ പോയിരുന്നപ്പോൾ ചങ്ങനാശേരി സന്ദർശിച്ചിരുന്നു. ആ സമയങ്ങളിൽ കാവുകാട്ട് പിതാവിനെ നന്നായി അറിയാമായിരുന്ന നാട്ടുകാർ അച്ചനും മക്കൾക്കും നല്ല സ്വീകരണമായിരുന്നു കൊടുത്തിരുന്നത്. വളരെയേറെ വാത്സല്യവും സ്നേഹവും ആ നാട്ടിൽനിന്നും അച്ചന് ലഭിച്ചിരുന്നു എന്ന് അച്ചൻ ഓർക്കുന്നു. അതിൽ നിന്നും കിട്ടിയ പ്രചോദനമാണ് സ്റ്റീഫൻ ആ പേര് സ്വീകരിക്കാൻ കാരണമായത്. സ്റ്റീഫനെ മാമ്മോദീസ മുക്കിയ ബഹു.കുറ്റിക്കൽ അച്ചന്റെ പേരും 'ജോർജ് എന്ന് തന്നെയായിരുന്നു. എന്നാൽ തന്റെ പേരിന്റെ ഒപ്പം 'കാവുകാട്ട് 'എന്ന് കൂടി ചേർത്ത്, തന്റെ വളർത്തച്ചന്റെ പേര് തന്നെ സ്വീകരിച്ചു സ്റ്റീഫൻ.


മുംബയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും വിശപ്പടക്കിയിരുന്ന നാല് അനാഥക്കുട്ടികളെ അച്ചൻ ഏറ്റെടുത്ത് വളർത്തി. കാൻസർ മൂലം മരിച്ചുപോയ ഒരമ്മയുടെ മക്കളായിരുന്നു അവർ. ഇന്ന് അവരെല്ലാം നല്ല നിലയിൽ സ്വന്തം കാലിൽ നിൽക്കാറായിരിക്കുന്നു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കു മ്പോഴുണ്ടാകാവുന്ന നിയമകുരുക്കുകൾ കൈകാര്യം ചെയ്തിരുന്നത് ശിവസേനയുടെ അന്നത്തെ നേതാവും അച്ചന്റെ സുഹൃത്തും നഗരാധ്യക്ഷയുമായിരുന്ന വൈജയന്തി മാഡമായിരുന്നുവെന്ന് അച്ചൻ ഓർമ്മിക്കുന്നു.അച്ചന് മക്കൾ പലതാണ്. ഇതുവരെ വളർത്തിയ മക്കൾക്ക് കണക്കില്ല. ആണ്മക്കളെല്ലാം വളർന്നത് ചങ്ങനാശേരിയിലെ സിസ്റ്റേഴ്സ് നടത്തിയ ബാലഭവനിലാണ്: പെൺകുട്ടികളെ മുംബയിലുള്ള സിസ്റ്റേഴ്സും.

പിന്നോക്ക പ്രദേശങ്ങളിൽ താമസിച്ചിരുന്നപ്പോഴൊക്കെ 'റൌണ്ട് ദി ക്ലോക്ക്' ഗ്രാമീണരുടെ കാര്യം അന്വേഷിച്ചിരുന്നു അച്ചൻ. ആർക്കും എപ്പൊഴും സമീപിക്കാവുന്ന ഒരു ' ഉറങ്ങാത്ത കാവൽക്കാരനായിരുന്നു' കാവുകാട്ടച്ചൻ. അതുകൊണ്ട് തന്നെ പല 'എമർജൻസി'കേസുകളിലും അച്ചന് ഇടപെടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് പ്രസവ സംബന്ധമായവ. എല്ലാം ഈശോയുടെ മഹത്വത്തിനായി ചെയ്തത്കൊണ്ട് അങ്ങിനെയുള്ള കുഞ്ഞുങ്ങൾക്ക് പിന്നീട് അവിടെ ചെല്ലുമ്പോൾ ' പ്രകാശ്' 'റോഷ്‌നി' 'ദീപ' തുടങ്ങിയ പേരുകൾ അച്ചൻ തന്നെ കൊടുത്തിരുന്നു. അവരെല്ലാം ഇപ്പോൾ കുടുംബസ്ഥരായി ഓരോ പ്രദേശങ്ങളിൽ താമസിക്കുന്നു.

പ്രവർത്തിച്ച മേഖലകളിലെല്ലാം സമയോചിതമായ ഇടപെടലുകൾകൊണ്ട് പലരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് അച്ചന്. മറ്റുള്ളവരെ സഹായിക്കാൻ ദൈവം കൊടുത്ത അവസരങ്ങളെല്ലാം ഭംഗിയായി ഉപയോഗിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുകയാണ് കാവുകാട്ടച്ചൻ. ഒരു ഉറങ്ങാത്ത കാവൽക്കരനെപ്പോലെ അതീവ ജാഗ്രതയോടെ ഉണർന്നിരുന്നിരുന്ന അച്ചൻ എപ്പോഴും ആർക്കും എത്തിപ്പിടിക്കാവുന്നത്ര കയ്യകലത്തിലുണ്ടായിരുന്നു.

ഈ മക്കളെയെല്ലാം നല്ല വാത്സല്യം കൊടുത്തു തന്നെയാണ് വളർത്തിയത്. കുടുംബത്തിൽനിന്നും കിട്ടുന്ന സ്നേഹവും വാത്സല്യവും അനുഭവവേദ്യമാക്കുവാനായി മക്കളെ ഇടയ്ക്ക് കേരളത്തിൽ അച്ചന്റെ മാതാപിതാക്കളുടെ പക്കൽ ആക്കിയിരുന്നു. ഒരു വല്യപ്പന്റെയും വല്യമ്മയുടെയും സ്നേഹവാത്സല്യങ്ങളും കരുതലും അവർക്കും വേണ്ടേ എന്നാണ് അച്ചന്റെ ചോദ്യം. അച്ചന്റെ വളർത്ത് മക്കളെ വീട്ടിൽ കൊണ്ട് ചെല്ലുന്നതും കാത്ത് അച്ചന്റെ മാതാപിതാക്കൾ നോക്കിയിരുന്നിരുന്നുവത്രേ.


തൊണ്ണൂറ് വയസ്സ് വരെ അധ്വാനിച്ച് ജീവിച്ച ഒരു വ്യക്തിയാണ് കാവുകട്ടച്ചന്റെ പിതാവ്. ഒരിക്കൽ സുഹൃത്തുക്കളും മഹാരാഷ്ട്രക്കാരുമായ രണ്ട് ബിഷപ്പ്മാർ വീട്ടിൽ വന്നപ്പോൾ അവരുടെ അനുഗ്രഹം വാങ്ങാൻ തയാറായി നിന്ന അച്ചന്റെ പിതാവിനോട്, തങ്ങളെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ് ആ വയോധികന്റെ അനുഗ്രഹം വാങ്ങി ബിഷപ്പ്മാർ മടങ്ങിയത് അച്ചൻ ഓർക്കുന്നു.

പ്രായത്തിന്റെ പരിമിതികളും സർക്കാർ നിബന്ധനകളും ഉള്ളതിനാൽ ഇപ്പോൾ ഇതുപോലെയുള്ള അനാഥക്കുഞ്ഞുങ്ങളെ സർക്കാർ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നു.കോളേജിലും സ്കൂളിലുമൊക്കെയായി പഠിക്കുന്ന തന്റെ വളർത്ത് മക്കളുടെ കാര്യം പറയുമ്പോൾ നൂറ് നാവാണ് ഈ വൈദികന്.
ഇതുവരെയുള്ള നാല്പത്തൊന്ന് വർഷങ്ങൾ എങ്ങിനെ കടന്ന് പോയി എന്നതിന് അച്ചന്റെ ഉത്തരം വളരെ ലളിതമാണ് " ഹി , ഹു ഗൈഡ്സ്,പ്രൊവൈഡ്സ് ".( നയിക്കുന്നവൻ തരും )

ഇസിദോറിയൻ സ്‌പിരിച്വാലിറ്റിയുടെയും ജൊസഫൈൻ സ്പിരിച്വാലിറ്റിയുടെയും ഉപജ്ഞാതാവായ ഈ വൈദികൻ പറയുന്നത്"എല്ലാം ദൈവഭയത്തോടെയും ദൈവ മഹത്വത്തിനും വേണ്ടിയും ആണ് ചെയ്യുന്നത് "എന്നാണ്. എഴുപത്തിയൊന്ന് കാരനായ ഈ വന്ദ്യ വൈദികന്റെ പ്രവർത്തനങ്ങളെ എല്ലാം ഒറ്റ വാചകത്തിൽ സംഗ്രഹിക്കാം," പ്രീച്ചിങ് വിതൗട് പ്രീച്ചിങ്". (പ്രഘോഷിക്കാതെ പ്രഘോഷിക്കുക ) കാട് പിടിച്ച് കിടന്ന ഭൂമി വൃത്തിയാക്കി മണ്ണിൽ അധ്വാനിച്ച് മണ്ണിനെ സ്നേഹിച്ച് വിളഭൂമിയാക്കുമ്പോ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു; അച്ചൻ ഒരു പിശുക്കനാണെന്നും ഇതെല്ലം സമ്പത്ത് വാരിക്കൂട്ടാനാണെന്നും തെറ്റിദ്ധരിച്ചവർ. എന്നാൽ വൈകാതെ അവർ തന്നെ അവരുടെ ധാരണ തിരുത്തി; ഈ ക്രിസ്തു ശിഷ്യന് സ്വന്തമായി ഒന്നും ഇല്ല എന്നും ഒന്നും തനിക്കായിട്ടല്ല എന്നുമുള്ള തിരിച്ചറിവ് അവരെ അച്ചനിലേക്ക് അടുപ്പിച്ചു. എല്ലാം മറ്റുള്ളവർക്ക് വേണ്ടി മാത്രം. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ അധ്വാനമെല്ലാം. എന്നാൽ അച്ചൻ പറയുന്നു"എല്ലാം കർത്താവ് മഹത്വപ്പെടാനാണെ"ന്നു.


ഒരു മനുഷ്യായുസ്സിൽ ഒരാൾക്ക് ഉണ്ടായേക്കാവുന്ന എല്ലാത്തരം പകർച്ച വ്യാധികളും രോഗങ്ങളും ഇദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. 12 തവണ മലേറിയ പിടിപെട്ടു; എല്ലാ തവണയും മരണ വക്ത്രത്തിൽത്തന്നെ ആയിരുന്നു. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ,ന്യൂമോണിയ, ടി ബി, തുടങ്ങിയ മറ്റ്‌ രോഗങ്ങൾ വേറെയും. എല്ലാ തവണയും ഗുരുതരാവസ്ഥയിൽ തന്നെയായിരുന്നു. രണ്ടുതവണ ഹാർട്ട് അറ്റാക്ക്,രണ്ടു  ആൻജിയോപ്ലാസ്റ്റി, പിന്നെ രണ്ട് തവണ അന്ത്യ കൂദാശയും സ്വീകരിച്ചു. എല്ലാത്തിനെയും അതിജീവിച്ച് ക്രിസ്തുവിന്റെ ഈ പടയാളി മുൻപോട്ട് പോകുന്നു. രണ്ട് വർഷമായി മരുന്നുകൾ ഒന്നും കഴിക്കുന്നില്ല എന്നും കാവുകാട്ടച്ചൻ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴും ദിവസം പത്ത് മണിക്കൂർ മണ്ണിൽ പണിയെടുക്കുന്നു. 22 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി കിണറ് വൃത്തിയാക്കുന്നതും മറ്റാരുമല്ല കാവുകാട്ടച്ചൻ തന്നെ.


പാലായിലെ കാവുകാട്ട് വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനായി 1950 മാർച്ച് നാലിന് കാവുകാട്ടച്ചൻ ജനിച്ചു. ഒൻപത് മക്കളിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല. നാല് സഹോദരിമാരിൽ മൂന്ന് പേർ സന്യാസിനികളാണ്; ഒരാൾ കുടുംബസ്ഥയും. സഹോദരന്മാർ കേരളത്തിലും കർണാടകയിലുമായി താമസം. നാമകരണ നടപടികൾ നടക്കുന്ന അഭിവന്ദ്യ കാവുകാട്ട് പിതാവിന്റെ കുടുംബത്തിൽനിന്നും മറ്റൊരാരു വിശുദ്ധൻ കൂടി ആ വഴിത്താരയിൽ. അച്ചനുമായി പരിചയമുള്ള പലരോടും സംസാരിച്ചു . എല്ലാവരും ഒരുപോലെ പറഞ്ഞ ഒരു കാര്യം ഇതാണ് " അച്ചൻ കാല് കുത്തുന്നിടം വിശുദ്ധമാകും " എന്ന്.


 പ്രകൃതി തറവാട്; എല്ലാ ജീവജാലങ്ങളും കാവുകാട്ടച്ചന്റെ ചങ്ങാതിമാർ

(അവസാന ഭാഗത്തിൽ)



പ്രഘോഷിക്കാതെ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്റെ വക്താവ്: ഫാ ജോർജ് കാവുകാട്ട് (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 1)

ഫാ ബാബയുടെ പാതിരി ബാഗ് (മറഞ്ഞിരിക്കുന്ന നിധി ഭാഗം -2)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26