ഇന്ത്യ-യുഎഇ വിദേശകാര്യമന്ത്രിമാർ അബുദാബിയില്‍ കൂടികാഴ്ച നടത്തി

ഇന്ത്യ-യുഎഇ വിദേശകാര്യമന്ത്രിമാർ  അബുദാബിയില്‍ കൂടികാഴ്ച നടത്തി

അബുദാബി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്ക‍ർ ഹൃസ്വസന്ദ‍ർശനത്തിനായി യുഎഇയിലെത്തി. അബുദാബിയില്‍ യുഎഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുളള ചരിത്രബന്ധത്തെ കുറിച്ചടക്കമുളള കാര്യങ്ങള്‍ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചർച്ചയില്‍ വിഷയമായി.

കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ-വാണിജ്യബന്ധങ്ങളില്‍ കൂടുതല്‍ സഹകരമുള്‍പ്പടെയുളള വിഷയങ്ങളും ചർച്ചയില്‍ ഉയർന്നുവന്നു. ആഗോള തലത്തില്‍ തന്നെ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയുളള നീക്കങ്ങളും കോവിഡിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രത്യാഘാതങ്ങളും ചർച്ചയായി.

വാണിജ്യ, സാമ്പത്തിക, സാംസ്കാരിക, മേഖലകളിലെ വളർച്ചയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം ഗുണം ചെയ്യുന്നുവെന്ന് ഷെയ്ഖ് അബ്ദുളള ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിമൂലമുണ്ടാകുന്ന പ്രത്യാഘാതം ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. യോഗത്തിൽ സഹമന്ത്രി അഹമ്മദ് അലി അൽ സെയ്ഗും പങ്കെടുത്തു.

അതേസമയം പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്​മൂദ്​ ഖുറേഷിയും യുഎഇയിലുണ്ട്. ഇന്ത്യാ പാക് വിദേശകാര്യമന്ത്രിമാരുടെ കൂടികാഴ്ചയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഖുറേഷി നിഷേധിച്ചു. പാകിസ്ഥാനും യുഎഇയും തമ്മിലുളള ഉഭയകക്ഷി ചർച്ചക്കാണ് രാജ്യത്തെത്തിയത്. മറ്റുകാര്യങ്ങള്‍ ഇപ്പോള്‍ അജണ്ടയിലില്ല. അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.