തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെയും ക്ഷണം നിരസിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടത് സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ഫെയ്സ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.
അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി ചെറിയാന്‍ ഫിലിപ്പിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം മുഖപ്രസംഗമെഴുതിയിരുന്നു. ഉപാധികളില്ലാതെ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളിയും വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന് സിപിഎം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് വീക്ഷണം അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്.
ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്. കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്ന് കേന്ദ്ര മന്ത്രിയായിരിക്കെ എ.കെ ആന്റണി 2010 ല്‍ കെ.ടി.ഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ്.
ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.
ശരീരത്തിലും മനസിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭ നഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.