ലോകത്തെ പ്രതിദിന രോഗികളില്‍ പകുതിയോളം ഇന്ത്യയില്‍; ഇതുവരെ വാക്‌സിന്‍ നല്‍കാനായത് 1.25 ശതമാനം പേര്‍ക്ക് മാത്രം

ലോകത്തെ പ്രതിദിന രോഗികളില്‍ പകുതിയോളം ഇന്ത്യയില്‍; ഇതുവരെ വാക്‌സിന്‍ നല്‍കാനായത് 1.25 ശതമാനം പേര്‍ക്ക് മാത്രം

കൊച്ചി: ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയോളം ഇന്ത്യയില്‍ നിന്ന്. രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. ചൊവ്വാഴ്ച 2023 പേര്‍ മരണമടഞ്ഞു. ഭീതിയുണര്‍ത്തുന്ന ഈ കണക്കുകളില്‍ നിന്ന് രാജ്യം വിമുക്തമാകാന്‍ എത്രനാളെടുക്കും എന്ന ചോദ്യം പ്രസക്തമാണ്.

137 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ എന്ന ലക്ഷ്യം നേടാന്‍ ഏകദേശം ആറ് മുതല്‍ ഏഴ് മാസം വരെയെടുക്കുമെന്നാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയും എന്‍.ഐ.ടി.ഐ.ഇയും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനത്തില്‍ കണ്ടെത്തിയത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വാക്സിനെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ രാജ്യം മേയ് ഒന്നിനു കുത്തിവയ്പ് യത്നത്തിന്റെ ഏറ്റവും വിപുലമായ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ജനുവരി 16ന് ആരംഭിച്ച വാക്സിനേഷനില്‍ അവസാന കണക്കനുസരിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത് 1.72 കോടി പേരാണ്. അതായത് 1.25 ശതമാനം മാത്രം. ആദ്യ ഡോസ് സ്വീകരിച്ചത് 12.74 കോടി പേരും. 9.3 ശതമാനം ആളുകള്‍.

ഒരു ദിവസം എടുക്കുന്ന വാക്സിന്‍ ഏകദേശം 26.5 ലക്ഷമാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മാത്രമായി തുടങ്ങി വളരെ സാവധാനത്തില്‍ ആരംഭിച്ച വാക്സിനേഷന്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തോടെയാണ് കൂടുതല്‍ ഊര്‍ജ്വസ്വലമായത്. കേരളത്തില്‍ 57.8 ലക്ഷം പേരാണ് വാക്സിന്‍ എടുത്തത്. കോവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്സിന്‍ എടുത്തത്, 1.13 കോടി ആളുകള്‍.

ഇന്ത്യന്‍ നിര്‍മിതമായ കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ആദ്യം അംഗീകാരം നല്‍കിയത്. ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ അയവു വരുത്തിയതും കോവിഡിനെ ജനങ്ങള്‍ ഗൗരവമായി കാണാതിരുന്നതും വാക്സിനേഷന്റെ നിരക്ക് കുറയ്ക്കുവാന്‍ കാരണമായി. ആസൂത്രണത്തിലെ പിഴവുകൊണ്ട് 44 ലക്ഷം ഡോസ് പാഴാവുകയും ചെയ്തു.

വാക്സിന്‍ വിതരണത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതും വാക്സിനേഷന്റെ വേഗതയെ ബാധിക്കുന്നുണ്ട്. ഓരോ സംസ്ഥാനവും അവരവരുടേതായ മാനദണ്ഡങ്ങളനുസരിച്ചാണ് വിതരണം നടത്തുന്നത്. ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതക്കുറവ് അവിടങ്ങളിലെ കോവിഡ് വ്യാപനം അതിരൂക്ഷമാകുവാനും കാരണമായി. കോവിഡിന്റെ രണ്ടാം വരവ് സൃഷ്ടിച്ച അങ്കലാപ്പില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലടക്കം പല മെഗാ വാക്നേഷന്‍ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിടേണ്ട അവസ്ഥയും വന്നിട്ടുണ്ട്.

കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും മൊത്തം ഉല്‍പ്പാദനം മാസം 6.40 കോടി ഡോസാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ഉല്‍പ്പാദനശേഷി പ്രതിമാസം 40 ലക്ഷം ഡോസ് മാത്രമാണ്. സെറം ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കോവീഷീല്‍ഡാണ് ബാക്കി ബാക്കി ആറ് കോടിയും. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവര്‍ക്കെങ്കിലും രണ്ടു ഡോസ് വാക്സിന്‍ കൊടുക്കണമെങ്കില്‍ ഇവയുടെ ഉല്‍പ്പാദനം ഇനിയും കൂട്ടേണ്ടി വരും.

വരുന്ന ഓഗസ്റ്റ് മാസത്തോടെ ഇന്ത്യന്‍ നിര്‍മിത വാക്സിനുകളുടെ ഉല്‍പാദനശേഷി 14 കോടിയായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി മരുന്നു കമ്പനികള്‍ക്ക് 4500 കോടി രൂപയുടെ സാമ്പത്തിക സഹായവും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.