ഇറാഖിൽ അജ്ഞാതർ ക്രിസ്ത്യൻ സെമിത്തേരി തകർത്ത സംഭവത്തിൽ ഇടപെട്ട് പാത്രിയാർക്കീസ്‌; കർശന നടപടി വേണമെന്ന് ആവശ്യം

ഇറാഖിൽ അജ്ഞാതർ ക്രിസ്ത്യൻ സെമിത്തേരി തകർത്ത സംഭവത്തിൽ ഇടപെട്ട് പാത്രിയാർക്കീസ്‌; കർശന നടപടി വേണമെന്ന് ആവശ്യം

ബാഗ്ദാദ്: ഇറാഖി കുർദിസ്ഥാനിലെ ക്രിസ്ത്യൻ സെമിത്തേരിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ബാഗ്ദാദിലെ പാത്രിയാർക്കീസും കർദിനാളുമായ ലൂയിസ് റാഫേൽ സാക്കോ. ആക്രമണത്തിന് പിന്നിലുള്ളവരെ അധികാരികൾ ഉടൻ കണ്ടെത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു.

എർബിൽ പ്രവിശ്യയിലെ കോയ ജില്ലയിലെ ഹർമോട്ട ഗ്രാമത്തിലെ സെമിത്തേരിക്ക് നേരെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പന്ത്രണ്ടോളം കല്ലറകൾ തകർക്കപ്പെട്ടു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി മസ്രൂർ ബർസാനിയുടെ ഓഫീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

നേരത്തെയും ക്രിസ്ത്യാനികൾ വിവിധ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള പശ്ചാത്തലത്തിൽ ഇറാഖി കുർദിസ്ഥാൻ അധികാരികൾ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവരെ നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്ന് കർദിനാൾ സാക്കോ ആവശ്യപ്പെട്ടു. "ക്രിസ്ത്യാനികൾ സംരക്ഷിതരാണെന്ന് ഞങ്ങൾ അവർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. നീതി ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കുടിയേറ്റത്തിൻ്റെ ഒരു പുതിയ തരംഗം ആരംഭിക്കും," കർദിനാൾ സാക്കോ മുന്നറിയിപ്പ് നൽകി.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളും യുദ്ധവും ദുരിതം വിതച്ച ഇറാഖിൽ ക്രൈസ്തവരുടെ എണ്ണം ഇന്ന് കുറഞ്ഞു വരികയാണ്. എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ൻ്റെ ഏറ്റവും പുതിയ മതസ്വാതന്ത്ര്യ റിപ്പോർട്ട് അനുസരിച്ച് 2016 ൽ ഇറാഖി ജനസംഖ്യയുടെ 0.94 ശതമാനം ക്രിസ്ത്യാനികളായിരുന്നു. ഇപ്പോൾ 45 ദശലക്ഷം നിവാസികളിൽ 0.3 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.