നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റ്ുമായിരുന്ന വി.വി പ്രകാശ്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം മൂന്നിന്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍.

രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് എടക്കരയിലെ വീട്ടില്‍ നിന്ന് എടക്കരയില്‍ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി.വി പ്രകാശ് കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ,് കെഎസ്യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിനു സമീപം പരേതരായ വലിയവീട്ടില്‍ കൃഷ്ണന്‍ നായരുടെയും സരോജിനി അമ്മയുടെയും മകനാണ് പ്രകാശ്. കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ സജീവമായ പ്രകാശ് കെഎസ്യുവിലെ പ്രവര്‍ത്തന മികവിലൂടെ ശ്രദ്ധേയനായി. കെഎസ്യു ഏറനാട് താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കോഴിക്കോട് ഗവ. ലോ കോളജില്‍നിന്നു നിയമ ബിരുദം നേടിയിട്ടുണ്ട്.

എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവര്‍ മക്കളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.