യൂറോപ്പിലെ ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടരെ ആക്രമണങ്ങള്‍; പിന്നില്‍ ഇറാന്റെ പ്രോക്‌സി സംഘങ്ങളെന്ന് സൂചന: അന്വേഷണവുമായി സുരക്ഷാ ഏജന്‍സികള്‍

യൂറോപ്പിലെ ജൂത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടരെ ആക്രമണങ്ങള്‍; പിന്നില്‍ ഇറാന്റെ പ്രോക്‌സി സംഘങ്ങളെന്ന് സൂചന: അന്വേഷണവുമായി സുരക്ഷാ ഏജന്‍സികള്‍

ലണ്ടന്‍: യൂറോപ്പിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന സംഘടിത ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണോ എന്ന സംശയം ഉന്നയിച്ച് യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഇറാനുമായി ബന്ധമുള്ള പ്രോക്സി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വിഷയത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറാനുമേല്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട തിരിച്ചടിയെന്നോണമാണ് തീവെപ്പ് മുതല്‍ ബോംബ് ആക്രമണ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടക്കുന്നത് എന്നാണ് നിഗമനം. എന്നാല്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നും തന്നെ ഈ ആക്രമണങ്ങള്‍ക്ക് ഇറാനുമായുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ഇടപെടലുണ്ടെന്നാണ് യൂറോപ്പിലെയും അമേരിക്കയിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലുമായി ബന്ധമുള്ള സിനഗോഗുകള്‍, ജൂത വിദ്യാലയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്താന്‍ ഇറാനിയന്‍ ഏജന്റുമാര്‍ ആളുകളെ ഓണ്‍ലൈനായി റിക്രൂട്ട് ചെയ്യുന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍ച്ച് മാസം ആദ്യം മുതല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഒരു ഡസനോളം ആക്രമണങ്ങളോ ആക്രമണ ശ്രമങ്ങളോ ഉണ്ടായിട്ടുണ്ട്.

ബെല്‍ജിയത്തിലെ അന്റ് വെര്‍പ് ജൂത ജില്ലയില്‍ ഒരു കാര്‍ അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. ലണ്ടനില്‍ ജ്യൂയിഷ് എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ട ആംബുലന്‍സുകളും അഗ്‌നിക്കിരയായി. നെതര്‍ലന്‍ഡ്സിലും ബെല്‍ജിയത്തിലും സിനഗോഗുകള്‍ക്കും ജൂത വിദ്യാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു.

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയതിനാല്‍ ഹീംസ്റ്റെഡിലെ സിനഗോഗിന് നേര്‍ക്കുള്ള ആക്രമണ ശ്രമം പരാജയപ്പെട്ടതായി ഡച്ച് അധികൃതര്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കൊപ്പം സംഘടിതമായ ഓണ്‍ലൈന്‍ പ്രചാരണവും നടക്കുന്നുണ്ട്. സംഭവങ്ങളുടെ വീഡിയോകള്‍ ഇറാന്‍ അനുകൂല സാമൂഹിക മാധ്യമ ചാനലുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഇറാന്റെ വിദേശ ഓപ്പറേഷനുകള്‍ക്ക് സമാനമായ ശൃംഖലയാണ് ഇപ്പോഴത്തെ ആക്രമങ്ങള്‍ക്കും പിന്നിലെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശങ്ങളിലെ ക്രിമിനല്‍ ശൃംഖലകളുമായും മറ്റും ഇറാന് ദീര്‍ഘകാലമായി ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. ആക്രമണങ്ങള്‍ നടപ്പാക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും മെസേജിങ് ആപ്ലിക്കേഷനുകളിലൂടെയുമാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.

ഈ സംഘങ്ങളുടെ ബ്രാന്‍ഡിങ്, ലോഗോ, സന്ദേശങ്ങള്‍ തുടങ്ങിയവ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) അവരുടെ അനുബന്ധ ഗ്രൂപ്പുകളും ഉപയോഗിക്കുന്നവയുമായി സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ സംഭവ വികാസങ്ങള്‍. ആക്രമണങ്ങള്‍ക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ 'തങ്ങളുടെ ശത്രുക്കള്‍ ലോകത്തൊരിടത്തും ഇനിയൊരിക്കലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരായിരിക്കില്ലെന്ന്' ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇപ്പോഴത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സന്ദേശത്തെ യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തിലാണ് കാണുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.