ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത വന്‍ വഴിത്തിരിവ്. രാജ്യത്തെ ആകെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ പരിധിക്കും താഴേക്ക് പതിച്ചതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഒരു സ്ത്രീ പ്രസവിക്കാന്‍ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്കായി കണക്കാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ദേശീയ ജനനനിരക്ക് 1.9 ആയി കുറഞ്ഞു.
ഒരു രാജ്യത്തെ ജനസംഖ്യ കൂടാതെയും കുറയാതെയും ഒരേ നിലയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജനനനിരക്ക് 2.1 എങ്കിലും ആയിരിക്കണം. എന്നാല്‍ നിലവില്‍ ഇന്ത്യ ഇത് മറികടന്ന് 1.9 ലേക്ക് താഴ്ന്നു കഴിഞ്ഞു. തല്‍കാലം യുവാക്കളുടെ എണ്ണം കൂടുതലായതുകൊണ്ട് ജനസംഖ്യ പെട്ടെന്ന് കുറയില്ലെങ്കിലും വരുന്ന ദശകങ്ങളില്‍ ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ച പൂര്‍ണമായും നിലയ്ക്കുകയും തുടര്‍ന്ന് ജനസംഖ്യ കുറയാന്‍ തുടങ്ങുകയും ചെയ്യും. 1950 കളില്‍ ഒരു ഇന്ത്യന്‍ സ്ത്രീക്ക് ശരാശരി ആറ് കുട്ടികള്‍ വീതമുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ദേശീയ ശരാശരി 1.9 ആയി മാറിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ജനന നിരക്കിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളാണ് നിലനില്‍ക്കുന്നത്. ദേശീയ ശരാശരി പൊതുവേ കുറവാണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനന നിരക്ക് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഇതില്‍ 2.9 നിരക്കുമായി ബിഹാര്‍ ആണ് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഉത്തര്‍പ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാന്‍ (2.3) എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍ ഉള്ളത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രധാന മെട്രോ നഗരങ്ങളിലും ജനന നിരക്ക് ആശങ്കാജനകമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
കര്‍ണാടക, തെലങ്കാന എന്നി സംസ്ഥാനങ്ങളില്‍ 1.5 ഉം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 1.4 ഉം ആണ് ജനനനിരക്ക്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ ഇത് 1.3 ലേക്ക് ചുരുങ്ങിയപ്പോള്‍, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക് (1.2) രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ജനന നിരക്ക് ഇത്തരത്തില്‍ കുത്തനെ കുറയുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതും കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും കാരണം വിവാഹപ്രായം ഉയര്‍ന്നു. രണ്ടാമതായി കുട്ടികളെ വളര്‍ത്തുന്നതിനും അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള വന്‍ ചെലവുകള്‍ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറുന്നതിനാല്‍ ഭൂരിഭാഗം ദമ്പതികളും ഒന്നോ രണ്ടോ കുട്ടികളില്‍ ഒതുങ്ങാന്‍ താല്‍പര്യപ്പെടുന്നു. മൂന്നാമതായി മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളും കുടുംബാസൂത്രണ മാര്‍ഗങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവും ജനങ്ങളിലേക്ക് എത്തിയതും ഈ കുറവിന് കാരണമായിട്ടുണ്ട്.
നിലവില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ ശേഷിയുള്ള യുവാക്കളുള്ള കാലഘട്ടമാണ്. എന്നാല്‍ ജനന നിരക്ക് ഇതേപടി തുടര്‍ന്നാല്‍ ഭാവിയില്‍ ചൈനയും ജപ്പാനും നേരിടുന്നത് പോലെ പ്രായമായവരുടെ എണ്ണം കൂടുകയും തൊഴില്‍ ചെയ്യാന്‍ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുത്തനെ കുറയുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയില്‍ ബാധിച്ചേക്കും.