പ്രളയ തടസങ്ങള്‍ മാറ്റാന്‍ എ.ഐ അധിഷ്ഠിത പ്ലാന്‍; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമമെന്ന് തമിഴ്നാട്

പ്രളയ തടസങ്ങള്‍ മാറ്റാന്‍ എ.ഐ അധിഷ്ഠിത പ്ലാന്‍; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമമെന്ന് തമിഴ്നാട്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ സാധ്യത ശാശ്വതമായി പരിഹരിക്കുന്നതിന് രാജ്യത്തിന് മാതൃകയാകുന്ന സമഗ്ര ദുരന്ത നിവാരണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡാമുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി എ.ഐ അധിഷ്ഠിത ഡാം മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തും.

ഡാമുകളിലേക്കുള്ള ജലപ്രവാഹം, വിതരണം, വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ്, മഴ സാധ്യത, നദീ തീരങ്ങളിലെ നിലവിലെ ജലനിരപ്പ് എന്നിവ കൃത്യമായി ഏകോപിപ്പിച്ചായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. പ്രളയ ഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും ഘട്ടമായി ഫ്ളഡ് മാപ്പിങ് നടത്തി അപകട സാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ നടപടിയെടുക്കും. മഴക്കാലം അവസാനിക്കുന്നതോടെ ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി റവന്യൂ, ജലസേചന വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കും. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ നദികളിലെ വെള്ളപ്പൊക്ക സാധ്യത 60 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നദികളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കയ്യേറ്റങ്ങളും മണ്ണിട്ട് നികത്തിയ ഭാഗങ്ങളും കണ്ടെത്താന്‍ എല്ലാ നദികളിലും സമഗ്ര ലാന്‍ഡ് ഓഡിറ്റിങ് നടത്തും. നദികളും അവയുടെ ഉപനദികളും പഴയ അവസ്ഥയിലേക്ക് വീണ്ടെടുക്കാതെ പ്രളയഭീഷണി പൂര്‍ണമായി ഒഴിവാക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ഈ നടപടി.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പോരുമെന്ന് തമിഴ്നാട്ടിലെ ടി.വി.കെ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി മരിയ വില്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ നിലപാടെങ്കിലും, സുപ്രീം കോടതി ഉത്തരവ് പ്രകാരം ജലനിരപ്പ് ആദ്യം 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152 അടിയായും ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കി.

ഒപ്പം തമിഴ്നാടിന്റെ ജലസുരക്ഷ ഉറപ്പാക്കുമെന്നും കര്‍ണാടകത്തിന്റെ മേക്കേദാട്ടു അണക്കെട്ട് നിര്‍മാണത്തെ ശക്തമായി എതിര്‍ക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.