മെയ് ഒന്ന്, തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലാളികള്‍ക്കായി ഒരു ദിനം അതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന ന്യായത്തിന് വേണ്ടി തൊഴിലാളികള്‍ നെയ്തെടുത്ത സമരങ്ങള്‍ക്ക് വിജയത്തിന്റെ തിലകം ചാര്‍ത്തിയ മെയ് ഒന്ന്.
ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഈ ദിവസം ഒരു അവധിക്കാലമാണ്. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി കോവിഡ് തൊഴിലാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍. പക്ഷെ, കൊറോണയുടെ ദുരിതം തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിക്കിട്ടില്ല. കാരണം തൊഴില്‍ ഇല്ലാതെ ജീവിക്കേണ്ട അവസ്ഥയിലായിരിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മലയാളിയുടെ കൂട്ടായ്മയും ഓരോ കുടുംബങ്ങളേയും ചേര്‍ത്തു നിര്‍ത്തി. എന്നാല്‍ ഈ കൊറോണ കാലത്ത് തൊഴിലിന്റെ മഹത്വം ഇത്രത്തോളം കാണിച്ചു തന്ന ചില മേഖലകളിലെ തൊഴിലാളികളെ ഓര്‍ക്കാതിരിക്കാന്‍ ആവില്ല. രാത്രിയും പകലും ഉറക്കമുളച്ചു നാടിനെ കരകയറ്റാന്‍ പ്രയത്‌നിക്കുന്നവര്‍. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, അങ്ങനെ ഒരുപാട് പേര്‍ തങ്ങളുടെ ജീവന്‍ അര്‍പ്പിച്ചും കടമ നിര്‍വഹിക്കുന്നുണ്ട്.
1923 മേയ് ഒന്നിന് ആണ് ഇന്ത്യയില്‍ ആദ്യമായി സംഘടിത രൂപത്തില്‍ മേയ് ദിനം ആചരിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെ ബീച്ചില്‍ നിന്ന് ലേബര്‍ കിസാന്‍ പാര്‍ട്ടിയുടെ നേതാവ് സിംഗരവെലു ചെട്ടിയാരുടെ നേതൃത്വത്തില്‍ ആയിരുന്നു ആദ്യത്തെ സംഭവം. മേയ് ദിനത്തില്‍ അവധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അന്ന് അവതരിപ്പിച്ചു. അതിന് ശേഷമാണ് മെയ് ഒന്ന് ഇന്ത്യയില്‍ അവധി ദിനമായി പ്രഖ്യാപിച്ചത്.
സ്ഥിരം തൊഴിലും ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയും ദിവസക്കൂലിക്കും കരാറിനുമായി തൊഴില്‍ നല്‍കിയും ആധുനിക മുതലാളിമാര്‍ തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സംഘടിത സമര പോരാട്ടങ്ങളുടെ ഭൂമിക ഇപ്പോഴും തുറന്നു തന്നെയാണ്. ഖനി തൊഴിലാളികളും ചുമട്ട് തൊഴിലാളികളും മാത്രമല്ല കായികാധ്വാനമില്ലാത്ത, മാനസിക അധ്വാനം നടത്തുന്ന ഐ.ടി മേഖലകളിലും ക്ലീനിക് മേഖലകളിലും, സര്‍ക്കാര്‍ ജോലിക്കാരുമൊക്കെ തൊഴിലാളികള്‍ തന്നെയാണ്. സ്വന്തം ഉപജീവനത്തിനായി ശാരീരികമായും മാനസികമായും പണിയെടുക്കുന്നവരെല്ലാം തൊഴിലാളികളാണ്.
തൊഴിലാളി ദിനത്തിന്റെ ചരിത്രം
1886 മെയ് ഒന്നിനാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറില്‍ കൂടുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് അമേരിക്കയില്‍ തൊഴിലാളി യൂണിയനുകള്‍ ഒരുമിച്ച് തീരുമാനിച്ചു. ഇതിനായി സംഘടനകള്‍ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റില്‍ ഒരു ബോംബ് സ്‌ഫോടനം ഉണ്ടായി, ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നിരവധി തൊഴിലാളികളെ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന്, അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സില്‍, ഹെയ്മാര്‍ക്കറ്റ് നാര്‍സിസസില്‍ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാര്‍ഥം മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിച്ചു.
തൊഴിലാളി വര്‍ഗത്തിന്റെ അധ്വാനം ഓരോ സമൂഹത്തിന്റെയും സാമ്പത്തികവളര്‍ച്ചയുടെ അടിത്തറയാണ്. ഇന്നത്തെ യന്ത്രവല്‍കൃത യുഗത്തില്‍ പോലും അവയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഉദാഹരണത്തിന്, വ്യവസായം, വ്യാപാരം, കൃഷി, കെട്ടിട നിര്‍മ്മാണം, പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളികളുടെ അധ്വാനം ശ്രദ്ധേയമാണ്.
സാധാരണഗതിയില്‍ തൊഴിലാളിദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മറ്റെല്ലാ മേഖലകളിലുമെന്നപോലെ ലോക്ക്‌ഡൌണ്‍ കാലത്ത് തൊഴിലാളിദിനാചരണത്തിന് പൊലിമ കുറയും. മെയ് ദിന റാലികളായിരുന്നു തൊഴിലാളി ദിനത്തിന്റെ സവിശേഷതകളെങ്കില്‍ ഇത്തവണ അത് ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങളോടുംകൂടിയ തൊഴിലാളിദിനാചരണമായിരിക്കും ഇത്തവണത്തേത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പതാക ഉയര്‍ത്തലും മെയ് ദിന പ്രതിജ്ഞ ചൊല്ലലും ഉണ്ടാകും.
ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ജോലിയില്ലാതെ വീട്ടില്‍ തന്നെയാണ്. അധ്വാനിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന ജനത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ തൊഴിലാളി ദിനം വരുന്നതെന്ന സവിശേഷതയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.