റായ്പൂർ : രാജ്യം മഴുവൻ ഉറ്റുനോക്കിയ കന്യാസ്‌ത്രീകളെ അറസ്‌റ്റ് ചെയ്‌ത കേസിൽ പുതിയ വഴിത്തിരിവ്. അറസ്‌റ്റിലായ കന്യാസ്‌ത്രീകൾ നിരപരാധികളെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ബജ്‌റംഗ്‌ദൾ പ്രവർത്തകരും പൊലീസും ചേർന്ന് തെറ്റായ മൊഴി നൽകാൻ നിർബന്ധിച്ചു. കുടുംബത്തെ കൊല്ലുമെന്നും ജയിലിൽ ഇടുമെന്നും ഭീഷണിപ്പെടുത്തി. നുണകൾ പറഞ്ഞാണ് തന്നെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പെണ്‍കുട്ടി ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്നെ മർദിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇറങ്ങിത്തിരിച്ചത് ആരും നിർബന്ധിച്ചിട്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി പറഞ്ഞു.
കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് കേസിൽ മതപരിവർത്തനം ഉൾപ്പെടുത്തിയത്. പൊലീസ് മൊഴിയിൽ പറയാത്ത കാര്യങ്ങൾ രേഖപ്പെടുത്തി എന്നും പെൺകുട്ടി പറഞ്ഞു.
ഞാൻ ആദ്യമായിട്ടാണ് കന്യാസ്ത്രീകളെ കാണുന്നത്. ഞങ്ങളെ മർദിക്കുന്നത് കണ്ടപ്പോൾ വിഷമിക്കേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. 'ഞങ്ങളെ അടിക്കൂ, പക്ഷേ അവരെ അടിക്കരുത്' എന്ന് ഞങ്ങളെ അടിക്കുന്നയാളോട് കന്യാസ്ത്രീ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
ജൂലൈ 25 നാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്‌റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്‌റ്റർ പ്രീതി മേരിയെയും ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തത്. ആശുപത്രി, ഓഫിസ് ജോലികൾക്കായി രണ്ട് പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റംഗ്‌ദൾ പ്രവർത്തകരും ചോദ്യം ചെയ്‌തത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.