കന്നിയങ്കത്തില്‍ പരാജയപ്പെട്ട് കമല്‍ഹാസന്‍

കന്നിയങ്കത്തില്‍ പരാജയപ്പെട്ട്  കമല്‍ഹാസന്‍

കോയമ്പത്തൂർ: ഉലകനായകൻ കമലഹാസന് തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ കാലിടറി. ശക്തമായ ത്രികോണ മത്സരം നടന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ ടിക്കറ്റിൽ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തിൽ പരാജയം സമ്മതിക്കേണ്ടിവന്നു. 1500 വോട്ടിനാണ് കമൽ ബി.ജെ.പി.യുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോൽവി ഏറ്റുവാങ്ങിയത്. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റാക്കിയ ചരിത്രമാണ് കമൽഹാസന്റേത്. ആ പ്രതീക്ഷകളോടെയാണ് കമല്‍ഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങിയ പക്ഷേ, തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ അദ്ദേഹത്തിന് പിടിച്ചുനിൽക്കാനായില്ല.

അതേസമയം വനതിയുടെ കന്നി തിരഞ്ഞെടുപ്പ് ജയമാണിത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡി.എം.കെ. മുന്നണിയുടെ സ്ഥാനാർഥി. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയതു മുതൽ കമലായിരുന്നു മുന്നിൽ. എന്നാൽ, ഏതാണ്ട് പകുതി സമയമായപ്പോൾ കോൺഗ്രസിന്റെ മയൂര ജയകുമാർ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവിൽ ഫോട്ടോഫിനിഷിൽ ജയിക്കുകയും ചെയ്തു. മയൂര മൂന്നാമതായി.

2008ൽ മണ്ഡലം രൂപീകൃതമായതിനുശേഷം എ.ഐ.എ.ഡി.എം.കെ മാത്രമാണ് ഇവിടെ ജയിച്ചത്. 2018ലാണ് കമൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നത്. പാർട്ടി പിന്നീട് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോയമ്പത്തൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എ.ഐഎ.ഡി. എം.കെയുടെ ഒപ്പം മത്സരിച്ച ബി.ജെ.പിക്ക് വനതിയുടേത് അടക്കം നാലു സീറ്റിലാണ് ജയിക്കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.